കൊല്ലം: വിഴിഞ്ഞം പദ്ധതിയുടെ 'പിതൃത്വം' സംബന്ധിച്ച് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയും ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികം മാധ്യമങ്ങളില്‍ ഇടംപിടിക്കാതെ പോകുകയും ചെയ്തതോടെ ഇടതു സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പാര്‍ട്ടി ആശയങ്ങളും പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങളെ ഉപയോഗിക്കാന്‍ സിപിഎം. ചെറിയതോതില്‍ നിലവില്‍ നടക്കുന്ന നവമാധ്യമ പ്രചാരണം ജൂണ്‍മാസത്തോടെ വിപുലമാക്കുമെന്നാണ് വിവരം.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ (സാമൂഹികമാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍) വഴി, സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പാര്‍ട്ടി ആശയങ്ങളും പ്രചരിപ്പിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. കൃഷി, വ്യവസായം, കല, യാത്ര, പാചകം, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിലെ സാമൂഹികമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരുടെ ജനപ്രിയ പരിപാടികള്‍ക്കിടയിലൂടെ പ്രതിഫലം നല്‍കി സിപിഎമ്മിന്റെ ആശയങ്ങളും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും 'തിരുകിക്കയറ്റി' പ്രചരിപ്പിക്കാനാണ് പരിപാടി.

'സിപിഎമ്മിന്റെ രാഷ്ട്രീയം പറയേണ്ടെന്നും പ്രതിപക്ഷത്തെ കടന്നാക്രമിക്കേണ്ടെന്നും' ഇവരോട് പറഞ്ഞിട്ടുണ്ട്. യാത്രാ വ്ലോഗുകള്‍ ചെയ്യുന്നവരെക്കൊണ്ട്, കേരളത്തിലെ മികച്ച റോഡുകളെക്കുറിച്ച് പറയിപ്പിക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ നവീകരിച്ച പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളുടെ വിശേഷങ്ങളും ഇവര്‍ പറഞ്ഞുപോകും.

കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിലെ ചെറുവീഡിയോകള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെ പരാമര്‍ശിക്കുകയാണ് രീതി. പാര്‍ട്ടിയുമായി ബന്ധമുള്ളവരെയും ഇല്ലാത്തവരെയും പ്രതിഫലം നല്‍കി ഇതിനായി നിയോഗിച്ചു തുടങ്ങിയെന്നാണ് അറിയുന്നത്. എല്ലാ ജില്ലകളിലും പ്രതിഫലം നല്‍കി വിദഗ്ധരെ നിയോഗിച്ചാണ് ഉള്ളടക്കം തയ്യാറാക്കുക. ജില്ലാതല നവമാധ്യമസമിതികള്‍ക്കു പുറമേയാണിത്.

ഇവരുടെമേല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. വിഴിഞ്ഞം പദ്ധതിയുടെ 'പിതൃത്വം' സംബന്ധിച്ച് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങള്‍ പ്രതിരോധിക്കാനടക്കം ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ചിരുന്നു. എം.വി. നികേഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാനതല നവമാധ്യമസമിതി തയ്യാറാക്കുന്ന ഉള്ളടക്കങ്ങളും രാഷ്ട്രീയമേലങ്കിയില്ലാത്ത സാമൂഹികമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരിലൂടെ ജനങ്ങളിലെത്തിക്കും.

പഴയ എകെജി സെന്റര്‍ കേന്ദ്രമാക്കി നവമാധ്യമ പ്രചാരണം ശക്തമാക്കാന്‍ എല്ലാ തയ്യാറെടുപ്പും സിപിഎം നടത്തിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വരുന്ന പാര്‍ട്ടി അനുകൂല വാര്‍ത്താശകലങ്ങളും വീഡിയോകളും അപ്പപ്പോള്‍ പ്രചരിപ്പിക്കും. പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന വാര്‍ത്തകളുടെ മറുവാദങ്ങള്‍ ഉടന്‍ തയ്യാറാക്കി താഴേത്തട്ടിലേക്ക് നല്‍കുകയും ചെയ്യും. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം വ്യാപിപ്പിക്കാന്‍ നീക്കം

വിവാദങ്ങളും ആരോപണങ്ങളും തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയ ഫലപ്രദമായി വിനിയോഗിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. നവമാധ്യമങ്ങളില്‍ 'ലൈക്കുകള്‍' ഉറപ്പുവരുത്തണമെന്നും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചാരണം ശക്തമാക്കണമെന്നും നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ്.

നവമാധ്യമരംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ വലിയ പോരായ്മ നേരിട്ടിരുന്നുവെന്നായിരുന്നു പാര്‍ട്ടി നിരീക്ഷണം. ഓരോ വകുപ്പിന് നേരെയും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ അതാത് ഘട്ടങ്ങളില്‍ പ്രതിരോധിക്കണം. മന്ത്രി ഓഫിസുകളുടെ ഏകോപനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മുന്‍കൈയ്യെടുക്കണമെന്നും പിആര്‍ഡി സംവിധാനം ഏറെ മെച്ചപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.