ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ കനത്തതിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സുരക്ഷാകാര്യങ്ങള്‍ക്കായുളള കേന്ദ്രമന്ത്രിസഭാ സമിതി ബുധനാഴ്ച യോഗം ചേര്‍ന്ന് വിലയിരുത്തി. പാകിസ്ഥാന് പങ്കുണ്ടെന്ന നിലപാടിലാണ് ഇന്ത്യ. എന്നാല്‍, ആക്രമണത്തില്‍ പങ്കില്ലെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇത് ഇന്ത്യ തള്ളി. ബുധന്‍ വൈകിട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.

ആറുവര്‍ഷംമുന്‍പ് പുല്‍വാമയില്‍നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പാക് അധിനിവേശ കശ്മീരിലെ ഭീകരപരിശീലനക്യാമ്പുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തുകൊണ്ടാണ് അന്ന് ഇന്ത്യ തിരിച്ചടിച്ചത്. അന്ന് ആദ്യമായാണ് ഒരു ഭീകരാക്രമണത്തിനു മറുപടിയായി, ഇന്ത്യ അതിര്‍ത്തികടന്ന ആക്രമണനടപടിയിലേക്കുകടന്നത്. മാത്രവുമല്ല, ഇതുനടന്ന് ആറുമാസത്തിനുള്ളില്‍, ആര്‍ട്ടിക്കിള്‍ 370-ലൂടെ കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും ചെയ്തു. 2019-ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഉരുത്തിരിഞ്ഞ അതേ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ഇരകളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് മാറ്റിനിര്‍ത്തി വെടിവെച്ചുകൊന്നതിലെ പ്രകോപനം വളരെ വ്യക്തമാണ്. പുല്‍വാമയാണ് മാതൃകയെങ്കില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക് പ്രതീക്ഷിക്കാം. 'ശത്രുവിനെ അവരുടെ തട്ടകത്തില്‍ത്തന്നെ പ്രതിരോധിച്ചുകൊണ്ട് ആക്രമിക്കുക. അതാണ് തുറന്ന യുദ്ധത്തെക്കാള്‍ ദേശസുരക്ഷയ്ക്ക് ഗുണംചെയ്യുക'. ഇതാണ് ഇന്ത്യന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പാക്കിസ്താന്‍ നയം.

ലഷ്‌കര്‍ ഇ തായ്ബ കമാന്‍ഡറായ പാകിസ്ഥാന്‍ പൗരന്‍ സയ്ഫുള്ള കസൂരിയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി കടന്നുള്ള നിരവധി ആക്രമണങ്ങള്‍ ആസൂത്രണംചെയ്ത ഭീകരനാണ് 'ഖാലിദ്' എന്നറിയപ്പെടുന്ന കസൂരി. ലഷ്‌കര്‍ ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് നേതാവ് ആസിഫാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കരുതുന്നു. പാക് അധീന കശ്മീര്‍ പ്രവര്‍ത്തനകേന്ദ്രമായ കസൂരിക്ക് ലഷ്‌കര്‍്സ്ഥാ പകന്‍ ഹാഫീസ് സെയ്ദുമായി അടുത്തബന്ധമുണ്ടെന്നാണ് വിവരം. പെഷവാറിലെ ലഷ്‌കര്‍ ആസ്ഥാനത്തിന്റെ നേതാവായും ജമാഅത്ത്- ഉദ് ദവയുടെ (ജെയുഡി) ഏകോപന സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ ജെയുഡിയുടെ രാഷ്ട്രീയ സംഘടനയായ മില്ലി മുസ്ലിം ലീഗിന്റെ പ്രസിഡന്റായാണ് കസൂരി പൊതുവേദികളില്‍ എത്തുന്നത്.2008ല്‍ ലഷ്‌കറിന്റെ അപരസംഘടനായി പ്രഖ്യാപിച്ച് യുഎന്‍ ജെഡിയുവിനെ നിരോധിച്ചിരുന്നു. അതിര്‍ത്തികളില്‍ നുഴഞ്ഞുകയറാനും ജമ്മു കശ്മീരിലെ അതീവ സുരക്ഷാമേഖലകളില്‍ ഭീകരര്‍ക്ക് സഹായം എത്തിക്കാനും മേല്‍നോട്ടം വഹിക്കുന്നത് കസൂരിയാണ്. ഇയാളെ വെറുതെ വിടില്ലെന്ന തീരുമാനം ഇന്ത്യ എടുത്തിട്ടുണ്ട്.

26 നിരപരാധികളുടെ ജീവനെടുത്ത ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് സുരക്ഷാസേന അന്വേഷണം അതിവേഗത്തിലാക്കുകയും ചെയ്തു. നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതില്‍ ആസിഫ് ഫുജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കാശ്മീരിലുള്ള രണ്ടുപേര്‍ ഉള്‍പ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുപേര്‍ വിദേശികളാണെന്നും സംശയിക്കുന്നു. സ്ഥലത്ത് നിന്ന് നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോര്‍ട്ട്. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.ഇന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം പഹല്‍ഗാമില്‍ നടന്നത്.

'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന മലനിരകള്‍ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ട്രക്കിംഗിനായി എത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാല്‍നടയായും കുതിരപ്പുറത്തും മാത്രം എത്താന്‍ കഴിയുന്ന ഹില്‍ സ്റ്റേഷനാണ് അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം മേഖലയിലെ ബൈസരന്‍. വിനോദസഞ്ചാരികളുടെ നേരെ വെടിയുതിര്‍ത്ത ഭീകരരില്‍ ഒരാളുടെ ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു.