തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടി. 107 ഗ്രാം സ്വര്‍ണമാണ് തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അതേ സമയം, സ്‌ട്രോങ് റൂമിലെ സ്വര്‍ണം നിലത്ത് വന്നത് എങ്ങനെയെന്ന് കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയില്‍ നിന്നാണ് ഇന്നലെ സ്വര്‍ണം കാണാതായത്.

ക്ഷേത്രഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണ ദണ്ഡാണ് മോഷണം പോയത്. ശ്രീകോവിലിന് മുന്നിലെ വാതിലില്‍ പഴയ സ്വര്‍ണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികള്‍ നടക്കുകയായിരുന്നു. ബുധനാഴ്ച തത്കാലത്തേക്ക് നിര്‍ത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വര്‍ണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകല്‍ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ക്ഷേത്രത്തിലെ നിര്‍മ്മാണാവശ്യത്തിനുള്ള സ്വര്‍ണം സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വര്‍ണം തൂക്കി തിട്ടപ്പെടുത്താറുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ് വ്യക്തമാക്കിയിരുന്നു.ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിന് മുന്നില്‍ ശിരസ്, ഉടല്‍, പാദം എന്നിവ തൊഴാന്‍ മൂന്നു വാതിലുകളാണുള്ളത്. ഇവയില്‍ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയ സ്വര്‍ണത്തകിട് മാറ്റി പുതിയ സ്വര്‍ണത്തകിട് ചേര്‍ക്കുന്ന ജോലിയാണ് നടക്കുന്നത്.

ഇതിനായി സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചത്തെ ജോലിക്കു ശേഷം സ്വര്‍ണം തൂക്കി മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജോലി തുടരാനായി പുറത്തെടുത്ത സ്വര്‍ണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സ്വര്‍ണത്തകിട് വിളക്കിച്ചേര്‍ക്കാനുള്ള കാഡ്മിയം ചേര്‍ന്നതാണ് കാണാതായ സ്വര്‍ണദണ്ഡ്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തിലാണ് വാതിലിന്റെ ജോലികള്‍ നടത്തിയിരുന്നത്. ജോലി നടക്കുന്ന സ്ഥലമുള്‍പ്പെടെ ക്ഷേത്രപരിസരം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്.

ഇന്ന് രാവിലെ മുതല്‍ ബോംബ് സ്‌ക്വാഡും പൊലീസും ക്ഷേത്ര ജീവനക്കാരും ചേര്‍ന്ന് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തിയിരുന്നു. ചൂട് കൂടിയതിനെ തുടര്‍ന്ന് മണല്‍പ്പരപ്പിലെ തെരച്ചില്‍ നിര്‍ത്തി വെച്ചിരുന്നു. വൈകുന്നേരം വീണ്ടും നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനകത്തെ മണല്‍പ്പരപ്പില്‍ നിന്ന് സ്വര്‍ണം ലഭിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കാണാതായത്. ഇതെങ്ങനെ മണല്‍പ്പരപ്പിലെത്തിയെന്ന് സംശയം ബാക്കിയാകുന്നുണ്ട്.

അതേ സമയം ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനം മൂലം ഇത് ആരെങ്കിലും മാറ്റി വെച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. ആ സാഹചര്യത്തിലാണ് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തുന്നത്. ശ്രീകോവില്‍ സ്വര്‍ണം പൂശാനാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് എടുക്കുമ്പോഴും തിരിച്ചു വെക്കുമ്പോഴും കൃത്യമായി തൂക്കം രേഖപ്പെടുത്താറുണ്ട്. അത് കൃത്യമായി ചെയ്തിട്ടുണ്ടോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഡിസിപി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.