- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകുതിയിലേറെ ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കില്ല; സ്ത്രീകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റുകളില്‍ കര്ട്ടന്; ഹിന്ദുക്കളും മുസ്ലീമുകളും പരസ്പരം ഏറ്റുമുട്ടുന്നതിനിടയില്‍ സൊമാലികളും വേരുറപ്പിച്ചു: വെള്ളക്കാരുടെ എണ്ണത്തെ മറികടന്ന ബ്രിട്ടണിലെ ലെസ്റ്ററിന്റെ ചരിത്രം
ലണ്ടന്‍: ലണ്ടന്‍: ഒരുകാലത്ത് അവിടെയുള്ള കത്തീഡ്രലിനും, പുരാതനമായ ചന്തയ്ക്കും, കൈയ്യുറ നിര്‍മ്മാണ ഫാക്ടറികള്‍ക്കും പ്രശസ്തമായിരുന്നു ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ലെസ്റ്റര്‍. എന്നാല്‍, ഇന്നത്തെ അവസ്ഥ തീര്‍ത്തും വ്യത്യസ്തമാണെന്ന് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡേവിഡ് പട്രികരാകോസ് എഴുതുന്നു. ബിര്‍മ്മിംഗ്ഹാമിനൊപ്പം, ഇന്ന് മൊത്തം ജനസംഖ്യയില്‍ വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമില്ലാത്ത നഗരമായി മാറിയിരിക്കുകയാണ് ലെസ്റ്ററും. മാത്രമല്ല, ഇന്ന് ബ്രിട്ടനില്‍ ഏറ്റവുമധികം വിഭാഗീയത പ്രകടമാകുന്ന ഒരു പ്രദേശം കൂടിയായി മാറിയിരിക്കുകയാണ് ലെസ്റ്റര്‍ എന്ന് അദ്ദേഹം എഴുതുന്നു.
നഗരത്തില്‍ വലിയ രീതിയില്‍ തന്നെ സാന്നിദ്ധ്യമുള്ള ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കൊമ്പ് കോര്‍ക്കുകയാണ്. ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷം ഒരു യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന ആശ്ശങ്ക നിലനില്‍ക്കെ നഗരത്തിലും ഒരു സംഘര്‍ഷമുണ്ടായേക്കുമെന്ന് ഭയക്കുകയാണ് പലരും. നേരത്തെയും ഇന്തോ - പാക് തര്‍ക്കങ്ങള്‍ ഈ നഗരത്തിലെ തെരുവുകളെ സംഘര്‍ഷ മേഖലകളാക്കി മാറ്റിയിരുന്നു. ഒരുപക്ഷെ, ഭാവിയിലെ ബ്രിട്ടന്‍ എന്തായിരിക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയായി ഈ നഗരത്തെ കാണാമെന്നും അദ്ദേഹം പറയുന്നു.
നഗരത്തിലുള്ള ഏഷ്യന്‍ സമൂഹങ്ങള്‍, പ്രത്യേകിച്ചും ഇന്ത്യാക്കാര്‍, ബംഗ്ലാദേശികള്‍, മുസ്ലീങ്ങള്‍, സിക്കുകാര്‍ തുടങ്ങിയവരെല്ലാം നഗര സമൂഹത്തില്‍ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നഗരത്തിലെ വസ്ത്ര നിര്‍മ്മാണ ഫാക്റ്ററികളില്‍ ജോലിക്കെത്തിയവരുടെ പിന്‍തലമുറക്കാരാണ് ഇവിടത്തെ ഭൂരിപക്ഷവും. 1990 കളില്‍ ആണ് ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും രക്ഷപ്പെട്ട് കിഴക്കന്‍ ആഫ്രിക്കയിലെ സൊമാലിയയില്‍ നിന്നുള്ളവര്‍ ഇവിടെ എത്താന്‍ ആരംഭിച്ചത്. ഇന്ന് ഏകദേശം 15,000 ഓളം സൊമാലിയന്‍ വംശജരാണ് ഇവിടെയുള്ളത്.
മാഷ് ടൗണ്‍, ഹെല്‍ സിറ്റി, ലിറ്റില്‍ സൊമാലിയ എന്നൊക്കെ അറിയപ്പെടുന്ന, നഗര ഹൃദയത്തോട് ചേര്‍ന്നുള്ള സെയിന്റ് മാത്യൂസ് ഡിസ്ട്രിക്റ്റിലെ ഐലന്‍ഡ് ഡിഷസ് എന്ന റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയ അനുഭവവും ഡേവിഡ് പാട്രികരാകോസ് വിവരിക്കുന്നുണ്ട്. പോലീസിന്റെ കണക്കുകള്‍ പ്രകാരം സെയിന്‍ മാത്യൂസില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1,625 അക്രമ സംഭവങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലറ്റം നീളുന്ന പരമ്പരാഗത വസ്ത്രം ധരിച്ച സൊമാലിയന്‍ പൗരന്മാരെയാണ് തെരുവുകളില്‍ മുഴുവന്‍ കാണുന്നതെന്ന് അദ്ദേഹം എഴുതുന്നു.
അറേബ്യന്‍ - ആഫ്രിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റുകളിലോ തെരുവുകളിലോ സ്ത്രീകളെ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം എഴുതുന്നു. ഒന്നിടവിട്ടുള്ള ബാര്‍ബര്‍ഷോപ്പുകളും ഈ നഗരത്തിന്റെ പ്രത്യേകതയാണ്. ഐലന്‍ഡ് ഡിഷസ് റെസ്റ്റോറന്റിലെ കാഴ്ചകള്‍ അതീവ കൗതുകകരമാണെന്ന് അദ്ദേഹം എഴുതുന്നു. പ്രധാന ഹോളിന്റെ വശത്തായി കര്‍ട്ടനിട്ടു മറച്ച മുറികള്‍ ഒരുക്കിയിരിക്കുന്നു. സ്ത്രീകള്‍ക്കൊപ്പം വരുന്ന കുടുംബങ്ങള്‍ക്കാണ് അവിടെ പ്രവേശനമുള്ളത്. എന്നാല്‍, അവിടെയും സ്ത്രീകളെ കാണാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു.
ഏറ്റവും പുതിയ 2021 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ കൃത്യമായ ഒരു വിഭജനം ദൃശ്യമാണ്. 43.4 ശതമാനം ഏഷ്യക്കാര്‍ ഉള്ള ഇവിടെ 40.9 ശതമാനമാണ് വെള്ളക്കാര്‍ ഉള്ളത്. മാത്രമല്ല, മൊത്തം ജനസംഖ്യയില്‍ 23.5 ശതമാനം മുസ്ലീങ്ങളും 17.9 ശതമാനം ഹിന്ദുക്കളുമാണ്. എന്നാല്‍, ഞെട്ടിക്കുന്ന മറ്റൊരു വസ്തുത ലെസ്റ്ററിലെ ജനങ്ങളില്‍ 57 ശതമാനം മാത്രമാണ് ഇവിടെ ജനിച്ചവര്‍ എന്നതാണ്. 2011 ല്‍ ഇത് 65 ശതമാനമായിരുന്നു. അടുത്തിടെ, 2023 ല്‍ നടത്തിയ ഒരു ഇടക്കാല വിശകലനത്തില്‍ കണ്ടെത്തിയത് നഗരത്തിലെ ജനങ്ങളില്‍ 3.6 ശതമാനം പേര്‍ ആ ഒരുവര്‍ഷത്തില്‍ മാത്രം നഗരത്തില്‍ എത്തിയവരാണ് എന്നാണ്.
വന്‍ തോതില്‍ കുടിയേറ്റം നടക്കുമ്പോഴും പുരോഗമന രാഷ്ട്രീയ ചിന്താഗതിക്കാാര്‍ സ്വപ്നം കാണുന്ന ബഹുസ്വരത ഇവിടെ ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ വിഭാഗവും അവരുടെതായ ഇടങ്ങള്‍ സൃഷ്ടിച്ച് ആ ദ്വീപുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഇവരില്‍ പലരും തന്നെ തങ്ങളുടെ വിഭാഗത്തില്‍ പെടുന്നവരുമായി മാത്രമെ ഇടപഴകുന്നുമുള്ളു. മുസ്ലീങ്ങള്‍ നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ എവിംഗ്ടണ്‍ റോഡിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഒതുങ്ങുമ്പോള്‍ ഹിന്ദുക്കള്‍ വടക്കോട്ട് മാറി ബെല്‍ഗ്രേവ് റോഡിന്റെ പരിസരങ്ങളിലാണ് കൂടുതലായി താമസിക്കുന്നത്.
വടക്കന്‍ എവിംഗ്ടണിലെ, റെയില്‍വേ സ്റ്റേഷനും കത്തീഡ്രലിനും സമീപത്തുള്ള തിരക്കേറിയ ഭാഗത്ത് 16 വയസ്സിനു മേല്‍ പ്രായമുള്ളവരില്‍ 43 ശതമാനം പേര്‍ ഇംഗ്ലീഷ് സംസാരിക്കാതിരിക്കുകയോ, തട്ടിമുട്ടി സംസാരിക്കുകയോ ചെയ്യുന്നു എന്നാണ് 2021 ലെ സെന്‍സസില്‍ കണ്ടെത്തിയത്. ലെസ്റ്ററിന്റെ 34 പ്രാന്തപ്രദേശങ്ങളില്‍ അഞ്ചില്‍ ഒന്ന് വീതം ആളുകള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും സെന്‍സസ് ഡാറ്റ വ്യക്തമാക്കുന്നു. ഈ നഗരത്തിന്റെ പല ഭാഗങ്ങളും പേരിന് മാത്രമാണ് ബ്രിട്ടീഷ് നഗരങ്ങള്‍ ആകുന്നതെന്നും ഡേവിഡ് എഴുതുന്നു.
കുടിയേറ്റക്കാര്‍ പലപ്പോഴും സാംസ്‌കാരിക മികവുകള്‍ ബ്രിട്ടനിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും, മറ്റു ചിലര്‍, പ്രത്യേകിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ കൊണ്ടു വന്നിരിക്കുന്നത് പരസ്പരം പോരടിപ്പിക്കുന്ന ആശയങ്ങളും രാഷ്ട്രീയവുമാണെന്നും അദ്ദേഹം എഴുതുന്നു. അതിന്റെ ഫലമായി തന്നെ ഇടക്കിടെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടക്കാറുമുണ്ട്. ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്ന് ഉണ്ടായ ഹിന്ദു മുസ്ലീം സംഘര്‍ഷം ഒരു ഉദാഹരണമായി അദ്ദേഹം എടുത്തു കാട്ടുന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തെയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ സിറ്റിംഗ് എം പിയായ ജോനാഥന്‍ ആഷ്വര്‍ത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഷോക്കത്ത് ആദമിനോട് 22,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഗാസ വിഷയം മാത്രമായിരുന്നു ഷോക്കത്ത് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയത്.
മാത്രമല്ല, തന്റെ വിജയം അദ്ദേഹം ഗാസാ നിവാസികള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തനിക്ക് ഒരുപാട് അവഹേളനങ്ങള്‍ നേരിടേണ്ടി വന്നതായി ആഷ്വര്‍ത്ത് പിന്നീട് പറയുകയും ചെയ്തു. അതേസമയം, ഹിന്ദു വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ലെസ്റ്റര്‍ ഈസ്റ്റ് മണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുകയും ചെയ്തു. മുസ്ലീങ്ങള്‍ കൂടുതലായി ലേബര്‍ പാര്‍ട്ടിയെ പിന്താങ്ങുന്നതിനാല്‍, ഹിന്ദുക്കള്‍ കാലാകാലങ്ങളായി കൂടുതലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കൊപമാണ് എന്നാണ് ഒരു പ്രാദേശിക രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞത്.