ന്യൂഡല്‍ഹി: ദേശതാല്‍പ്പര്യ വിരുദ്ധമായതൊന്നും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് നല്‍കരുതെന്ന് മാധ്യമങ്ങള്‍ നിര്‍ദ്ദേശം. സൈനിക നീക്കങ്ങളുടെ തല്‍സമയ സംപ്രേക്ഷണം അടക്കം നിരോധിച്ചു. സേനാ നീക്കങ്ങളെ കുറിച്ച് സോഴ്‌സുകളെ ഉദ്ദരിച്ച് വാര്‍ത്ത നല്‍കാനും പാടില്ല. അതിനിര്‍ണ്ണായകമായ വിവരങ്ങളെ കുറിച്ചുള്ള പ്രാഥമിക വെളിപ്പെടുത്തല്‍ പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഉത്തരവാദിത്തമുള്ള വാര്‍ത്ത നല്‍കല്‍ ശൈലി സ്വീകരിക്കണമെന്നാണ് ആവശ്യം. ഏഴ് നിര്‍ദ്ദേശങ്ങളാണ് മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എല്ലാം പ്രതിരോധ വകുപ്പിന്റെ അറിവോടെയാണെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഏത് നിമിഷവും ഇന്ത്യ കടുത്ത നപടികളിലേക്ക് കടക്കാം. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളോട് കരുതല്‍ എടുക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്.

ഉത്തരവാദിത്തമുള്ള റിപ്പോര്‍ട്ടിംഗിന്റെ ആവശ്യകത മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. കാര്‍ഗില്‍ യുദ്ധവും മുംബൈ ഭീകരാക്രമണവും കാണ്ഡഹാര്‍ വിമാന റാഞ്ചലും എല്ലാം പലതരത്തില്‍ പ്രതിസന്ധിയിലായത് ഉത്തരവാദിത്തമില്ലാത്ത മാധ്യമ പ്രവര്‍ത്തനം മൂലമാണെന്ന സൂചന കേന്ദ്ര വകുപ്പിന്റെ കുറുപ്പിലുണ്ട്. ഈ സാഹചര്യത്തില്‍ ദേശസുരക്ഷ ഉയര്‍ത്തി പിടിക്കുന്ന തരത്തില്‍ എല്ലാ മാധ്യമങ്ങളും പ്രവര്‍ത്തിക്കണം. ധാര്‍മിക ഉത്തരവാദിത്തം പോലെ അത് ഏറ്റെടുക്കണം. സാനിക നീക്കങ്ങളും മറ്റും പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പിക്കുന്ന വണ്ണമാകണം എല്ലാ മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടത്. ഭീകരവിരുദ്ധ നീക്കങ്ങളൊന്നും തല്‍സമയം കാണിക്കരുത്. സര്‍ക്കാര്‍ പ്രതിനിധികളുടെ വിശദീകരണം കൊടുക്കുന്ന തരത്തിലേക്ക് സേനാ നീക്കങ്ങളുടെ വാര്‍ത്താ നല്‍കല്‍ മാറണമെന്നാണ് ആവശ്യം. ഭീകരവിരുദ്ധ ഓപ്പറേഷന്‍ അവസാനിക്കും വരെയാണ് ഈ നിബന്ധനയ്ക്ക് പ്രാബല്യമുള്ളത്. അതായത് ഓപ്പറേഷന്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നാണ് ആവശ്യം. ഉത്തരവാദിത്ത ബോധം എല്ലാവരും കാട്ടണമെന്നാണ് ആവശ്യം.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാസേനയുടെയും നീക്കങ്ങളില്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍നിന്നു മാധ്യമങ്ങള്‍ പിന്മാറണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ടാകും. വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടികള്‍ എടുക്കും. മാധ്യമങ്ങള്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പറഞ്ഞു. ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സൂചനയുണ്ട്. കേരളത്തില്‍ നിന്നും മീഡിയാ വണ്ണിനെതിരെ കേന്ദ്ര സര്‍ക്കാരിന് പരാതി കിട്ടിയിട്ടുണ്ട്. ഇതും പരിശോധിച്ച് ഉചിത തീരുമാനം എടുക്കും. മാധ്യമങ്ങള്‍ക്ക് വേണ്ടി ഇനിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തേക്ക് വരാന്‍ സാധ്യതയുണ്ട്. എക്‌സ്‌ക്ലൂസീവുകളിലൂടെ രാജ്യ രക്ഷ തകര്‍ക്കാന്‍ ആരും ശ്രമിക്കില്ലെന്ന് ഉറപ്പാക്കാനാണ് ഈ മുന്‍ കുരതല്‍ എല്ലാം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്ത്യ മുമ്പോട്ട് പോവുകയാണ്. രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടും ഭീകരാക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണവും വിരല്‍ചൂണ്ടുന്നത് പാക്കിസ്ഥാന്റെ പങ്കിലേക്കാണ്. അന്താരാഷ്ട്രാ സമൂഹത്തെ ഇന്ത്യ ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ധരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെയുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്. സിന്ധൂനദീജല കരാര്‍ മരവിപ്പിച്ചത് അറിയിച്ചുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യ നയതന്ത്ര കുറിപ്പ് നല്‍കി. ലോകബാങ്ക് ഇടപെട്ടുള്ള തര്‍ക്കപരിഹാര ചര്‍ച്ചകളില്‍നിന്നും ഇന്ത്യ പിന്മാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി.





സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ പാക്കിസ്ഥാന്റെ പരാതിയില്‍ ലോകബാങ്ക് ഇടപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍നിന്നാണ് ഇന്ത്യ പിന്മാറാന്‍ ഒരുങ്ങുന്നത്. അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയില്‍ പലയിടത്തും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായി. ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പല തവണ പ്രകോപനമുണ്ടായിരുന്നു. ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയ സുരക്ഷാസേന പഹല്‍ഗാം അക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒരു ഭീകരന്റെ വീടുകൂടി തകര്‍ത്തിട്ടുണ്ട്. ഭീകരന്‍ ഫാറൂഖ് അഹ്‌മദ് തട്വയുടെ പാക് അധീന കാശ്മീരില കുപ്വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് തകര്‍ത്തത്. ഇതോടെ സുരക്ഷാസേന തകര്‍ത്ത ഭീകരരുടെ വീടുകളുടെ എണ്ണം എട്ടായി. പഹല്‍ഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ വ്യാഴാഴ്ചയും അഞ്ച് പേരുടെ വീടുകള്‍ വെള്ളിയാഴ്ചയും തകര്‍ത്തിരുന്നു.

ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഭീകരരുടെ ഷോപ്പിയാന്‍, കുല്‍ഗാം, പുല്‍വാമ ജില്ലകളിലുള്ള വീടുകളാണ് സുരക്ഷാ സേന വെള്ളിയാഴ്ച തകര്‍ത്തത്. ഷോപ്പിയാനിലെ ചോതിപോര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് അഹമ്മദ് കുട്ടേയുടെ വീട് തകര്‍ത്തതില്‍ ഉള്‍പ്പെടുന്നു. നാല് വര്‍ഷമായി ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.ഭീകരന്‍ സാഹിദ് അഹമ്മദിന്റെ കുല്‍ഗാമിലെ മതലം പ്രദേശത്തെയും അഹ്‌സാന്‍ ഉല്‍ ഹഖ് എന്നയാളുടെ പുല്‍വാമ മുറാനിലെയും വീടുകള്‍ തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.