ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സന്ദൂര്‍ മൂന്നാം ഘട്ടത്തിലേക്ക്. ഇന്ത്യയുടെ ആക്രമണത്തില്‍ നടുങ്ങുകയാണ് പാക്കിസ്ഥാന്‍. മൂന്ന് വ്യോമ താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഇതോടെ പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ജമ്മു സെക്ടറിന്റെ മറുഭാഗത്താണ് ഇന്ത്യയുടെ തിരിച്ചടി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. അതേസമയം പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ കര, വ്യോമ, നാവികസേനകളുടെ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്ലാമാബാദും ലഹോറും ഉള്‍പ്പെടെ അഞ്ച് പാക്കിസ്ഥാന്‍ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദ്, ലഹോര്‍, ഷോര്‍കോട്ട്, ഝാങ്, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഷോര്‍കോട്ടിലെ റഫീഖി വ്യോമതാവളത്തിനു സമീപം സ്‌ഫോടനം നടന്നതായാണ് വിവരം. റാവല്‍പിണ്ടി വ്യോമതാവളത്തില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതായും പാക്കിസ്ഥാന്‍ സൈന്യം ആരോപിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. പ്രത്യക്ഷ യുദ്ധത്തിലേക്ക് പോവുകയാണ് ഇന്ത്യ.

ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങള്‍ക്കുനേരെയായിരുന്നു വെള്ളിയാഴ്ച പാക് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ഇന്ത്യയിലെ 26-ഓളം നഗരങ്ങള്‍ ലക്ഷ്യമിട്ടതായാണ് വിവരം. അവന്തിപ്പോരയിലെ വ്യോമതാവളമടക്കം പാക് ലക്ഷ്യമിട്ടുവെങ്കിലും ഇന്ത്യ ആ ശ്രമങ്ങളെ നിര്‍വീര്യമാക്കി. മൂന്നിടങ്ങളില്‍ ജനവാസമേഖലയില്‍ ഡ്രോണുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ഫിറോസ്പുരില്‍ ഡ്രോണ്‍ പതിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആക്രമങ്ങളെ ഇന്ത്യ പ്രതിരോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടയിടങ്ങളില്‍ വലിയ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായും വിവരമുണ്ട്. അതിനിടെ യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണത്തെ തുടര്‍ന്ന് വ്യോമാതിര്‍ത്തി പൂര്‍ണമായും അടക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. എല്ലാ വ്യോമഗതാഗതവും പാക്കിസ്ഥാനില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കായി യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചത്. 'നോട്ടിസ് ടു എയര്‍മെന്‍' (എന്‍ഒടിഎഎം) വഴിയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനിടയില്‍ വ്യോമാതിര്‍ത്തി തുറന്നിടുന്ന പാക്കിസ്ഥാന്റെ നടപടി രാജ്യാന്തര വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യയുടെ ശ്രമമെന്ന് ആരോപിച്ച് പാക്കിസ്ഥാനും ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കുന്നു. നൂര്‍ ഖാന്‍, ഷോര്‍കോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാണ് ആരോപിക്കുന്നത്. ഇതിന് തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്‍ പറയുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്നലെയും പാക്കിസ്ഥാന്‍ ജനവാസ മേഖലകളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇന്ത്യ ഇതിന് മുന്‍പ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടുള്ളത്. നിയന്ത്രണരേഖയിലെ ഷെല്ലിങില്‍ തുടങ്ങി ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോണ്‍ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവില്‍ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യന്‍ സേന തകര്‍ത്തു. ഫിറോസ്പൂരില്‍ ജനവാസമേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാന്‍ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ ആക്രമണത്തില്‍ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോണ്‍, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.

ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന്‍ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാക്കിസ്ഥാനിലെത്തിയത്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കാണ് ആദ്യം സൗദി വിദേശകാര്യ സഹ മന്ത്രി അദേല്‍ അല്‍ ജുബൈര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പക്ഷേ ഈ ശ്രമവും പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കുന്നില്ലെന്നാണ് സൂചന.