ക്കാലത്തും ഏറ്റവും ഡിമാന്‍ഡുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് റേഞ്ച് റോവര്‍. ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക്ക് എസ്.യു.വിയുമായി കമ്പനി രംഗത്ത് എത്തുകയാണ്. ഇത്രയും അടിപൊളിയായ ഒരു എസ്.യു.വി ഭൂമി കണ്ടിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.മഞ്ഞിലും തണുത്തുറഞ്ഞ തടാകങ്ങളിലൂടെയും വാഹനം പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഈ വാഹനം വിപണിയില്‍ എത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ശേഷിയുള്ള ആഡംബര എസ്യുവിയായി ഇത് ഉയര്‍ന്നുവരുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

നാല്‍പ്പത്തി അയ്യായിരം മൈല്‍ ദൂരമാണ് പരീക്ഷണത്തിനായി വാഹനം സഞ്ചരിച്ചത്. ഈ വര്‍ഷം അവസാനത്തോടെ റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ഉത്പാദനം ആരംഭിക്കുമെന്നും 2026 ന്റെ തുടക്കത്തില്‍ ആദ്യ ഡെലിവറികള്‍ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ടാറ്റാ കമ്പനിയാണ് റേഞ്ച് റോവറിന്റെ ഉടമകള്‍. 117 കിലോവാട്ടിന്റെ ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ശൈത്യ കാലാവസ്ഥയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനായി റേഞ്ച് റോവര്‍ തെരഞ്ഞെടുത്തത് സ്വീഡനിലെ അര്‍ജേപ്ലോഗിലെ മഞ്ഞു മൂടിയ കാലാവസ്ഥയാണ്. വാഹനത്തിന്റെ പല സാങ്കേതിക വിദ്യകളും പരീക്ഷണവിധേയമാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇത്. വാഹനം ചൂടാകുമ്പോള്‍ ഊര്‍ജ്ജ ഉപഭോഗം 40 ശതമാനം വരെ കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത ഓണ്‍ബോര്‍ഡ് തെര്‍മല്‍ മാനേജ്മെന്റ് സംവിധാനം ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ്.

ഇതിനായിട്ടാണ് ഏറ്റവും തണുപ്പ് നിറഞ്ഞ മേഖല പരീക്ഷണഓട്ടത്തിനായി തെരഞ്ഞെടുത്തത്. കൂടാതെ യു.എ.ഇയിലെ 50 ഡിഗ്ര സെല്‍ഷ്യസ് വരെ ചൂടുളള മേഖലകളിലും ഈ വാഹനം പരീക്ഷിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ നിറം കറുപ്പാണ്. രൂപകല്‍പ്പനയില്‍ നിലവില്‍ വിപണിയിലുള്ള റേഞ്ച് ഓവറുകളുമായി ഇതിന് വലിയ വ്യത്യാസങ്ങളില്ല. നേരത്തേ പുതിയ വാഹനത്തെ കുറിച്ചുളള വിശദാംശങ്ങള്‍ കമ്പനി അധികം പുറത്തുവിട്ടിരുന്നില്ല. തുടക്കത്തില്‍ പുറത്തുള്ള ഒരു കമ്പനിയായിരിക്കും വാഹനത്തിനുള്ള ബാറ്ററികള്‍ വിതരണം ചെയ്യുക. എന്നാല്‍ ടാറ്റയുടെ ധനസഹായത്തോടെ 2026 ല്‍ തുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഫാക്ടറി പൂര്‍ത്തീകരിച്ചതിനുശേഷം, കമ്പനിക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ കഴിയും.

റേഞ്ച് റോവര്‍ ഇലക്ട്രിക് ബ്രിട്ടനിലെ സോളിഹള്‍ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. നിലവിലുള്ള മൈല്‍ഡ്-ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് റേഞ്ച് റോവര്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നതും ഇവിടെയാണ്. പുതിയ വാഹനം വാങ്ങാന്‍ പതിനാറായിരത്തിലധികം പേര്‍, താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാറിന്റെ വില കൃത്യമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ലക്ഷത്തി മുപ്പതിനായിരം പൗണ്ട് ആകും എന്നാണ് കരുതപ്പെടുന്നത്.