ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഫ്‌ലോറിഡയിലെ ഐടി ജീവനക്കാരന്‍ ബിതന്‍ അധികാരിയും. കഴിഞ്ഞ ആഴ്ചയാണ് ടിസിഎസ് ജീവനക്കാരനായ ബിതന്‍ ഫ്‌ലോറിഡയില്‍നിന്ന് കുടുംബത്തിന് ഒപ്പമെത്തിയത്. തുടര്‍ന്ന് അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരിലെത്തുകയായിരുന്നു. സന്ദര്‍ശനത്തിനു ശേഷം വ്യാഴാഴ്ച കൊല്‍ക്കത്തയിലേക്കു മടങ്ങാനിരിക്കെയായിരുന്നു ദുരന്തം. ഭാര്യ സോഹിണിയും മകനും കശ്മീരില്‍ സുരക്ഷിതരാണ്.

ഭാര്യ സോഹിനിക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ബിതന്‍. ഏപ്രില്‍ 16നായിരുന്നു കുടുംബം കശ്മീരിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏപ്രില്‍ 24 ന് തിരിച്ചുവരാനിരിക്കെയാണ് ഭീകരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

'അവര്‍ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു.ഞാനാണ് അവരോട് അവധിക്കാലം ആഘോഷിക്കാന്‍ നിര്‍ദേശിച്ചത്'. ബിതന്റെ ബന്ധുവായ ദീപക് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 'ഏപ്രില്‍ 8നാണ് ബിതാന്‍ യുഎസില്‍ നിന്ന് തിരിച്ചെത്തിയത്. ഏപ്രില്‍ 16 ന് അവര്‍ കശ്മീരിലേക്ക് പോയി. അവരോടൊപ്പം വരാന്‍ വേണ്ടി എന്നോട് ആവശ്യപ്പെട്ടിരുന്നു.പക്ഷേ എനിക്ക് പോകാന്‍ കഴിഞ്ഞില്ല.ദിവസവും ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. കുതിരസവാരിക്ക് പോകരുതെന്ന് ഞാനവരോട് പറഞ്ഞിരുന്നു.പക്ഷേ ഇന്ന് എന്താണ് സംഭവിച്ചതെന്ന് കണ്ടില്ലേ..അവന്റെ കുഞ്ഞിന്റെ മുഖത്ത് ഞാനിനി എങ്ങനെ നോക്കും'..ദീപക് കണ്ണീരോടെ ചോദിച്ചു.

ഇക്കഴിഞ്ഞ 16നാണ് ബിതനും കുടുംബവും കശ്മീരില്‍ എത്തിയത്. 24ന് മടക്കയാത്ര നിശ്ചയിച്ചിരുന്നു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പഹല്‍ഗാമില്‍ എത്തിയ കുടുംബം 'മിനി സിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന ബൈസരനിലേക്ക് എത്തുകയായിരുന്നു. ഭാര്യയ്ക്കും മകനുമൊപ്പം ബൈസരനില്‍ ചെലവഴിക്കുന്നതിനിടെയാണ് ഭീകരര്‍ ബിതന് നേര്‍ക്ക് നിറയൊഴിച്ചത്. ആക്രമണത്തില്‍നിന്ന് ഭാര്യ സോഹിണിയും മകനും രക്ഷപ്പെട്ടു.

യുഎസിലെ ഫ്‌ലോറിഡയില്‍ താമസിച്ചു ടിസിഎസില്‍ ടെസ്റ്റ് മാനേജരായ ജോലി ചെയ്ത് വരികയായിരുന്നു ബിതന്‍. കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ബിടെക് ബിരുദം നേടിയത്. മുന്‍പ് വെരിസോണ്‍, കോഗ്‌നിസന്റ് എന്നീ കമ്പനികളിലും ബിതന്‍ ജോലി ചെയ്തിട്ടുണ്ട്.

അതേസമയം ഏക മകനെ നഷ്ടമായതിന്റെ വേദനയിലാണ് ബിതന്റെ മാതാപിതാക്കള്‍. കശ്മീരിലേക്ക് തങ്ങളെയെല്ലാം കൂട്ടിക്കൊണ്ടുപോകാന്‍ അവന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ബിതന്റെ പിതാവ് കണ്ണീരോടെ പറഞ്ഞു. പക്ഷേ മരുമകളോടൊപ്പം പോകാന്‍ താന്‍ അവനോട് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞും അവനോട് സംസാരിച്ചിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ടിഎംസി മന്ത്രി അരൂപ് ബിശ്വാസ് ബിതന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിക്കുകയുംഎല്ലാ സഹായവും ഉറപ്പ് നല്‍കുകയും ചെയ്തു. വിവരം അറിഞ്ഞതിനു പിന്നാലെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സോഹിണിയുമായി സംസാരിച്ചു. ഇവരുടെ ദുഖത്തില്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല എന്നാണ് മമത എക്‌സില്‍ കുറിച്ചത്. മൃതദേഹം എത്രയും വേഗം നാട്ടിലേക്കെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് മമതാ ബാനര്‍ജി അറിയിച്ചു.