ദുബായ്: യുഎഇയുടെ മറവില്‍ കള്ളപ്പണം വെളിപ്പിക്കുന്നവര്‍ ഇനി ജാഗ്രത. കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായിക്ക് ദുബായില്‍ തടവ് ശിക്ഷ വിധിച്ചിരിക്കുന്നു. അബു സബാ എന്ന അറിയപ്പെടുന്ന ഇന്ത്യന്‍ വ്യവസായി ബല്‍വീന്ദര്‍ സിങ് സഹ്നിക്കാണ് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബായിലെ ഫോര്‍ത്ത് ക്രിമിനല്‍ കോടതിയുടെയാണ് ഉത്തരവ്. ആഡംബര ജീവിതവും നിക്ഷേപങ്ങളും കൊണ്ട് ശ്രദ്ധ നേടിയ വ്യവസായിയാണ് അബു സബാ. കേരളത്തിലെ അടക്കം പല രാഷ്ട്രീയക്കാരും കള്ളപ്പണം വെളുപ്പിക്കുന്നത് യുഎഇയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ്. രാഷ്ട്രീയ നേതാക്കളുടെ അടുത്ത ബന്ധു ഇതിനായി ദുബായിലുണ്ടാകും. അത്തരക്കാര്‍്ക്കുള്ള മുന്നറിയിപ്പാണ് ഈ സംഭവം.

ക്രിമിനല്‍ സംഘടനയുമായി ചേര്‍ന്നാണ് ബല്‍വീന്ദര്‍ സിങ് കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നതെന്ന് അറബിക് പത്രം ഇമറാത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്തു. തടവിന് പുറമെ 5 ലക്ഷം ദിര്‍ഹം പിഴയും ഈടാക്കി. പ്രതി വഴിവിട്ടു സമ്പാദിച്ചെന്ന് ആരോപിക്കപ്പെടുന്ന 15 കോടി ദിര്‍ഹത്തിന്റെ സ്വത്തുവകകളും പിടിച്ചെടുത്തു. വ്യാജ കമ്പനികളുടെ പേരിലാണ് പണമിടപാടുകള്‍ നടത്തിയത്. ശിക്ഷപൂര്‍ത്തിയായാല്‍ നാടുകടത്താനും കോടതി ഉത്തരവിട്ടു. ക്രിമിനല്‍ സംഘത്തില്‍പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മകനുള്‍പ്പെടെ 33 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആഡംബര ജീവിതവും നിക്ഷേപങ്ങളും കൊണ്ട് ശ്രദ്ധനേടിയ വ്യവസായിയാണ് അബു സബാ. യുഎഇ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനിയുടെ സ്ഥാപകനാണ് അബു സബാ. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്കായി നടത്തിയ പ്രത്യേക ലേലത്തില്‍ ഒറ്റ ഡിജിറ്റ് നമ്പര്‍ പ്ലേറ്റ് ലഭിക്കുന്നതിനായി വന്‍തുക മുടക്കിയതോടെയാണ് അബു സബാ പൊതുജനശ്രദ്ധ നേടുന്നത്. 2016-ല്‍ ഡി5 എന്ന കാര്‍നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാന്‍ 3.3 കോടി ദിര്‍ഹമാണ് ചെലവാക്കിയത്.

പണമിടപാടുകള്‍ നിരീക്ഷിച്ചശേഷമാണ് പ്രതിയെ പിടികൂടിയത്. കമ്പനികളുടെ പേരില്‍ നടത്തിയ ഇടപാടുകളെല്ലാം കള്ളപ്പണം വെളിപ്പിക്കുന്നതിനായിരുന്നു എന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി. തട്ടിപ്പിന് പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും പങ്കാളികള്‍ ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. 2024 ഡിസംബര്‍ 18- ന് ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍നിന്നു പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റിയ കേസില്‍ ഇയാളുടെ മകനുള്‍പ്പെടെ ആകെ 33 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ആദ്യ കോടതി സെഷന്‍ 2025 ജനുവരി ഒന്‍പതിന് നടന്നു. അന്ന് ചില പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പലര്‍ക്കും ഒരുവര്‍ഷം തടവും രണ്ട് ലക്ഷം ദിര്‍ഹംവീതം പിഴയും വിധിച്ചിട്ടുണ്ട്. കൂടാതെ, കേസില്‍ ഉള്‍പ്പെട്ട മൂന്ന് കമ്പനികള്‍ക്ക് 50 ദശലക്ഷം ദിര്‍ഹം പിഴയും അവരുടെ നിയന്ത്രണത്തിലുള്ള ക്രിമിനല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്.

ഷെല്‍ കമ്പനികളും സംശയകരമായ സാമ്പത്തിക ഇടപാടുകളും നടത്തിയ പ്രതികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖല പ്രവര്‍ത്തിപ്പിച്ചിരുന്നതായി കോടതി നിരീക്ഷിച്ചു. യുഎഇയിലും വിദേശത്തും ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകളും ബിസിനസ് ബന്ധങ്ങളും ഉണ്ടായിരുന്നതായി അന്വേഷണങ്ങളില്‍ വ്യക്തമായിരുന്നു. ഇതേ മാതൃകയിലാണ് കേരളത്തിലെ പല നേതാക്കളുടേയും മക്കള്‍ യുഎഇ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത്. ഇവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ ശിക്ഷാ വിധി. കള്ളപ്പണത്തിനെതിരെ യുഎഇ പുതിയ നിയമം അടക്കം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഈ കേസും ശിക്ഷയും. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തി യുഎഇയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ എല്ലാം നിരീക്ഷണത്തിലാക്കാനാണ് യുഎഇ സര്‍ക്കാരിന്റെ നീക്കം. ഗള്‍ഫ് കേന്ദ്രീകരിച്ച് തീവ്രവാദ ഫണ്ടിംഗ് അടക്കം നടക്കുന്ന സാഹചര്യത്തിലാണ് ഇതെല്ലാം.