കുറ്റകൃത്യങ്ങള്‍ വ്യാപകമായ ഒരു ഭൂതകാലത്തിന്റെ സ്മരണയുണര്‍ത്തിക്കൊണ്ട് കോപ്പെന്‍ഹേഗനിലെ ഇഷ്മയില്‍ ഷിബൈടയുടെ കോര്‍ണര്‍ ഷോപ്പിന്റെ ലോഹ വാതിലില്‍ വെടുയുണ്ടയുണ്ടാക്കിയ രണ്ട് ദ്വാരങ്ങള്‍ കാണാം. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് വേദിയായിരുന്ന കാലത്ത് ഒരു കുടിയേറ്റക്കാരനായ ഗുണ്ടാ നേതാവ് ഉതിര്‍ത്തതാണ് ആ വെടിയുണ്ടകള്‍. എന്നാല്‍, ഇന്ന്, ഡാനിഷ് തലസ്ഥാനത്തെ നോറെബ്രോ എന്ന പ്രദേശം തികച്ചും ശാന്തമാണ്. കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച ഡാനിഷ് ഭരണകൂടം ആ ഗുണ്ടാ തലവനെയും അതുപോലെ മറ്റ് പലരെയും നാടുകടത്തിയതാണ് കാരണം.

ഒരിക്കല്‍, കുറ്റകൃത്യങ്ങളുടെ വിളനിലമായിരുന്നു അവിടം. പ്രധാനമായും13 ലക്ഷത്തോളം അഭയാര്‍ത്ഥികളുടെ ഒഴുക്കായിരുന്നു സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ആ അഭയാര്‍ത്ഥി പ്രവാഹമായിരുന്നു യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചത്. ഡെന്മാര്‍ക്കും അതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കീയതില്‍ ഇന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഖേദിക്കുകയാണ്. ശല്യം ഒഴിവാക്കാന്‍ ഇന്ന് പല രാജ്യങ്ങളും കടുത്ത നടപടികളിലേക്ക് നീങ്ങുന്നുമുണ്ട്.

2019 ല്‍ ഡെന്മാര്‍ക്കില്‍ അധികാരമേറിയ ഇടത് ചായ്വുള്ള സര്‍ക്കാര്‍ പക്ഷെ കുടിയേറ്റം നിയന്ത്രിക്കുമെന്നും, ഡാനിഷ് പൈതൃകം കാത്തുസൂക്ഷിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. അവര്‍ ആ ഉറപ്പ് യാഥാര്‍ത്ഥ്യമാകാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതിന്റെ ആദ്യ പടിയായിരുന്നു ബുര്‍ക്ക നിരോധനം. പൊതുയിടങ്ങളില്‍ മുഖം മറക്കുന്നത് കുറ്റകരമാക്കിയതോടെ ഡെന്മാര്‍ക്ക് ഡാനിച് സംസ്‌കാരത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങി. ഡാനിഷ് ഭാഷ നിര്‍ബന്ധമായും പഠിക്കണം എന്നതായിരുന്നു രണ്ടാമത്തെ വ്യവസ്ഥ. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുമെന്ന സ്ഥിതി സംജാതമായി.

ഷിബൈറ്റയുടെ കടയില്‍ നിന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്തിരുന്ന കുപ്രസിദ്ധമായ ആവാസകേന്ദ്രമായിരുന്നു ജോള്‍നെര്‍പാര്‍ക്കെന്‍. പാശ്ചാത്യരല്ലാത്തവരുടെ ചേരി എന്നറിയപ്പെടുന്ന അവിടെ നിന്നും താമസക്കാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സമാന്തര വിദേശ സമൂഹം വളര്‍ന്ന് ശക്തി പ്രാപിക്കാതിരിക്കാനുള്ള കരുതലായിരുന്നു അത്. ഇപ്പോള്‍ അവിടം 99 ശതമാനം സുരക്ഷിതമാണെന്നാണ് പാലസ്തീനിയന്‍ വംശജനായ ഷിബൈറ്റ എന്ന 62 കാരന്‍ പറയുന്നത്.

ക്രിമിനലുകളും തോക്കുകലും വാണിരുന്ന ചേരി ഡാനിഷ് സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്തു. ക്രിമിനലുകളെ എല്ലാം തന്നെ നാടുകടത്തി. കുടിയേറ്റ നിയന്ത്രണത്തിന്റെ അനുകരണീയ മാതൃകയായി അങ്ങനെ ഡെന്മാര്‍ക്ക് മാറുകയയിരുന്നു. ഇപ്പോള്‍ ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാരും ആ മാതൃക പിന്തുടരണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇടതുപക്ഷ ചായ്വുള്ള ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെരിക്‌സെന്‍ പറയുന്നത് നിയന്ത്രണാതീതമായ അഭയാര്‍ത്ഥി പ്രവാഹം അനുവദിക്കുന്നത് യൂറോപ്യന്‍കാരുടെ ജീവന് ഭീഷണിയാകും എന്നാണ്.

അതിന് അഭയാര്‍ത്ഥി പ്രവാഹം കാര്യമായി തന്നെ നിയന്ത്രിക്കണം. അതിന് വേണ്ടത് നിശ്ചയദാര്‍ഢ്യമാണെന്നും ഡാനിഷ് പ്രധാനമന്ത്രി പറയുന്നു. ഡാനിഷ് തൊഴിലാളികളുടെ ജീവനോപാധികള്‍ സംരക്ഷിക്കണം. അതുപോലെ സ്‌കൂളുകളും മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളും അഭയാര്‍ത്ഥികള്‍ക്ക് അനുവദിച്ച്, ഡാനിഷ് ജനതയുടെ അവകാശങ്ങള്‍ അട്ടിമറിക്കരുതെന്നും തീരുമാനിച്ചു, അവര്‍ പറയുന്നു. അത് ഫലം കണ്ടുതുടങ്ങി. ഇപ്പോള്‍ സ്‌കൂളുകളില്‍ കൂടുതലുള്ളത് ഡാനിഷ് വംശജരാണ്. യുവാക്കളായ വംശീയന്യൂനപക്ഷ കുടുംബങ്ങള്‍ കുറഞ്ഞു വരുന്നു. അതേസമയം, ഇംഗ്ലണ്ട് പോലുള്ള പല രാജ്യങ്ങളിലും സ്‌കൂളുകളില്‍ ഇതിന് വിപരീതമായ പ്രവണതയാണ് കണ്ടുവരുന്നത്.

സാധാരണയായി വലതുപക്ഷ ഭരണകൂടങ്ങളാണ് കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാറുള്ളത്. എന്നാല്‍, സാമാന്യ ബുദ്ധിയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഇടതുപക്ഷ ഭരണകൂടങ്ങള്‍ക്കും കുടിയേറ്റം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും എന്നതിന്റെ മകുടോദാഹരണമാണ് ഡെന്മാര്‍ക്ക് എന്നാണ് യൂറോപ്പിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഭയത്തിനുള്ള അപേക്ഷ നിരാകരിച്ചാല്‍ പിന്നെ ആ വ്യക്തിക്ക് ഡെന്മാര്‍ക്കില്‍ തുടരാനാവില്ല. കര്‍ശനമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ അഭയാര്‍ത്ഥികളായി എത്തുന്നവരുടെ എണ്ണത്തില്‍ 90 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഡാനിഷ് സര്‍ക്കാരിന്റെ മറ്റൊരു നടപടി, അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ നിന്നും വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവ പിടിച്ചു വാങ്ങാന്‍ അതിര്‍ത്തി സേനക്ക് അധികാരം നല്‍കി എന്നതാണ്. അഭയാര്‍ത്ഥികള്‍ ഡെന്മാര്‍ക്കില്‍ താമസിക്കുമ്പോഴുള്ള ചെലവിനായി ഇത് വിറ്റുകിട്ടുന്ന പണം ഉപയോഗിക്കും. അപേക്ഷ നിരസിക്കപ്പെട്ടാല്‍, സ്വമേധാ നാട്ടിലേക്ക് തിരികെ പോകാന്‍ തയ്യാറുള്ളവര്‍ക്ക് 4500 യൂറോ സര്‍ക്കാര്‍ നല്‍കും. അതുപോലെ, അഭയം ലഭിച്ചാല്‍ പോലും, അവരുടെ ജന്മനാട് സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍ അഭയാര്‍ത്ഥി പദവി നഷ്ടമാകും. സ്വന്തം നാട്ടിലേക്ക് തിരികെ പോയേ മതിയാകൂ.