ന്യൂഡല്‍ഹി: മലയാളത്തില്‍ അടുത്തിറങ്ങിയ ചിത്രത്തിലെ നായക തുല്യമായ കഥാപാത്രത്തിന്റെ പേരായിരുന്നു 'സയിദ്-മസൂദ്'. ഈ പേര് ജെയ്‌ഷെ തലവന്റേയും ലഷ്‌കര്‍ മേധാവിയുടേയും പേര് കൂട്ടിയോജിപ്പിച്ചുണ്ടാക്കിയതാണെന്ന വാദം ശക്തമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഇത്തരം വാദങ്ങളെ സിനിമാ അണിയറക്കാര്‍ തള്ളിക്കളഞ്ഞു. അങ്ങനെ മലയാളികള്‍ ഈ സെയ്ദിനേയും മസൂദിനേയും ഇന്റര്‍നെറ്റില്‍ കൂടുതലായി തിരഞ്ഞു. ആ സയിദിനും മസൂദിനും ഇരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ് ഇന്ത്യന്‍ സൈന്യം ഉണ്ടാക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ അടിമുടി തകര്‍ത്തു. അതിന്റെ പട്ടികയും പുറത്തു വിട്ടു. പ്രസിഷന്‍ സ്‌ട്രൈക്കാണ് നടത്തിയത്. കൃത്യമായ സ്ഥലങ്ങള്‍ ലോക്ക് ചെയ്തുള്ള തിരിച്ചടി. 'കൊളാറ്ററല്‍ ഡാമേജ്' ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങള്‍ പോലും തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ സൈന്യം വിശദകരിക്കുന്നു. പൊതുജനത്തിന് അപകടമുണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. അതീവ സൂക്ഷ്മതയോടെയായിരുന്നു ആക്രമണം. ഒരു ശസ്ത്രക്രിയ നടത്തുന്നത്ര 'ക്ലിനിക്കല്‍ കൃത്യത'യോടെ. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യന്‍ സേന നടത്തിയിട്ടുണ്ടെന്നും കേണല്‍ ഖുറേഷിയും വിങ് കമാന്‍ഡര്‍ സിങ്ങും ഔദ്യോഗികമായി വ്യക്തമാക്കി. ജമ്മു കാശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന് അഭിവാദനം അര്‍പ്പിച്ചുള്ള ആഹ്ലാദ പ്രകടനങ്ങള്‍ നടക്കുകയാണ്. പാക്കിസ്ഥാനെ എല്ലാ അര്‍ത്ഥത്തിലും ജമ്മു കാശ്മീരിലുള്ളവര്‍ തള്ളി പറയുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് അവരും അംഗീകരിക്കുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും വലിയ 'കൊളാറ്ററല്‍ ഡാമേജ്' പാക്കിസ്ഥാന് സംഭവിക്കുകയാണെന്നതാണ് വസ്തുത.

അതിര്‍ത്തിയില്‍ നിന്നും 100 കിലോ മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാന കേന്ദ്രം തകര്‍ക്കുന്നതിനായിരുന്നു ഇന്ത്യന്‍ സൈന്യം ആദ്യം പ്രാധാന്യം കൊടുത്തത്. 2019ലെ പുല്‍വാമ ഭീകരാക്രമണം നടന്ന സമയത്ത് മുതല്‍ ഇന്ത്യ തകര്‍ക്കാന്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. കാശ്മീരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്. 2019 ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ബഹാവല്‍പൂരിലെ സുബ്ഹാന്‍ അല്ലാഹ് ക്യാമ്പും ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. ഇവിടെ വച്ചാണ് ജയ്‌ഷെ മുഹമ്മദ് തങ്ങളുടെ ഭീകരര്‍ക്ക് വേണ്ട എല്ലാ പരിശീലനവും നല്‍കുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലായിരുന്നു ഈ സ്ഥലം. ഇവിടെത്തെ തീവ്രവാദ ക്യാമ്പ് ഇന്ത്യ തകര്‍ത്തു. നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. മസൂദ് അസറിന്റെ താവളമാണ് ഇവിടെ. ഏതായാലും മസൂദ് അസറിന് താവളം നഷ്ടമായിരിക്കുന്നു. മസൂദ് അസറും ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രധാനി ഹാഫീസ് സെയ്ദും. ഹാഫീസ് സെയ്ദും മസൂദ് അസറുമാണ് കുറച്ചു കാലമായി ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചത്. പാക് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന എമ്പുരാന്മാരായിരുന്നു അവര്‍. ഇവരെ ഇന്ത്യ വകവരുത്തുമെന്ന ഭീതിയില്‍ പല കഥകളും പാക്കിസ്ഥാന്‍ ഇറക്കി. തുര്‍ക്കിയില്‍ നിന്നും സൈനിക വിമാനം എത്തിയത് പോലും വാര്‍ത്തകളിലെത്തി. തുര്‍ക്കിയുടെ അത്യാധുനിക പ്രതിരോധ കപ്പല്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയെന്നും കഥകളെത്തി. ഇതിനിടെയാണ് പാക്കിസ്ഥാനിലെ ഇന്ത്യയുടെ കടന്നാക്രമണം. തുര്‍ക്കി പ്രതിരോധ കപ്പലിനെ കുറിച്ച് ഇപ്പോള്‍ ആര്‍ക്കും ഒന്നും അറിയില്ല. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നല്‍കാന്‍ ചൈന നല്‍കിയ യുദ്ധ വിമാനത്തില്‍ പാക്കിസ്താന്‍ പറന്നുയര്‍ന്നു. പക്ഷേ ആ യുദ്ധവിമാനത്തെ ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈല്‍ തകര്‍ത്തു തരിപ്പണമാക്കിയെന്നതാണ് മറ്റൊരു വസ്തുത.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ 70 പാക്കിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപ്രതീക്ഷിത ആക്രമണത്തില്‍ 60-ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലഷ്‌കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ലഷ്‌കര്‍ നേതാക്കളായ അബ്ദുള്‍ മാലിക്, മുദസ്സിര്‍ എന്നിവരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്ന കൊടുംഭീകരരാണ് അബ്ദുള്‍ മാലിക്കും മുദസ്സിറും. ലഷ്‌കര്‍ കേന്ദ്രമായ മുരിഡ്കെയിലെ മര്‍ക്കസ് തൊയ്ബയ്ക്ക് നേരേ നടത്തിയ ഇന്ത്യന്‍ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബഹാവല്‍പൂരിലെ ഇന്ത്യന്‍ ആക്രമണം പാക്കിസ്ഥാനെ എല്ലാ അര്‍ത്ഥത്തിലും ഞെട്ടിച്ചു. അതിര്‍ത്തിയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലത്താണ് ഈ സ്ഥലം. കറാച്ചിയും ഇസ്ലാമാബാദുമെല്ലാം ആക്രമിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് വിളിച്ചു പറയുക കൂടിയാണ് ഈ ആക്രമണത്തിലൂടെ. ആക്രമണത്തില്‍ ഇന്ത്യ തകര്‍ത്ത പ്രധാനപ്പെട്ട ഭീകരകേന്ദ്രമാണ്, മുരിഡ്ക്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 30 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഈ ഭീകരകേന്ദ്രം ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രധാന ഒളിത്താവളങ്ങളില്‍ ഒന്നാണ്. മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഈ കേന്ദ്രങ്ങളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഹാഫീസ് സെയ്ദിനേയും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. മുരിഡ്കെയില്‍ ഈ ഭീകരന്‍ ഉണ്ടായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. തങ്ധാര്‍ സെക്ടറില്‍, സവായ് ക്യാമ്പിലേക്കും മിസൈലുകള്‍ പതിച്ചു. സൈന്യം സൂക്ഷ്മമായി ഏകോപിപ്പിച്ച പദ്ധതിയില്‍ മൂന്ന് ലഷ്‌കര്‍ കേന്ദ്രങ്ങള്‍, നാല് ജെയ്‌ഷെ കേന്ദ്രങ്ങള്‍, രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് തകര്‍ത്തത്.ഇന്ത്യ തകര്‍ത്ത ഭീകരകേന്ദ്രങ്ങള്‍. ആക്രമണത്തിനു പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം.

പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു 'ഓപ്പറേഷന്‍ സിന്ദൂര്‍'. പാക് ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ത്തു. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ളാ', ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ 'മര്‍ക്കസ് തൊയ്ബ', ജെയ്ഷെ കേന്ദ്രങ്ങളായ തെഹ്റ കലാനിലെ സര്‍ജാല്‍, കോട്ലിയിലെ 'മര്‍ക്കസ് അബ്ബാസ്', മുസാഫറാബാദിലെ 'സൈദുനാ ബിലാല്‍ ക്യാമ്പ്', ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ 'മര്‍ക്കസ് അഹ്ലെ ഹാദിത്', മുസാഫറാബാദിലെ 'ഷവായ് നള്ളാ ക്യാമ്പ്', ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. വീഡിയോ പ്രസന്റേഷനിലൂടെ സംഭവിച്ചത് എന്താണെന്ന് ഇന്ത്യ പുറംലോകത്തെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും വിശദീകരിച്ചു. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നീക്കം. സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും അവര്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ സമാധാനം തിരിച്ചെത്തിയെന്നതു മനസ്സിലാക്കി അതിനെ തകര്‍ക്കാനാണ് പഹല്‍ഗാമില്‍ ഭീകരര്‍ ശ്രമിച്ചത്. പൈശാചികമായ ആക്രമണമായിരുന്നു അത്. കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ വെടിയേറ്റു വീണു. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായിരുന്നു അത്. കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കുകയെന്നതും ഭീകരരുടെ ലക്ഷ്യമായിരുന്നു. ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദമില്ലാതാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇന്ത്യയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചു. എന്നാല്‍ ഇന്ത്യന്‍ ജനത ആ ശ്രമത്തെ പരാജയപ്പെടുത്തി. ആഗോളഭീകരരുടെ ആശ്രയമാണ് പാക്കിസ്ഥാന്‍. 2008ന് ശേഷം നടന്ന ഏറ്റവും നിഷ്ഠൂരമായ ആക്രമണമാണ് പഹല്‍ഗാമിലേത്. അതില്‍ പാക്കിസ്ഥാന്റെ പങ്ക് വളരെ വ്യക്തമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഇന്ത്യ അനുവദിക്കില്ല. ടിആര്‍എഫിനെപ്പോലെയുള്ള സംഘടനകളെ ലഷ്‌കറും ജയ്‌ഷെ മുഹമ്മദും ഉപയോഗിക്കുകയാണ്. ഭീകരരെയും അവരെ ഉപയോഗിക്കുന്നവരെയും നമ്മള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്‌പോണ്‍സര്‍ ചെയ്യുന്നത്.-തിരിച്ചടിയ്ക്ക് ഇന്ത്യ നല്‍കുന്ന വിശദീകരണം ഇതാണ്. നമ്മള്‍ നയതന്ത്രപരമായ നടപടികള്‍ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാന്‍ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്. പഹല്‍ഗാമിലെ ആക്രമണകാരികളെ ഇന്ത്യ ശിക്ഷിച്ചു. തീവ്രവാദികളുെട സുരക്ഷിത താവളമാണ് പാക്കിസ്ഥാന്‍. രാജ്യാന്തര സംഘടനകളെ പാക്കിസ്ഥാന്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കുകയാണ് ഈ ഘട്ടത്തില്‍.