മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42-കാരി വീട്ടില്‍ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവര്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

നിപ സംശയിച്ചതിനാല്‍ ആവശ്യമായ ചികിത്സ രോഗിക്ക് നേരത്തെ നല്‍കിയിരുന്നു. ഇവര്‍ക്ക് ആന്റിബോഡി നല്‍കും. വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും. മാറാക്കര- എടയൂര്‍ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിലാകെ എല്ലാവരും മാസ്‌ക് ധരിക്കണം. ഉറവിടത്തെ കുറിച്ച് വ്യക്തമായ വിവരമില്ല. ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുന്ന ഏഴ് പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഏഴും നെഗറ്റീവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്.

വളാഞ്ചേരി നഗരസഭ രണ്ടാം വാര്‍ഡില്‍ 3 കിലോമീറ്റര്‍ ചുറ്റളവില്‍ കോണ്‍ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കും. ഇത് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വളാഞ്ചേരി നഗരസഭയില്‍ ഫീവര്‍ സര്‍വലൈന്‍സ് നടത്തും. രോഗ പ്രതിരോധത്തിനായി 25 കമ്മിറ്റികള്‍ രൂപീകരിച്ചു. രോഗ പകര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. എന്റെ കേരളം മേളയില്‍ എത്തുന്നവര്‍ മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

രോഗബാധയായ സ്ത്രീ വെന്റിലേറ്ററില്‍ ആണ്. ഇവരെ പരിചരിച്ചവര്‍ക്ക് പനി ഉണ്ടെങ്കിലും പരിശോധന ഫലം നെഗറ്റീവ് ആണ്. ഉറവിടം സംബന്ധിച്ച് ചില സംശയങ്ങള്‍ ഉണ്ട്. സാമ്പിള്‍ ശേഖരിച്ച് ഭോപ്പാല്‍ ലാബിലേക്ക് അയക്കും. ഒന്നാം തീയതിയാണ് വളാഞ്ചേരി ആശുപത്രിയില്‍ എത്തിയത്. ഇന്‍ക്യുബേറ്റ് ചെയ്തത് രണ്ടാം തീയതിയാണെന്നും മന്ത്രി പറഞ്ഞു.

പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവാകുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നല്‍കിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്.

നിപ ഹെല്പ് ലൈന്‍ -0483 2736 20, 2736376