ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച് നാല് ദിവസം നീണ്ട ഇന്ത്യയുടെ തിരിച്ചടിയില്‍ തങ്ങളുടെ പതിനൊന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ സൈന്യം. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ വ്യോമസേനാംഗങ്ങള്‍ ഉള്‍പ്പെടെ 78 സൈനികര്‍ക്ക് പരിക്കേറ്റതായും പാക് സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

പാക് വ്യോമസേനാ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ്, ചീഫ് ടെക്‌നീഷ്യന്‍ ഔറംഗസേബ്, സീനിയര്‍ ടെക്‌നീഷ്യന്‍ നജീബ്, കോര്‍പ്പറല്‍ ടെക്‌നീഷ്യന്‍ ഫാറൂഖ്, സീനിയര്‍ ടെക്‌നീഷ്യന്‍ മുബാഷിര്‍ എന്നിവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നായിക് അബ്ദുള്‍ റഹ്‌മാന്‍, ലാന്‍സ് നായിക് ദിലാവര്‍ ഖാന്‍, ലാന്‍സ് നായിക് ഇക്രമുള്ള, നായിക് വഖാര്‍ ഖാലിദ്, ശിപായി മുഹമ്മദ് അദീല്‍ അക്ബര്‍, ശിപായി നിസാര്‍ എന്നിവരും ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പ്രത്യാക്രമണം നടത്തിയിരുന്നു. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ ഓപ്പറേഷന്‍. ഇതില്‍ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യന്‍ സേന നേരത്തെ അറിയിച്ചിരുന്നു. ഏകദേശം 30-40 പാക്കിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സേന സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഭീകരരുടെ കാര്യത്തിലെന്ന പോലെ സൈനികരുടെ മരണത്തിലും പാക്കിസ്ഥാന്‍ കള്ളം പറയുന്നുവെന്ന് സൂചന. നേരത്തെ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുംഭീകരരുടെ വിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഭീകരരില്‍ ചിലര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. സമാനമായ കണക്കുകളാണ് സൈനികരുടെ മരണത്തിലും പുറത്തുവിട്ടിരിക്കുന്നത്.

ഭീകരര്‍ക്കെതിരായ ഇന്ത്യയുടെ നടപടിക്ക് മറുപടിയായി, പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കി ഡ്രോണ്‍ ഷെല്ലാക്രമണങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം ഇന്ത്യന്‍ സൈന്യം നൂതന ആയുധശേഖരമുപയോഗിച്ച് പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. സാധാരണക്കാരെ ലക്ഷ്യം വെച്ചായിരുന്നു പാക് സേന ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നത്. ഇത് തുടര്‍ന്നപ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി. സുക്കൂര്‍ (സിന്ധ്), നൂര്‍ ഖാന്‍ (റാവല്‍പിണ്ടി), റഹിം യാര്‍ ഖാന്‍ (തെക്കന്‍ പഞ്ചാബ്), സര്‍ഗോധയിലെ മുഷഫ്, ജേക്കബാബാദ് (വടക്കന്‍ സിന്ധ്), ബൊളാരി (വടക്കന്‍ ജില്ല) എന്നിവിടങ്ങളിലെ പാക് വ്യോമത്താവളങ്ങള്‍ക്ക് തിരിച്ചടിയില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ത്യാ -പാക് സംഘര്‍ഷത്തിനിടെ അഞ്ച് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.