- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്ഷണിച്ചത് 418 പേരെ; പങ്കെടുത്തത് 214പേര്‍; കസേരകള്‍ ഏറെയും ഒഴിഞ്ഞു കിടന്നു; മുഖ്യമന്ത്രിയുടെ യോഗത്തില്‍ പ്രതിനിധികള്‍ കുറഞ്ഞതിനെക്കുറിച്ച് രഹസ്യാന്വേഷണം; ആലപ്പുഴയില്‍ മന്ത്രിസഭാ വാര്ഷികങ്ങളുടെ മാറ്റ് കുറച്ചത് സിപിഎം വിഭാഗിയതയോ? ഇന്റലിജന്‍സ് അന്വേഷണത്തില്‍ എന്ന് റിപ്പോര്‍ട്ട്
ആലപ്പുഴ: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ മുഖ്യമന്ത്രി പങ്കെടുത്ത ജില്ലാ യോഗത്തില്‍ പ്രതിനിധികള്‍ കുറഞ്ഞതിനെക്കുറിച്ചു രഹസ്യാന്വേഷണം. 418 പേരെയാണ് യോഗത്തിലേക്കു ക്ഷണിച്ചിരുന്നതെങ്കിലും പങ്കെടുത്തത് 214 പേര്‍മാത്രമായിരുന്നു. ഇതു ചര്‍ച്ചയായ സാഹചര്യത്തിലാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുന്നത്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍നിന്നു വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി പി. പ്രസാദാണ് യോഗത്തില്‍ അധ്യക്ഷനായത്. മന്ത്രിമാരായ സജി ചെറിയാന്‍, കെ.ബി. ഗണേഷ്‌കുമാര്‍, എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, എം.എസ്. അരുണ്‍കുമാര്‍, ദലീമ ജോജോ, യു. പ്രതിഭ, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, എഡിഎം ആശ സി. എബ്രഹാം, തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോ. ശര്‍മിള മേരി ജോസഫ്, കളക്ടര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഈ യോഗത്തിലാണ് ആളു കുറഞ്ഞത് എന്നാണ് നിരീക്ഷണം.
മതം, സാമൂഹ്യം, രാഷ്ട്രീയം, സാംസ്‌കാരികം, ഉദ്യോഗസ്ഥ, വ്യവസായം തുടങ്ങി 17 മേഖലകളിലെ അതിഥികളെയാണ് ക്ഷണിച്ചതെന്നാണ് സൂചന. 14 പേര്‍ മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചു. ബാക്കിയുള്ളവര്‍ നിര്‍ദേശം എഴുതി അറിയിച്ചു. വേമ്പനാട്ട് കായല്‍ പുനരുജ്ജീവനവും പട്ടികവര്‍ഗ വിഭാഗം നേരിടുന്ന പ്രശ്നങ്ങളും ഒക്കെ ചര്‍ച്ചയായി. എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം ഒന്നൊഴിയാതെ എല്ലാത്തിനും കൃത്യവും വ്യക്തവുമായ മറുപടി. ഒരഭിപ്രായത്തേയും തടഞ്ഞില്ല. പരിഹാര മാര്‍ഗങ്ങള്‍ ഉറപ്പുനല്‍കി. പ്രകൃതിദുരന്തങ്ങളും മഹാമാരിയും തുടങ്ങി ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ചേര്‍ത്തണച്ച സ്നേഹം ഇനിയും തുടരുമെന്ന സന്ദേശം നല്‍കിയായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. ഇതിന് ശേഷം യോഗത്തിന് ആളു കുറഞ്ഞത് എന്തുകൊണ്ടെന്ന ചര്‍ച്ച വിവിധ കോണുകളില്‍ സജീവമായി. ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയത പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം ആളു കുറഞ്ഞതിനെ സ്വാധീനിച്ചോ എന്ന ചോദ്യം സജീവമാണത്രേ.
നാടിന്റെ വികസനത്തിനൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടതെന്നും വികസനം വേണ്ടിടത്ത് അതു തടയുന്ന നിലപാടു സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞിരുന്നു. ദേശീയപാത വികസനത്തില്‍ നാടിന്റെ വികസനത്തിനൊപ്പം നില്‍ക്കാന്‍ അന്നത്തെ സര്‍ക്കാരിനായില്ല. 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കണമെന്ന് കേരളം ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. പക്ഷേ, കൂട്ടത്തില്‍ ചിലര്‍ക്ക് തടസ്സമുണ്ടായപ്പോള്‍ അതു നിര്‍വഹിക്കാനായില്ല. ഗെയില്‍ പദ്ധതിയും ഇതുപോലെ നാടുവിട്ടുപോയി. 2016-ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ അതേ ഗെയിലുകാരോടു തിരിച്ചുവരാന്‍ പറഞ്ഞു. ഇവിടെയാണ് സര്‍ക്കാരിന്റെ വ്യത്യാസം. ലോകത്തിലെ അപൂര്‍വം വന്‍ തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം. പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ചില അഭിപ്രായഭിന്നതകളുണ്ടായി. അതു നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാര്‍ റദ്ദാക്കിയിരുന്നെങ്കില്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമായിരുന്നു. വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയ വ്യത്യാസങ്ങളെല്ലാം ശരിയാണെന്നു കാണാം. പക്ഷേ, പദ്ധതിക്കു തുരങ്കംവെക്കാനല്ല ശ്രമിച്ചത് -മുഖ്യമന്ത്രി പറഞ്ഞു.
2016-നു ശേഷം ഒട്ടേറെ ദുരന്തങ്ങളേറ്റുവാങ്ങേണ്ടിവന്നു. സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ല. സഹായിക്കാന്‍ വന്നവരെ തടയുകയും ചെയ്തു. മഹാപ്രളയകാലത്ത് അതിജീവനത്തിനായി സര്‍ക്കാര്‍ ജീവനക്കാരോടു ചില്ലറദിവസത്തെ ശമ്പളം വായ്പയായി തരണമെന്നു പറഞ്ഞു. അതിനെ ഇവിടെയുള്ളവര്‍പോലും എതിര്‍ത്തു. പണം കൊടുക്കില്ലെന്നു ചില ജനപ്രതിനിധികള്‍ പറഞ്ഞു. കേസിനു പോയി. കേന്ദ്രത്തോട് നാടിനര്‍ഹതപ്പെട്ടത് നിഷേധിക്കാനാകില്ലെന്നുപോലും അവര്‍ പറഞ്ഞില്ല. ശത്രുതാപരമായ സമീപനമുള്ള കേന്ദ്രത്തോടൊപ്പം ചേരുകയായിരുന്നു പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.