റിയാദ്: കടും നീലാകാശത്തൂടെ രാജകീയ വിമാനം കുതിച്ചു പായുന്നതിനിടെ അസാധാരണ നടപടി.പിന്നാലെ സൗദി ബോർഡറിൽ പ്രവേശിച്ചതും ഇടി മുഴക്കം പോലെ ശബ്ദം. നോക്കുമ്പോൾ എ380-യുടെ ഇരുവശത്തും കാവലായി നാല് ഫൈറ്റർ ജെറ്റുകൾ. മോദിക്ക് പിന്നാലെ ട്രംപിനും 'റോയൽ എസ്കോർട്ട്' നൽകി സ്വീകരിച്ചതാണ് സംഭവം. ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് റിയാദിൽ എത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സൗദിയൊരുക്കിയത് രാജകീയ വരവേല്‍പ്പ്. സൗദിയുടെ ആകാശത്ത് പ്രവേശിച്ച ട്രംപിന്‍റെ എയര്‍ഫോഴ്സ് വൺ വിമാനത്തിന് അകമ്പടി നൽകി സൗദി റോയൽ എയ‍ർഫോഴ്‌സിന്‍റെ യുദ്ധവിമാനങ്ങള്‍.

സൗദിയുടെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ട്രംപിന്‍റെ വിമാനത്തിന് മൂന്ന് യുദ്ധവിമാനങ്ങളാണ് അകമ്പടി നല്‍കി സ്വീകരിച്ചത്. ഔദ്യോഗിക വൈറ്റ് ഹൗസ് അക്കൗണ്ടന്‍റും പ്രസിഡന്‍റിന്‍റെയും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്‍റെയും അസിസ്റ്റന്‍റുമായ ഡാന്‍ സ്കാവിനോയാണ് ഇതിന്‍റെ വീഡിയോ എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ചത്. സൗദി അറേബ്യയ്ക്ക് നന്ദി പറയുന്നതായും സ്കാവിനോ കുറിച്ചു.

മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്‍റെ ഭാഗമായി സൗദിയിൽ എത്തിയ അമേരിക്കൻ പ്രസിഡന്ര് ഡോണൾഡ് ട്രംപിന് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തിയാണ് അമേരിക്കൻ പ്രസിഡന്‍റിനെ സ്വീകരിച്ചത്. വമ്പൻ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമം ഇന്ന് നടക്കും. ബഹ്റൈൻ, ഒമാൻ, കുവൈത്ത് രാഷ്ട്രനേതാക്കളെ സൗദി ക്ഷണിച്ചിട്ടുണ്ട്. യുഎഇയിലും ഖത്തറിലും ഡോണൾഡ് ട്രംപ് സന്ദർശിക്കും എന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, സൗദി സന്ദ‍ർശനത്തിനായി പോയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇതുപോലെ സൗദിയിൽ വൻ സ്വീകരണം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയൽ എയ‍ർഫോഴ്‌സ് അസാധാരണ സ്വീകരണം നൽകി. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയൽ എയർഫോഴ്‌സിൻ്റെ മൂന്ന് വിമാനങ്ങൾ പറന്നു. ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൗദി എയർഫോഴ്സിൻറെ ഈ അസാധാരണ നടപടി.

മോദിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ പറക്കുന്നതിന്‍റെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീര്‍ ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിന്നു. ജിദ്ദയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത് . രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലേക്ക് പോയത്. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരികെ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.