- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണുന്നവര്‍ക്കെല്ലാം എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നും; മോണിക്ക ക്ലയര്‍ നിസാരക്കാരിയല്ല; ഹോളിവുഡിലെ മുന്‍ നടിയും മോഡലുമായ മോണിക്ക ദൈവവിളി കേട്ടതോടെ ഇപ്പോള്‍ കന്യാസ്ത്രീ; ടിക് ടോക്കില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സ്; ആത്മകഥയും പുറത്തിറങ്ങി
ഹോളിവുഡിലെ മുന്‍ നടിയും മോഡലുമായ മോണിക്ക ഇപ്പോള്‍ കന്യാസ്ത്രീ
ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്സിയിലെ ഒരു കോണ്‍വെന്റിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മോണിക്കാ ക്ലയറിനെ കാണുന്നവര്‍ക്കെല്ലാം തന്നെ ഇവരെ മറ്റെവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നുന്നത് സ്വാഭാവികമാണ്. കാരണം ഒരു കാലത്ത് ഹോളിവുഡിലെ പ്രശസ്തയായ നടിയും മോഡലും എല്ലാം ആയിരുന്നു ഇവര്‍.
കന്യാസ്ത്രീയായി സിസ്റ്റര്‍ മോണിക്കാ ക്ലയര്‍ എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പ് അതായത് പൂര്‍വാശ്രമത്തില്‍ ഇവരുടെ പേര് ക്ലോഡെറ്റ് മോണിക്ക പവല്‍ എന്നായിരുന്നു. ഇപ്പോള്‍ 59കാരിയായ ഇവര്‍ പേരും പ്രശസ്തിയും പണവും എല്ലാം ഉപേക്ഷിച്ചാണ് ആത്മീയ ജീവിതത്തിലേക്ക് കടന്നത്.
ജോര്‍ജിയയിലെ ഒരു ഗ്രാമത്തിലാണ് ഇവര്‍ ജനിച്ചു വളര്‍ന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായി എത്തിയ മോണിക്കാ പവല്‍ നാടകരംഗത്ത് വളരെ സജീവമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്നാണ് അഡ്വര്‍ടൈസിംഗ് മേഖലയിലേക്ക് അവര്‍ കടന്നു ചെന്നത്. വര്‍ഷങ്ങളോളം അവിടെ പ്രശസ്തമായ നിലയില്‍ സേവനം അനുഷ്ഠിക്കുന്ന സമയത്താണ് അവര്‍ക്ക് ദൈവവിളി ഉണ്ടായതും അങ്ങനെ കന്യാസ്ത്രീയായി മാറിയതും.
ഹോളിവുഡില്‍ നിന്ന് കന്യാസ്ത്രീയാകാന്‍ ന്യൂജഴ്സിയില്‍ എത്തിയ സമയത്ത് തന്നെ തനിക്ക് ഇനിയങ്ങോട്ട് ശാന്തവും സ്വസ്ഥവുമായി ജീവിക്കാന്‍ കഴിയുമെന്ന് വിശ്വാസം ഉണ്ടായിരുന്നതായി അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ നേരേ മറിച്ചാണ് സംഭവിച്ചത്. ഓണ്‍ലൈനില്‍ സിസ്റ്റര്‍ മോണിക്കാ ക്ലയര്‍ അറിയാതെ സജീവമാകുക ആയിരുന്നു. ടിക് ടോക്കില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സും ഏതാണ്ട് മുപ്പത് ലക്ഷത്തോളം ലൈക്കുകളുമാണ് അവര്‍ക്കുള്ളത്.
ന്യൂജേഴ്‌സിയിലെ മെന്‍ഡാമിലെ എപ്പിസ്‌കോപ്പല്‍ കോണ്‍വെന്റായ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റിലെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോകള്‍ അവര്‍ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക എന്നതാണ് അവരുടെ വീഡിയോകളുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും പ്രശസ്തമായ ബുക്ക് പബ്ലിഷിംഗ് കമ്പനിയായ പെന്‍ഗ്വിന്‍ അവരുടെ ഒരു പുസ്തകവും പ്രസിദ്ധീകരിക്കുകയാണ്. അവരുടെ ഓര്‍മ്മക്കുറിപ്പായ എ ചേഞ്ച് ഓഫ് ഹാബിറ്റ് എന്ന പുസ്തകം കഴിഞ്ഞയാഴ്ചയാണ് പുറത്തിറക്കിയത്.
എന്നാല്‍ ഈ പുസ്തകം ആരെങ്കിലും വായിക്കുമോ എന്ന് സംശയിക്കുന്നതായി മോണിക്കാ ക്ലയര്‍ പറയുന്നു. തനിക്ക് തന്നെ വായിച്ചു നോക്കിയിട്ട് ബോറടിക്കുന്നതായി അവര്‍ തമാശ പറയുകയും ചെയ്തു. ആത്മകഥ എഴുതാനും വേണ്ടി തനിക്ക് പ്രായമായോ എന്ന് സംശയമുണ്ടെന്നും ക്ലയര്‍ ചൂണ്ടിക്കാട്ടുന്നു.
വീട്ടില്‍ താന്‍ അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചും ദാരിദ്യത്തിന് എതിരായ പോരാട്ടങ്ങളെ കുറിച്ചും ഹോളിവുഡിലെ അനുഭവങ്ങളും കന്യാസ്്്ത്രീയായിട്ടുള്ള പുതിയ ജീവിതവും എല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീ ആയപ്പോള്‍പഴയ ജീവിതത്തിലെ എന്തൊക്കെയാണ് തനിക്ക് നഷ്ടമായതെന്നും അവര്‍ സത്യസന്ധമായി പറയുന്നു.
പലരും തനിക്ക് ലൈംഗിക സുഖം നഷ്ടപ്പെടുന്നതിനെ കുറിച്ച് ചോദിക്കുന്നുണ്ട് എന്നും എന്നാല്‍ ആത്മീയ ജീവിതം നയിക്കാന്‍ ബ്രഹ്‌മചര്യം അവശ്യ ഘടകമാണെന്നും മുന്‍ മോഡല്‍ പറയുന്നു. മാത്രമല്ല സന്യാസി സമൂഹത്തില്‍ ഉള്ളവര്‍ പ്രണയത്തില്‍ ഏര്‍പ്പെടുന്നതായി ചിത്രീകരിക്കുന്ന സിനിമകള്‍ കാണുന്നതേ തനിക്ക് ഇഷ്ടമില്ല എന്നും അവര്‍ തുറന്ന് പറയുന്നു. സിനിമകളില്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്നാണ് ക്ലയറിന്റെ വാദം. പഴയ സുഹൃത്തുക്കളെ നഷ്ടമായി എന്നതാണ് അവരുടെ ഏക വിഷമം.
നേരത്തേ ഒറ്റയ്ക്ക് താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യവും ക്ലയര്‍ വെളിപ്പെടുത്തുന്നു. പരസ്യങ്ങളുടെ ലോകത്തെ ജീവിതം തനിക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരുന്നതായും അവര്‍ പറയുന്നു. അക്കാലത്ത് വിവാഹിതയായ ക്ലയര്‍ പിന്നീട് ഭര്‍ത്താവുമായി പിരിയുകയായിരുന്നു. ഇപ്പോള്‍ അവര്‍ സിസ്റ്റര്‍ സുപ്പീരിയര്‍ എന്ന പദവിയിലാണ് ഉള്ളത്.