ന്യൂഡല്‍ഹി: സിന്ധു നദിയുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ഇന്ത്യ കര്‍ശന നടപടികളിലേക്ക് കടക്കും. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് സിന്ധുനദീജലക്കരാര്‍ 1960-ല്‍ യാഥാര്‍ഥ്യമായത്. കരാറിന് കാലപരിധിയില്ല. സിന്ധുനദീതടത്തില്‍പ്പെട്ട കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ ജലം പൂര്‍ണമായി ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടേത് പൂര്‍ണമായും പാക്കിസ്ഥാനും ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍. നദിയിലൂടെയുള്ള ജലത്തിന്റെ 80 ശതമാനവും പാക്കിസ്ഥാനായിരുന്നു. ബാക്കി ഇന്ത്യക്കും. ഇനി ഇതില്‍ കൂടുതല്‍ വിഹിതം ഇന്ത്യ ഉപയോഗിക്കും. ഇതോടെ പാക്കിസ്ഥാന്‍ വമ്പന്‍ പ്രതിസന്ധിയിലുമാകും. ജലത്തിന്റെ ാെഴുക്കിന് പൂര്‍ണ്ണമായും തടയിടാന്‍ വേണ്ട നടപടികളിലേക്ക് ഇന്ത്യ കടക്കും. ജലം തടഞ്ഞുനിര്‍ത്തി സംഭരിക്കാന്‍ ഇന്ത്യക്ക് കുറച്ചു കാലങ്ങളെടുക്കും. പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കേണ്ടിവരും. നിലവില്‍ ചില ഡാമുകള്‍ ഈ നദിയിലുണ്ട്. ഇതെല്ലാം ഇന്ത്യ അടയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

അതുകൊണ്ട് തന്നെ സിന്ധുനദീതടത്തിലെ ആറുനദികളില്‍നിന്നുള്ള ജലം പങ്കിടുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടമ്പടി മരവിപ്പിക്കുന്നത് പാക്കിസ്താന് കനത്ത പ്രത്യാഘാതമുണ്ടാക്കും. കൃഷി, ജലസേചനം, ഊര്‍ജം എന്നീ മേഖലകളില്‍ പാകിസ്താന്‍ ആശ്രയിക്കുന്നത് പ്രധാനമായും ഈ ഉടമ്പടിപ്രകാരം വിട്ടുകിട്ടുന്ന ജലസ്രോതസ്സുകളെയാണ്. നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഈ തീരുമാനം സാമ്പത്തികമായി തകര്‍ക്കും. ഉടമ്പടിപ്രകാരം നിലവില്‍ പാകിസ്താന് വെള്ളം വിട്ടുകൊടുക്കുന്ന സിന്ധു, ഝലം, ചെനാബ് നദികളില്‍ ഇന്ത്യക്ക് റിസര്‍വോയറുകള്‍ നിര്‍മിക്കാന്‍ അനുവാദമില്ല. എന്നാല്‍, ഹൈഡ്രോ ഇലക്ട്രിക് റണ്‍ ഓഫ് ദ റിവര്‍ പദ്ധതികള്‍ നടപ്പാക്കാം. റണ്‍ ഓഫ് ദ റിവര്‍ പദ്ധതികളുടെ പ്രത്യേകത, ഇവ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നില്ല എന്നതാണ്. ഉടമ്പടി മരവിപ്പിക്കുന്നതോടെ, ഇന്ത്യക്ക് അണക്കെട്ട് നിര്‍മിച്ച് ജലം സംഭരിക്കാം. സിന്ധു, ഝലം, ചെനാബ് നദികള്‍ ഒഴുകിയെത്തുന്ന കീഴ്ഭാഗത്താണ് പാകിസ്ഥാന്‍. അതുകൊണ്ട് തന്നെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ആനുകൂല്യം അവര്‍ക്കു കിട്ടും.

ഈ സാഹച്യത്തിലാണ് സിന്ധുനദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയാല്‍ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ പറയുന്നത്. സിന്ധുനദീജലക്കരാര്‍ ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാകില്ല. അന്തര്‍ദേശീയ നിയമമനുസരിച്ച് കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം. കാര്‍ഗില്‍, സിയാച്ചിന്‍ യുദ്ധകാലത്ത് പോലും കരാര്‍ റദ്ദാക്കിയിട്ടില്ലെന്നും അവര്‍ പറയുന്നു. ഉറി ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ പുന:പരിശോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു്. ഇതു ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍ രക്തവും വെള്ളവും ഒരേ സമയം ഒഴുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് അന്നും ചെയ്തില്ല. എന്നാല്‍ പഹല്‍ഗാമിലെ ആക്രമണത്തോടെ കര്‍ശന തീരുമാനം മോദി എടുക്കുകയായിരുന്നു.

പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയെ ഇപ്പോഴു ഫലഭൂയിഷ്മായി പിടിച്ച് നിര്‍ത്തുന്നത് സിന്ധു നദിയാണ്. പഞ്ചാബിലെ അഞ്ചു നദികളും ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാനില്‍ വെച്ച് സിന്ധുവുമായി ചേര്‍ന്ന് ഒന്നിച്ച് ഒഴുകുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാന്‍ നിരന്തരം പ്രകോപിപ്പിച്ചപ്പോള്‍ പോലും ഈ കരാര്‍ റദാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. മുമ്പ് ഡാമുകള്‍ അടച്ചാല്‍ ജലം ഒഴുക്കി കൊണ്ടുപോകാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഡാം നിറഞ്ഞ് ഇന്ത്യയക്ക് തന്നെ ഭീഷണിയായി മാറുമായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം ഡാമുകളില്‍ നിന്നും ജലം ഒഴുക്കി കൊണ്ടുപോകാന്‍ പ്രത്യേക കനാലുകളും ഉണ്ടാക്കി. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലുമായി അനേകം ഡാമുകളും തടയണകളും ഈ നദികളില്‍ ഇന്ത്യ പണിതുയര്‍ത്തിയിട്ടുണ്ട്. അടുത്ത കാലത്ത്, ജലം കൊണ്ടുപോകാന്‍ അനേകം പ്രത്യേക കനാലുകളും ഉണ്ടാക്കി. ഏതെങ്കിലും കാരണവശാല്‍ ഡാമുകള്‍ക്ക് ഷട്ടര്‍ ഇടേണ്ടി വന്നാല്‍ ജലം ഒഴിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് അത്. ഇനി കരാര്‍ മരവിപ്പിച്ചതിനാല്‍ ഡാമുകള്‍ അടയ്ക്കും.

പാക്കിസ്ഥാന്‍ ഗ്രാമങ്ങളിലെ ജനസംഖ്യയുടെ 68 ശതമാനം പേരും കൃഷിയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ജലലഭ്യത തടസപ്പെടുന്നത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതുമൂലം വിളവെടുപ്പ് കുറയുകയും, ഭക്ഷ്യദൗര്‍ഭികം ഉണ്ടാകുകയും, ഗ്രാമീണ മേഖലയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയരുകയും ചെയ്യും. ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ജലലഭ്യതയില്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വരള്‍ച്ചയ്ക്കും പാക്കിസ്ഥാന്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യ കരാര്‍ എക്കാലത്തേക്കുമായി റദ്ദാക്കിയാല്‍ അത് പാക്കിസ്ഥാന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയെങ്കിലും പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തില്‍ പെട്ടെന്നൊരു നിയന്ത്രണം ഇന്ത്യയ്ക്ക് സാധ്യമല്ല. ജലമൊഴുക്ക് തടയാനുള്ള സംവിധാനങ്ങള്‍ പരിമിതമാണെന്നത് തന്നെ കാരണം. ആയുധം കൊണ്ട് ഏറ്റുമുട്ടുന്നതിന് പകരം ഇത്തരത്തിലൊരു നീക്കം പാക്കിസ്ഥാന് കടുത്ത പ്രഹരമാകും.

സിന്ധു നദീജല കരാര്‍ മരവിപ്പിക്കുമെന്ന ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധമായ നീക്കമാണെന്ന് പാക്കിസ്ഥാന്‍ പറയുന്നു. ജലം പാക്കിസ്ഥാന്റെ സുപ്രധാന ദേശീയ താല്‍പ്പര്യമാണെന്നും 24 കോടി ജനങ്ങളുടെ ജീവനാഡിയാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ലോകബാങ്ക് അടക്കമുള്ള ആഗോള സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെന്നും ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് പാകിസ്താന്‍ നടപടികള്‍ വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.

'ലോകബാങ്ക് മധ്യസ്ഥത വഹിച്ച, ഇരു രാജ്യങ്ങള്‍ക്കും ബാധകമായ അന്താരാഷ്ട്ര കരാറാണിത്. ഏകപക്ഷീയമായി റദ്ദാക്കാന്‍ കരാറില്‍ വ്യവസ്ഥയില്ല. ജലം പാകിസ്ഥാന്റെ സുപ്രധാന ദേശീയ താല്‍പ്പര്യവും 24 കോടി ജനങ്ങളുടെ ജീവനാഡിയുമാണ്. ജല ലഭ്യത എന്തു വിലകൊടുത്തും സംരക്ഷിക്കും. പാകിസ്താനവകാശപ്പെട്ട ജലത്തിന്റെ ഒഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുകയും പൂര്‍ണ്ണ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യും'. പ്രസ്താവനയില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം മോശമായ ഇന്ത്യാ- പാക് ബന്ധം അതിലേറെ വഷളായിരിക്കുന്ന സാഹചര്യമാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പോലും ഇന്ത്യ നദീജല കരാറില്‍ തീരുമാനമെടുത്തിരുന്നില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

സിന്ധുനദീജലക്കരാര്‍ പ്രകാരം സിന്ധു കമ്മിഷന്‍ നിലവിലുണ്ട്. ഡേറ്റാ കൈമാറ്റം, പുതിയ പദ്ധതികളുടെ അവലോകനം എന്നിവയാണ് കമ്മിഷന്റെ ചുമതല. ഇരുരാജ്യവുംതമ്മില്‍ തര്‍ക്കമുണ്ടായാല്‍ കമ്മിഷനെ സമീപിക്കണം. നിയമപരമായ തര്‍ക്കങ്ങളാണെങ്കില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാരകോടതിയെ സമീപിക്കണമെന്നാണ് വ്യവസ്ഥ. 2016-ലെ ഉറി ആക്രമണത്തിനുശേഷം കരാര്‍ മരവിപ്പിക്കുന്നതിലേക്ക് കടന്നിരുന്നില്ല. 2023-ല്‍ കരാര്‍ പരിഷ്‌കരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. കരാര്‍ കാലപ്പഴക്കംചെന്നതും പാകിസ്താന് അന്യായമായി പ്രയോജനപ്പെടുന്നതുമാണെന്നാണ് ഇന്ത്യയുടെ നിലപാട്.