ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പറന്ന റഫാല്‍ വിമാനങ്ങള്‍ മിസൈലുകള്‍ തുരുതരാ വിശേഷിപ്പിച്ചു. കിഴക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമായിരിക്കുന്ന സാഹചര്യത്തില്‍ റഫാല്‍ യുദ്ധവിമാനത്തില്‍നിന്നു തൊടുക്കുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന കരുതല്‍ എടുത്തത് വെറുതെയായിരുന്നില്ല. സബ്സോണിക് മിസൈലുകള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഫ്രഞ്ച് നിര്‍മാതാക്കള്‍ സോഫ്റ്റ്വെയര്‍ നവീകരിച്ചു കഴിഞ്ഞിരുന്നു. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. ആ മിസൈലുകളാണ് പാക്കിസ്ഥാനെ അര്‍ദ്ധ രാത്രി പൊട്ടിക്കരയിപ്പിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നല്‍കിയത് വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ എന്നാണ് സൂചന. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷന്‍ സിന്ദൂരി'ലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി. കൂടുതല്‍ നാശ നഷ്ടമുണ്ടാക്കിയത് റഫാലില്‍ നിന്നും പോയ സ്‌കാല്‍പ് മിസൈലുകളായിരുന്നു.

ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈല്‍. ദൂരപരിധി 300 കിലോമീറ്റര്‍ സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈല്‍. ഒരു വിമാനത്തിന് 2 സ്‌കാല്‍പ് മിസൈലുകള്‍ വഹിക്കാം. ഇറാഖില്‍ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളില്‍ മുന്‍പ് റഫാലിലെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ച് ഫ്രാന്‍സ് ആക്രമണം നടത്തിയിട്ടുണ്ട്. ഇതേ മാതൃകയിലായിരുന്നു പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ പോരാട്ടം. അത്യാധുനിക റഡാര്‍ റഫാല്‍ യുദ്ധ വിമാനത്തിന്റെ കരുത്താണ്. ശത്രു സേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനവുമുണ്ട്. ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എന്‍ജിന്‍ കരുത്ത് ഈ വിമാനത്തിനുണ്ട്. ശത്രുസേനയുടെ മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യയും സ്വന്തം. അതായത് റഫാലും സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈല്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ തകര്‍ത്തത്. ഇതിനൊപ്പം കരസേനയും മിസൈലുകള്‍ വര്‍ഷിച്ചതായി സൂചനയുണ്ട്.

മിസൈലുകള്‍ നവീകരിക്കപ്പെട്ടതോടെ പര്‍വതങ്ങളിലും ഉയര്‍ന്നപ്രദേശങ്ങളിലും സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുളള ശത്രുകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ റഫാലിനു ശേഷിയുണ്ടായി. നിലവില്‍ 2,000 മീറ്റര്‍ ഉയരത്തില്‍ പ്രഹരിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. വ്യോമസേനയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയാണ് സോഫ്റ്റ്വെയര്‍ നവീകരണം നടത്തിയത്. വായുവില്‍നിന്നു തൊടുക്കാവുന്ന സ്‌കാല്‍പ് മിസൈലുകള്‍ ചൈനയും പാക്കിസ്ഥാനും വികസിപ്പിച്ചിട്ടുണ്ടെങ്കിലും സ്‌കാല്‍പ് മിസൈലിന്റെ ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് പ്രക്രിയയാണ് ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ സവിശേഷത. പോര്‍വിമാനത്തില്‍നിന്നു തൊടുത്തുകഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന് 100-130 അടി ഉയരത്തില്‍ എത്തിനില്‍ക്കും. റഡാറുകളുടെ ജാമിങ് സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാനാണിത്. വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിക്കുന്ന മിസൈല്‍ പിന്നീട് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ നാശമുണ്ടാക്കും വരെ പാക്കിസ്ഥാന്‍ ഒന്നും അറിഞ്ഞില്ല.

റഫാലിലെ ആയുധബലം ഇന്ത്യന്‍ സേനയ്ക്ക് കരുത്താണ്. 9.3 ടണ്‍ ആയുധങ്ങള്‍ വിമാനത്തിനു വഹിക്കാം. മീറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലും അതിലുണ്ട്. ആകാശത്തെ ലക്ഷ്യം തകര്‍ക്കാനുള്ള മിസൈുമുണ്ട്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി 120 - 150 കിലോമീറ്ററാണ്. പഹല്‍ഗാമിനുള്ള തിരിച്ചടി എല്ലാ അര്‍ത്ഥത്തിലും റഫാലില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ വിജയമൊരുക്കി. ഭീകരരുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്‌ഷെ മുഹ്‌മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം.മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 55 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസാഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കിയിട്ടുണ്ട്.