ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്ക് ബന്ധം വീണ്ടും വഷളായി. അതിനുശേഷം നടന്ന പ്രകോപനത്തിൽ നിരവധി ജീവനുകൾ നഷ്ടമായി. ഇപ്പോഴിതാ, ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. പാക്കിസ്ഥാൻ ഭീകരരുടെ താവളമാണെന്നും ഒരിക്കൽ ഉസാമ ബിൻ ലാദന് പോലും താവളമൊരുക്കിയ രാജ്യമാണെന്നും ധ്രുവ് പറഞ്ഞു. ലണ്ടനിൽ നടന്ന ഒരു സമ്മിറ്റിന്റെ ഭാഗമായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ, ഇന്ത്യയുടെ പ്രതികാരനടപടികളും ഭീകരാക്രമണങ്ങളുടെ ചരിത്രവും ധ്രുവ് വിശദീകരിച്ചു. ഇന്ത്യയുടെ പ്രതികാരനടപടികൾ ഭീകര കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യം വെച്ച് ചെയ്തതുമാണെന്ന് വ്യക്തമാക്കി. 'ഇന്ത്യ ശ്രദ്ധയോടെ പ്രവർത്തിച്ചു. ഇത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതും ഫോക്കസ് ചെയ്തതുമായ ആക്രമണങ്ങളാണ്.' അദ്ദേഹം പറയുന്നു.

ഭീകര ലിസ്റ്റിൽ ഉൾപ്പെട്ട ആളുടെ ബന്ധുക്കളാണ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടതെന്നും ധ്രുവ് ഓർമപ്പെടുത്തി. ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ യുദ്ധങ്ങൾക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി അത്തരം മാധ്യമങ്ങളെ ബ്ലോക്ക് ചെയ്യണം എന്ന് പറഞ്ഞതിന് പിന്നാലെയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, പാക്കിസ്ഥാന്‍റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടെന്നാണ് സേന പറയുന്നത്. കശ്മീരില്‍ ആശുപത്രിയും സ്കൂള്‍ പരിസരവും ആക്രമിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചത് പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു. ഹീനതന്ത്രം പാക്കിസ്ഥാന്‍ തുടരുന്നുതായും സൈന്യം വ്യക്തമാക്കി.

പാക്ക് മിസൈലുകള്‍ ഇന്ത്യ വീഴ്ത്തിയെന്ന് കേണല്‍ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. തെളിവായി വിഡിയോ ദൃശ്യങ്ങളും സേന പുറത്തുവിട്ടിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടു.

പക്ഷേ അവര്‍ ലക്ഷ്യത്തിലെത്തിയില്ല. ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു. പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാന്‍റെ ഫത്താ മിസൈല്‍ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ പാക് സേനാവിന്യാസം കൂട്ടുന്നുവെന്നും ഇത് പ്രകോപനപരമായ നടപടിയാണ് ഇന്ത്യ തിരിച്ചടിക്ക് തയാറെന്നും സൈന്യം വ്യക്തമാക്കി.