- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കര്‍ഷകരും ഗ്രാമവാസികളും അതിര്‍ത്തി കടന്നു പോകുന്നത് പതിവായ മേഖല; സേനാംഗങ്ങള്‍ തമ്മിലും സഹകരണം; മുള്ളുവേലി കെട്ടാത്ത സ്ഥലത്തെ മരത്തണലില്‍ കര്‍ഷകര്‍ക്കൊപ്പം വിശ്രമിക്കുമ്പോള്‍ അറസ്റ്റ്; ഫ്ളാഗ് മീറ്റിംഗും ഫലം കണ്ടില്ല; 24 മണിക്കൂറായിട്ടും ബി എസ് എഫ് ജവാന് മോചനമില്ല; അതിര്‍ത്തില്‍ 'ആക്രമണ്‍' മുന്നറിയിപ്പുമായി ഇന്ത്യ; പാകിസ്ഥാന്റെ മനസ്സില്‍ എന്ത്?
ന്യൂഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നുപോയതിന് പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമം തുടരുന്നു. ജവാനെ മോചിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഫ്ളാഗ് മീറ്റിംഗിലൂടെയാണ് ശ്രമം നടത്തുന്നത്. വ്യോമാഭ്യാസത്തിലൂടെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ആക്രമണ്‍' എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്. കസ്റ്റഡിയിലാകുമ്പോള്‍ യൂണിഫോം ധരിച്ച് സര്‍വീസ് റൈഫിളും പിടിച്ച് ഡ്യൂട്ടിയില്‍ ആയിരുന്നു ബി എസ് എഫ് ജവാന്‍.
പഞ്ചാബിലെ ഫിറോസ്പൂരിനടുത്തുള്ള അതിര്‍ത്തിക്കു സമീപത്തായിരുന്നു സംഭവം. ബംഗാള്‍ സ്വദേശിയും ബി എസ് എഫ് 82-ാം ബറ്റാലിയന്‍ അംഗവുമായ പി കെ സിംഗ് എന്ന ജവാന്‍ അതിര്‍ത്തി കടന്നയുടന്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കര്‍ഷകരോടൊപ്പം വിശ്രമിക്കാനായി തണല്‍ നോക്കി നടന്നപ്പോഴാണ് ജവാന്‍ അതിര്‍ത്തി കടന്നുപോയത്. പാക്കിസ്ഥാന്റെ ഭാഗത്തെ അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടിയിട്ടില്ലാത്തതാണ് ജവാന് അബദ്ധം സംഭവിച്ചത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സ്ഥലത്ത് കര്‍ഷകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തില്‍ പി.കെ. സിങ് അതിര്‍ത്തി കടക്കുകയായിരുന്നു. ഇയാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളയെടുക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുന്നോട്ടുപോകവേയാണ് പി.കെ. സിങ് പാക്കിസ്ഥാന്‍ ഭാഗത്തേക്ക് കടന്നത്. അടുത്ത കാലത്ത് ഇവിടേക്ക് സ്ഥലം മാറി വന്നതാണ് സിങ്. ഈ മേഖലയെ കുറിച്ച് അത്ര വ്യക്തമായ ധാരണ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല.
ഈ ഭാഗത്ത് കര്‍ഷകരും ഗ്രാമവാസികളും അതിര്‍ത്തി കടന്ന് പോകുന്നത് പതിവാണ്. സേനാംഗങ്ങള്‍ തമ്മിലും സഹകരണമുണ്ടായിരുന്നു. പഹല്‍ഗാം ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നയതന്ത്ര നടപടികള്‍ കടുപ്പിച്ചതാണ് പാക് പ്രകോപനത്തിന് കാരണമായതെന്ന് സൂചനയുണ്ട്. 2019 ഫെബ്രുവരിയില്‍ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നു വീണ മിഗ് വിമാനത്തിന്റെ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്ത് ബന്ദിയാക്കിയെങ്കിലും ഇന്ത്യയുടെ ശക്തമായ സമ്മദ്ദഫലമായി വിട്ടയച്ചിരുന്നു. എന്നാല്‍ പികെ സിങിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ഒളിച്ചു കളി തുടരുകയാണ്. ഇതിന് കാരണമെന്തെന്ന് ആര്‍ക്കും അറിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ അറസ്റ്റിലാകുന്ന സൈനികരെ വിട്ടയയ്ക്കുകയാണ് പതിവ്. അത് അതിര്‍ത്തി നയതന്ത്രത്തിന്റെ ഭാഗമാണ്.
ജവാനെ മോചിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യയും ഇനി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസ നല്‍കില്ലെന്ന് ഇന്നു പാക്കിസ്ഥാനും പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത് യുദ്ധസമാനമാണെന്ന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.