- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് പുനസംഘടനയിലൂടെ ലക്ഷ്യമിടുന്നത് മികച്ച യുദ്ധ ഏകോപനം; എല്ലാം നിയന്ത്രിക്കുക ഡോവല്‍ തന്നെ; പഹല്‍ഗാമിലെ ഭീകരരെ ജീവനോടെ പിടികൂടുണമെന്ന നിര്‍ദ്ദേശത്തിലുള്ളത് പാക്കിസ്ഥാനെതിരായ തെളിവ് ശേഖരണം; അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ താക്കീത് നല്‍കുന്നത് പ്രത്യാക്രമണത്തിന് വേണ്ടിയുള്ള ആദ്യ നടപടി; ഇന്ത്യ രണ്ടും കല്‍പ്പിച്ച്
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെ ബുധനാഴ്ച സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി വീണ്ടും യോഗം ചേര്‍ന്നത് നല്‍കുന്നത് അതിവേഗ നീക്കങ്ങളുണ്ടാകുമെന്ന സൂചന. സാമ്പത്തികകാര്യങ്ങള്‍ക്കും രാഷ്ട്രീയകാര്യങ്ങള്‍ക്കുമുള്ള മന്ത്രിസഭാ സമിതിയും യോഗം ചേര്‍ന്നിരുന്നു. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരെ ജീവനോടെ പിടികൂടാന്‍ സൈന്യത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടക്കൊലയ്ക്കു പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കുന്നതിനും പാക് പങ്ക് തെളിയിക്കുന്നതിനുമാണിത്. പ്രാദേശികതലത്തില്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കിയവരെ ഇല്ലാതാക്കാനുള്ള നിര്‍ദേശവുമുണ്ട്. എത്ര ഭീകരരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ആശയക്കുഴപ്പത്തിലാണ്. ഇതില്‍ ഉടന്‍ വ്യക്തത വരുത്തും. അതിനാകും മുന്‍ഗണന.
എന്‍ഐഎ സംഘം ബുധനാഴ്ച ബൈസരനിലെത്തി. ഫോറന്‍സിക് വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ആക്രമണരംഗങ്ങള്‍ പുനഃസൃഷ്ടിച്ചു. കശ്മീരില്‍ മറ്റൊരു ആക്രമണത്തിനുകൂടി 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണസാധ്യതയുള്ള മേഖലകളില്‍ സുരക്ഷ ശക്തിപ്പെടുത്തി. അതീവ ജാഗ്രത രാജ്യത്തുടനീളം ഉണ്ട്. അതേസമയം, എപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ ആക്രമണമുണ്ടാകാമെന്ന ആശങ്കയില്‍ പാക്കിസ്ഥാനും ഒരുക്കങ്ങള്‍ നടത്തുകയാണ്. ഇസ്ലാമാബാദ് റാവല്‍പിണ്ടി നഗരങ്ങളിലും പാക് അധീന കശ്മീരിലും എഫ്-16 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. ജില്‍ജിത്തിലേക്കും സ്‌കര്‍ദുവിലേക്കുമുള്ള വിമാനം പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് റദ്ദാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ വ്യോമമേഖല അടച്ച് കടുത്ത നടപടിയുമായി ഇന്ത്യ വ്യക്തമായ സന്ദേശം നല്‍കിയ സാഹചര്യത്തിലാണ് ഇതെല്ലാം. പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാക്കിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാനാകില്ല.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെ പാക്കിസ്ഥാന്‍ അടിയന്തരമായി വ്യോമ മേഖല അടച്ചിരുന്നു. ഇതിന് പകരമാണ് ഇന്ത്യയുടെ നടപടി. പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തി ഇനി ലഭ്യമല്ലെന്ന NOTAM ( വിമാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യമായ വിവരങ്ങള്‍ അടങ്ങിയ അറിയിപ്പാണ് NOTAM ) ഇന്ത്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെയാണ് ഇപ്പോള്‍ അടച്ചിടുക. പിന്നീടുള്ള നടപടി അടുത്ത ഘട്ടത്തില്‍ സ്വീകരിക്കും. പഹല്‍ഗാം ഭീകരാക്രമണ വീഴ്ചയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് അഴിച്ചുപണിതിട്ടുണ്ട്. ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് സര്‍വകക്ഷിയോഗത്തിലും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്റലിജന്‍സ് വീഴ്ചയില്‍ രാജ്യത്ത് വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് അഴിച്ചുപണി. എന്നാല്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ മാറ്റിയിട്ടില്ല. ഇത് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ഡോവലുമായി കൂടുതല്‍ അടുത്ത ബന്ധമുള്ളവരാണ് ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡില്‍ ഉള്ളത്. മെച്ചപ്പെട്ട ഏകോപനം ഉറപ്പ് വരുത്താനാണ് ഇതെല്ലാം.
മുന്‍ റോ മേധാവി ആലോക് ജോഷിയെ ചെയര്‍മാനായി നിയമിച്ചു. മുന്‍ എയര്‍മാര്‍ഷല്‍ പി എം സിന്‍ഹ, മുന്‍ ലഫ്റ്റനന്റ് ജനറല്‍ എ കെ സിന്‍ഹ, റിയല്‍ അഡ്മിറലായിരുന്ന മോണ്ടി ഖന്ന എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. മുന്‍ ഐപിഎസുകാരായ രാജീവ് രഞ്ജന്‍ വര്‍മയും മന്‍മോഹന്‍ സിങ്ങും മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ബി വെങ്കടേഷ് വര്‍മയും ബോര്‍ഡിലുണ്ട്. ഏതായാലും അതിര്‍ത്തിയില്‍ ഇന്ത്യ കര്‍ശന നിലപാടിലേക്ക് പോവുകയാണ്. നിയന്ത്രണരേഖയിലും ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തിയിലും പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ നടത്തുന്ന വെടിവയ്പ്പിനെതിരെ ഇന്ത്യയുടെ താക്കീത് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യ ഏതറ്റം വരേയും പോകുമെന്നതിന്റെ സൂചനയാണ് ഇത്. ഇതിന് മുന്നോടിയായാണ് താക്കീത്.
ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാര്‍ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തുന്ന പശ്ചാത്തിലാണ് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ സംസാരിച്ചതും താക്കീത് നല്‍കിയതും. നിലവില്‍ രാജ്യാന്തര അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 26നും 27നും ടുട്മാരി ഗാലി, റാംപൂര്‍ സെക്ടറുകളിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സൈന്യത്തിനു കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍, ഇന്ത്യ, യുദ്ധം