- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റാപ്പര്വേടന് ജയിലിലേക്കില്ല, പുറത്തേക്ക്; പുലിപ്പല്ല് കേസില്‍ ജാമ്യം അനുവദിച്ച് കോടതി; രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിച്ചേക്കുമെന്നുമുള്ള വനംവകുപ്പ് വാദങ്ങള്‍ തള്ളി കോടതി; മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്
റാപ്പര്വേടന് പുറത്തേക്ക്; പുലിപ്പല്ല് കേസില്‍ ജാമ്യം അനുവദിച്ച് കോടതി
കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) പെരുമ്പാവൂര്‍ കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല. തനിക്ക് സമ്മാനമായി കിട്ടിയതായിരുന്നു അത്, പുലിപ്പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കില്‍ വാങ്ങില്ലായിരുന്നു, നാളെ ആര്‍ക്കും ഈ അവസ്ഥ നേരിട്ടേക്കാം, പുലിപ്പല്ല് എന്ന് പറയുന്നതല്ലാതെ ഒരു ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടില്ല, ഏത് അന്വേഷണവുമായും സഹകരിക്കാം, ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ജാമ്യാപേക്ഷയെ എതിര്‍ത്താണ് കോടതിയില്‍ വനം വകുപ്പ് നിലപാടെടുത്തത്. പ്രതി വേടന്‍ രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞ വനം വകുപ്പ് ജാമ്യം നല്‍കരുതെന്നും നിലപാടെടുത്തു. സമ്മാനം തന്ന ആളെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളെ ഇനി കണ്ടാല്‍ തിരിച്ചറിയുമോ എന്നു പോലും തനിക്കറിയില്ലെന്നും വേടന്‍ കോടതിയില്‍ പറഞ്ഞു. ആളെ കണ്ടെത്താന്‍ എവിടെ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം പോകാനും താന്‍ തയാറാണെന്നും ജാമ്യം ആവശ്യപ്പെട്ട് അദ്ദേഹം വ്യക്തമാക്കി.
വേടനുമായി തെളിവെടുപ്പ് ഇന്ന് രാവിലെ വനം വകുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ കോടനാട് നിന്ന് വേടനെ തൃശ്ശൂരില്‍ പുലിപ്പല്ല് രൂപമാറ്റം വരുത്തിയ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരിലുള്ള വേടന്റെ വീട്ടിലും വനം വകുപ്പ് സംഘം എത്തി. വേടന് പുലിപ്പല്ല് കൈമാറിയ ശ്രീലങ്കന്‍ വംശജനായ പ്രവാസി രഞ്ജിത്ത് കുമ്പിടിയെ ബന്ധപ്പെടാന്‍ ഇനിയും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. പുലിപ്പല്ല് മാലയുടെ ഉറവിടത്തില്‍ വ്യക്തത തേടി വേടന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എട്ടുമാസം മുമ്പാണ് സുഹൃത്ത് പുലിപ്പല്ല് വെള്ളി കെട്ടിക്കാന്‍ തനിക്ക് കൈമാറിയതെന്നും ഇത് പുലിപ്പലാണെന്ന് അറിയില്ലെന്നുമായിരുന്നു ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞത്.
കഞ്ചാവ് കേസില്‍ പിടിയിലായതിന് പിന്നാലെയാണ് കഴുത്തിലണിഞ്ഞ പുലിപ്പല്ല് മാലയുടെ പേരില്‍ വനംവകുപ്പ് വേടനെതിരെ കേസെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നായിരുന്നു വേടന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം രാവിലെയാണ് വേടന്റെ ഫ്ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയിരുന്നു