വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും അതിനുള്ള കരുനീക്കങ്ങള്‍ വിവിധ രാജ്യങ്ങളില്‍ കരുനീക്കങ്ങള്‍ നടക്കുകയാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പോപ്പ് ആയത് പോലെ ഇക്കുറി ഒരു കറുത്ത വര്‍ഗ്ഗക്കാരനോ ഏഷ്യക്കാരനോ മാര്‍പ്പാപ്പയാകും എന്ന് പ്രതീക്ഷിക്കുന്നവര്‍ നിരവധിയാണ്.

അമേരിക്കന്‍-യൂറോപ്യന്‍ കര്‍ദ്ദിനാള്‍മാര്‍ ഒരുമിച്ച് നിന്നാല്‍ വിജയം അട്ടിമറിക്കുക അസാധ്യമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ കര്‍ദ്ദിനാള്‍മാര്‍ ഒരുമിച്ച് നിന്നാലും ഒരാളിനെ വിജയിപ്പിച്ചെടുക്കാനുള്ള ഭൂരിപക്ഷം അവര്‍ക്കില്ല. കൂടാതെ ലിബറല്‍ -കണ്‍സര്‍വേറ്റീവ് കര്‍ദ്ദിനാള്‍മാര്‍ തമ്മിലും വടംവലി തുടങ്ങിയതായി സൂചനയുണ്ട്. പല രാജ്യങ്ങളിലേയും കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനിലേക്ക്് തിരിക്കുന്നതിന് മുമ്പ് അവരവരുടെ രാജ്യങ്ങളില്‍ യോഗം കൂടിയതായും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് മാര്‍പ്പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്നത്.

അതിന് മുമ്പ് പരസ്യമായി ഇക്കാര്യത്തില്‍ നീക്കം നടത്തുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഇവര്‍ പലരും ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിശ്വസ്തരായിരുന്ന ലിബറലുകളും പരമ്പരാഗത രീതികളോട് ചേര്‍ന്നു നില്‍ക്കുന്ന കണ്‍സര്‍വേറ്റീവുകളും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. കോടിക്കണക്കിന് വിശ്വാസികളുള്ള ആഗോള കത്തോലിക്കാ സഭയെ ആര് നയിക്കും എന്നത് എല്ലാവരേയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കര്‍്ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ ആദ്യ യോഗം ഇന്നലെ ചേരാന്‍ എടുത്ത തീരുമാനത്തിന് എതിരെ ഹോങ്കോങ്ങിലെ മുന്‍ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ രംഗത്തെത്തി. 93 വയസ് പ്രായമുള്ള വ്യക്തിയാണ് ഇദ്ദേഹം.

സഭയിലെ ഏറെ ആദരിക്കപ്പെടുന്ന കര്‍ദ്ദിനാള്‍മാരില്‍ ഒരാള്‍ കൂടിയാണ് ജോസഫ് സെന്‍. വളരെ പ്രായമുള്ള ദൂരെ ദേശങ്ങളില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ എങ്ങനെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വത്തിക്കാനില്‍ ചേരുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മാത്രവുമല്ല ഇത് സംബന്ധിച്ച ക്ഷണക്കത്തില്‍ അവര്‍ പങ്കെടുക്കാന്‍ ബാധ്യസ്ഥരല്ല എന്ന പരാമര്‍ശം എന്തിനായിരുന്നു എന്നും ജോസഫ് സെന്‍ സംശയം പ്രകടിപ്പിക്കുന്നു. ഇന്നലെ നടന്ന ആദ്യയോഗത്തില്‍ അറുപതോളം കര്‍ദ്ദിനാള്‍മാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിന്റെ നിയമാവലി അനുസരിച്ച് നിലവിലെ 252 കര്‍ദ്ദിനാള്‍മാരില്‍ 135 പേര്‍ക്ക് മാത്രമേ വോട്ടവകാശം ഉള്ളൂ. കാരണം എണ്‍പത് വയസിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ വോട്ടവകാശം ഉള്ളൂ.

വോട്ടവകാശം ഇല്ലെങ്കിലും 80 വയസിന് മുകളിലുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് വോട്ടെടുപ്പിന് മുമ്പ് നടക്കുന്ന കൂടിയാലോചനകളില്‍ പങ്കെടുക്കാനും സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും. വോട്ടവകാശമുള്ള കര്‍്ദ്ദിനാള്‍മാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കൂടാതെ പോപ്പിനെ തെരഞ്ഞെടുക്കുന്നതിലെ രഹസ്യങ്ങള്‍ ഒരിക്കലും പുറത്തു പറയുകയില്ലെന്ന് അവര്‍ സത്യം ചെയ്യുകയും വേണം. അതേ സമയം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഒരാള്‍ വരുന്നതില്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിന് അനിഷ്ടം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് ഈ വ്യക്തി. നിലവില്‍ അദ്ദേഹം വത്തിക്കാന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവി വഹിക്കുകയാണ്.

2018 ല്‍ ജോസഫ് സെന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് വിഷം കലര്‍ന്ന മനസിന് ഉടമ എന്നായിരുന്നു. 2020 ല്‍ പരോളിന്‍ കള്ളം പറയുന്ന വ്യക്തിയാണെന്നും അദ്ദേഹവം കൂട്ടാളികളും ചേര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ചിരുന്നു. തന്റെ അവസാന വര്‍ഷങ്ങളില്‍ പിന്‍ഗാമിയെ തീരുമാനിക്കുന്നതിനായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിരുന്നു. വോട്ടവകാശമുള്ള 135 കര്‍ദ്ദിനാള്‍മാരില്‍ 80 ശതമാനം പേരേയും നിയമിച്ചത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്. പുതിയ പോപ്പ് ഏഷ്യയില്‍ നിന്ന് ആണെങ്കില്‍ ഫിലിപ്പൈന്‍സുകാരനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളിനാണ് സാധ്യത. കറുത്ത വര്‍ഗ്ഗക്കാരന്‍ ആണെങ്കില്‍ ഘാനയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണിനാണ് സാധ്യത കല്‍പ്പിക്കുന്നത്.