തിരുവനന്തപുരം: പ്രധാനമന്ത്രിയെ പോലുള്ളവര്‍ യാത്ര ചെയ്യുന്ന റോഡുകളെല്ലാം പെര്‍ഫെക്ട് ആയിരിക്കണം. കുണ്ടും കുഴിയും നികത്തി കുതിച്ചു പായാനുള്ള സൗകര്യമുള്ള റോഡുകള്‍. ഇതിനൊപ്പം അടിസ്ഥാന സൗകര്യവും വേണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍നിന്നും രാജ്ഭവനിലേക്ക് വരുന്ന വഴിയില്‍ തെരുവു വിളക്കുകള്‍ പ്രവര്‍ത്തിച്ചില്ലത്രേ.

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവര്‍ത്തിക്കാതിരുന്നത്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെയാണ് പ്രധാനമന്ത്രി റോഡ് മാര്‍ഗം സഞ്ചരിക്കുന്ന പ്രദേശത്ത് തെരുവുവിളക്ക് കത്തിയില്ല എന്ന ആരോപണം ഉയരുന്നത്. തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ ഇത് ചര്‍ച്ചയാക്കി മാറ്റാനാണ് ബിജെപി നീക്കം. എസ് പി ജിയും ഈ കുറവ് ശ്രദ്ധിച്ചില്ലെന്ന് സൂചനയുണ്ട്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. രാത്രി രാജ്ഭവനില്‍ തങ്ങിയശേഷം വെള്ളിയാഴ്ച രാവിലെ 10.30ന് വിഴിഞ്ഞത്തെത്താനായിരുന്നു പദ്ധതി. മറ്റ് സുരക്ഷാ പ്രശ്‌നമൊന്നും മോദിയുടെ രാത്രി യാത്രയിലുണ്ടായില്ല. ഒന്നിലേറെ റൂട്ടുകള്‍ പ്രധാനമന്ത്രിയ്ക്കായി കണ്ടു വച്ചിരുന്നു. എന്നാല്‍ പ്രധാന വഴിയേ തന്നെ മോദി എത്തിക്കാന്‍ ആയി. ഇതിനിടെയാണ് വെളിച്ചമില്ലായ്മ ചര്‍ച്ചയായത്. പ്രധാനമന്ത്രി തങ്ങുന്ന രാജ്ഭവന് സമീപമാണ് വെളിച്ചമില്ലാതിരുന്ന അയ്യങ്കാളി സ്‌ക്വയര്‍.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത് വ്യാഴാഴ്ച വൈകിട്ട് 7.50 ഓടെയാണ്. ശംഖുമുഖം എയര്‍പ്പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. രാജ്യത്തെ ആദ്യ ആഴക്കടല്‍ ട്രാന്‍ഷിപ്‌മെന്റ് തുറമുഖം വെള്ളിയാഴ്ച പകല്‍ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെയും പോലീസിന്റെയും കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനം. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ്പിജി) മുതിര്‍ന്ന ഉദ്യോഗസ്ഥരും സിറ്റി പോലീസും ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ട്രയല്‍ റണ്‍ നടത്തുകയും ചെയ്തിരുന്നു. കര - നാവിക - വ്യോമ സേനകളും സുരക്ഷയുടെ ഭാഗമായി. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പ്രധാനമന്ത്രി രാജ്ഭവനില്‍നിന്ന് വിഴിഞ്ഞത്തേക്ക് പുറപ്പെടുമെന്നാണ് വിവരം. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യമുണ്ടായാല്‍ പ്രധാനമന്ത്രി റോഡ് മാര്‍ഗമാകും വിഴിഞ്ഞത്തേക്ക് എത്തുക. ബുള്ളറ്റ് പ്രൂഫ് കാറില്‍ പുറപ്പെടുന്ന പ്രധാനമന്ത്രിക്ക് എസ്പിജിയുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും സുരക്ഷാവലയത്തിലുള്ള വാഹനവ്യൂഹം അകമ്പടി നല്‍കും. റോഡിനിരുവശവും ബാരിക്കേഡ് ഉണ്ടാകും. വിഴിഞ്ഞം തുറമുഖത്ത് വ്യോമസേന ആകാശസുരക്ഷ ഒരുക്കുമ്പോള്‍, സൈനിക കപ്പലുകളും അന്തര്‍വാഹിനിയും ഉപയോഗിച്ചു നാവികസേന സമുദ്രസുരക്ഷ ശക്തമാക്കും.

സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, രണ്ട് ഡിസിപിമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേരള പോലീസ് സുരക്ഷാവലയം തീര്‍ക്കുന്നത്. കടലിലും കരയിലുമായി 4200 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. തലസ്ഥാനത്ത് തുടര്‍ച്ചയായി വ്യാജ ബോംബ് ഭീഷണി ഉണ്ടാകുന്ന സാഹചര്യം അടക്കം പരിഗണിച്ചു കേരള പോലീസിന്റെ കൂടുതല്‍ ബോംബ് സ്‌ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്.