ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടികള്‍ക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റഷ്യന്‍ സന്ദര്‍ശം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയ് ഒമ്പതിന് നടക്കുന്ന വിക്ടറി ദിന പരിപാടിയിലേക്കായിരുന്നു പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികളുടെ പേരിലാണ് റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കിയത്.


മേയ് ഒമ്പതിന് മോസ്‌കോയില്‍ നടക്കുന്ന 'വിക്ടറി പരേഡി'ല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. റഷ്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയാഘോഷ ദിനത്തിലെ വിക്ടറി പരേഡിലേക്കാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. വിക്ടറി പരേഡില്‍ മോദി പങ്കെടുത്തേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടറി പരേഡില്‍ പങ്കെടുക്കില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യയുടെ പ്രതിനിധി സംഘമായിരിക്കും വിക്ടറി പരേഡില്‍ പങ്കെടുക്കുക എന്നും റഷ്യ അറിയിച്ചു.

അതിനിടെ, പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്നുകളടക്കം കയറ്റുമതി ചെയ്യുന്ന വ്യാപാര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് സൂചന. പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും.

പഹല്‍ഗാം ഭീകരാക്രമണ ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനും സുരക്ഷകാര്യങ്ങള്‍ അവലോകനം ചെയ്യാനുമുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിര്‍ണായകയോഗം ബുധനാഴ്ച നടന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷമുള്ള രണ്ടാമത്തെ ഉന്നത തല യോഗമാണ് ബുധനാഴ്ച നടന്നത്.

പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതോടെ പാകിസ്ഥാന്‍ ഭരണകൂടം ആശങ്കയുടെ മുള്‍മുനയിലാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണസ്വാതന്ത്യം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പാക്ക് ഭരണകൂടം ഭീതിയിലായത്.

1999ലെ കാര്‍ഗില്‍ യുദ്ധത്തിന് മുമ്പ് കാബിനറ്റ് അനുമതി നല്‍കിയിരുന്നു. അന്ന് നിയന്ത്രണ രേഖ മറികടക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇത്തവണ സൈനിക നടപടിയുണ്ടായാല്‍ അത് എങ്ങനെയാകുമെന്ന് കണ്ടറിയണം.ഒരു പക്ഷേ, സൈനിക നടപടി സ്വീകരിച്ചാല്‍ ഇന്ത്യയ്ക്ക് സേനയ്ക്ക് മുമ്പില്‍ പാകിസ്ഥാന് എത്ര ദിവസം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയിലാണ് യോഗം ചേര്‍ന്നത്. സുരക്ഷ, സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കര-വ്യോമ- നാവിക സേനകളുടെ മേധാവിമാര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു.

സുരക്ഷാ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സുരക്ഷാകാര്യ മന്ത്രിസഭാ സമിതി ഉള്‍പ്പെടെ നാല് ഉന്നതതല യോഗങ്ങള്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ കച്ചമുറുക്കി ഇറങ്ങുകയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ കര, നാവിക, വ്യോമസേനകള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. അതിര്‍ത്തികളില്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗമാണ് നടന്നത്. കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ കാബിനറ്റ് അഥവാ രാഷ്ട്രീയകാര്യ മന്ത്രിസഭാ സിമിതി യോഗവും നടന്നു.

എന്‍എസ്എബി പുനഃസംഘടിപ്പിച്ചു

അതിനിടെ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സായുധ സേന, ഇന്റലിജന്‍സ്, നയതന്ത്രം, പോലീസ് സര്‍വീസുകള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്.

എന്‍എസ്എബിയുടെ പുതിയ ചെയര്‍മാനായി മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ സൈനിക, പോലീസ്, വിദേശ സേവനങ്ങളില്‍ നിന്നുള്ള വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഏഴ് അംഗ ബോര്‍ഡാണ് രൂപീകരിച്ചത്. മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പിഎം സിന്‍ഹ, മുന്‍ ദക്ഷിണ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എകെ സിംഗ്, സായുധ സേനയില്‍ നിന്നുള്ള റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന എന്നിവരും സമിതി അംഗങ്ങളാണ്.

മുന്‍ ഐപിഎസ് ഓഫീസര്‍മാരായ രാജീവ് രഞ്ജന്‍ വര്‍മ്മ, മന്‍മോഹന്‍ സിംഗ്, മുന്‍ ഐഎഫ്എസ് ഉദ്യോഗ്ഥന്‍ ബി വെങ്കടേഷ് വര്‍മ്മയുമാണ് മറ്റ് അംഗങ്ങള്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്), 'സൂപ്പര്‍ കാബിനറ്റ്' എന്നറിയപ്പെടുന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) യോഗങ്ങള്‍ക്ക് പിന്നാലെയാണ് സമിതിയുടെ പുനഃസംഘടന. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ അധ്യക്ഷത വഹിച്ച പ്രത്യേക ഉന്നതതല യോഗം നേരത്തെ നടന്നിരുന്നു. അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികളും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ആക്രമണം പുനരാവിഷ്‌കരിച്ചു

പഹല്‍ഗാമിലെ ഭീകരാക്രമണം എന്‍ഐഎ പുനരാവിഷ്‌കരിച്ചു. പൈന്‍ മരക്കാടുകള്‍ക്കുള്ളില്‍ നിന്ന് ഭീകരര്‍ എത്തിയതും വെടിയുതിര്‍ത്തതും രക്ഷപ്പെട്ടതുമാണ് പുനരാവിഷ്‌കരിച്ചത്. കേസ് ഏറ്റെടുത്ത പശ്ചാത്തലത്തില്‍ ആയിരുന്നു എന്‍ഐഎ നടപടി. പഹല്‍ഗാം ഭീകരാക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മില്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്. ഇന്നലെ രാത്രി ഭക്ഷണവുമായി വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും കാണാന്‍ അനുവദിച്ചില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കാമെന്നാണ് പൊലീസിന്റെ മറുപടി.

പെഹല്‍ഗാമില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ഭീകരരെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും നിര്‍ദേശമുണ്ട്. അതേ സമയം, അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആറാം ദിവസവും പാക് പ്രകോപനമുണ്ടായി. നിയന്ത്രണ രേഖയോട് ചേര്‍ന്ന മൂന്ന് മേഖലകളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യ ഫലപ്രദമായി നേരിട്ടു. പുറത്തുനിന്ന് എത്തുന്നവരെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാശ്മീരില്‍ ഉടനീളം കനത്ത ജാഗ്രത തുടരുകയാണ്.