ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വത്തിക്കാനില്‍ നടക്കുമ്പോള്‍ പലരും ഉറ്റുനോക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിലേക്കാണ്. ഫ്രാന്‍സിസ് മാര്‍്പ്പാപ്പയുമായി നിരവധി കാര്യങ്ങളില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്ന ട്രംപ് അതെല്ലാം മാറ്റിവെച്ചാണ് ഭാര്യയോടൊപ്പം ചടങ്ങില്‍ പങ്കെടുക്കാനായി വത്തിക്കാനില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് ചടങ്ങില്‍ ട്രംപിനായി അനുവദിച്ചിരിക്കുന്ന സീറ്റിനെ ചൊല്ലിയാകും എന്നാണ് പലരും കരുതുന്നത്.

സംസ്‌ക്കാര സമയത്ത് ട്രംപിന് സീറ്റ് അനുവദിച്ചിരിക്കുന്നത് മൂന്നാം നിരയിലാണ്. ആദ്യ രണ്ട് നിരകള്‍ രാജകുടുംബാംഗങ്ങള്‍ക്കും കര്‍ദ്ദിനാള്‍മാര്‍ക്കും വേണ്ടിയുള്ളതാണ്. പോപ്പിന്റെ സംസ്‌ക്കാര ചടങ്ങില്‍ പിറകില്‍ ഇരുത്തിയാല്‍ ട്രംപ് പൊട്ടിത്തെറിക്കുമോ എന്നാണ് സ്വാഭാവികമായും പലരും സംശയിക്കുന്നത്. ലോകത്ത് എവിടെയും താന്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഒന്നാം നിരയില്‍ മാത്രം ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ട്രംപ് ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് പലരും ആശങ്കപ്പെടുകയാണ്. എന്നാല്‍ അതിഥികളുടെ ഇരിപ്പിടങ്ങളുടെ ചാര്‍്ട്ട് വത്തിക്കാന്‍ ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അമ്പത് രാഷ്ട്രത്തലവന്‍മാരും പത്തോളം രാജാക്കന്‍മാരുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. കത്തോലിക്കാ സമുദായത്തില്‍ പെട്ട രാജകുടുംബങ്ങള്‍ക്കായിരിക്കും ഇവിടെ മുന്‍ഗണന ലഭിക്കുക. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ശവപ്പെട്ടിയുടെ ഒരു വശത്തും കര്‍ദ്ദിനാള്‍മാര്‍, ബിഷപ്പുമാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍ എന്നിവര്‍ക്ക് എതിര്‍വശത്തുള്ള വലിയ ബ്ലോക്കിലുമാണ് ഇരിക്കുക. കത്തോലിക്ക രാജകുടുംബാംഗങ്ങള്‍ മുന്‍ നിരയില്‍ ഇരിക്കുമ്പോള്‍ ബ്രിട്ടനിലെ വില്യം രാജകുമാരന്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കരല്ലാത്ത രാജകുടുംബാംഗങ്ങള്‍ അവരുടെ പിന്‍നിരയില്‍ ആയിരിക്കും ഇരിക്കുന്നത്.

ലോക നേതാക്കളും രാഷ്ട്രത്തലവന്മാരും മറ്റ് വിദേശ പ്രമുഖരും അവരുടെ പിന്നിലായിട്ടായിരിക്കും ഇരിക്കുന്നത്. മൂന്ന് വര്‍ഷം വര്‍ഷം മുമ്പ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌ക്കാര ചടങ്ങില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ പിന്‍നിരയില്‍ ഇരുന്നതിനെ ട്രംപ് അന്ന് കളിയാക്കിയിരുന്നു. ബൈഡനെ പതിനാലാമത് നിരയില്‍ ഇരുത്തിയത് സൂചിപ്പിക്കുന്നത് ആര്‍ക്കും അമേരിക്കയോട് തീരെ ബഹമുമാനമില്ലെന്നാണ് ട്രംപ് അന്ന് വിമര്‍ശിച്ചത്. താന്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് എങ്കില്‍ ഏറ്റവും മുന്നില്‍ തന്നെ പോയിരിക്കുമായിരുന്നു എന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

മാത്രമല്ല എലിസബത്ത് രാജ്ഞിയുടെ സംസ്‌ക്കാര ചടങ്ങില്‍ ട്രംപിനെ ക്ഷണിച്ചിരുന്നതുമില്ല. ഭാര്യ മെലനിയ ട്രംപും ഒത്താണ് ഡൊണാള്‍ഡ് ട്രംപ് വത്തിക്കാനില്‍ എത്തിയിരിക്കുന്നത്. ചടങ്ങില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാകുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവാണ്. അദ്ദേഹത്തിന് പകരം വത്തിക്കാനിലെ ഇസ്രയേല്‍ അംബാസഡറാണ് സംസ്്ക്കാരത്തില്‍ പങ്കെടുക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഏതാനും ദിവസത്തിനകം ആംരഭിക്കുമെന്നാണ് വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.