ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂര്‍ നയിക്കുക. കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പ്രതിനിധി സംഘത്തില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസും ഇ ടി മുഹമ്മദ് ബഷീറും വി മുരളീധരനുമുണ്ട്. പാക്കിസ്ഥാതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ശശി തരൂരിന് പുറമെ ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടി നേതാക്കളെയും പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ച് മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അയക്കുക. മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്. ഇതിനകം എംപിമാര്‍ക്ക് ക്ഷണക്കത്തും അയച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റിയും ഇന്ത്യയുടെ നിലപാടിനെ പറ്റിയും സംഘം വിദേശ പ്രതിനിധികളെ അറിയിക്കും. പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ്, എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നു, പഹല്‍ഗാം ഭീകരാക്രമണമാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിന് വഴിയൊരുക്കിയത്, ഇത്തരം ആക്രമണങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകും തുടങ്ങിയ കാര്യങ്ങളായിരിക്കും ഇന്ത്യന്‍ പ്രതിനിധി സംഘം ലോക രാഷ്ട്രങ്ങളെ ധരിപ്പിക്കുക.

അടുത്ത ആഴ്ചയാണ് 30 അംഗ പ്രതിനിധികള്‍ വിവിധ സംഘങ്ങളായി പുറപ്പെടുന്നത്. ശശി തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അപരാജിത സാരംഗി, കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസ്, ഡിഎംകെ എംപി കെ.കനിമൊഴി, തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി, എന്‍സിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരെയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘങ്ങളില്‍ ഒന്നിനെ തരൂര്‍ നയിച്ചേക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം തന്നെ താക്കീത് ചെയ്തുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

അതേ സമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ രാഷ്ട്രീയ നേട്ടംകൊയ്യാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടിയില്‍ ഐക്യദാര്‍ഢ്യത്തിന് ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രിയും ബിജെപിയും കോണ്‍ഗ്രസിനെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂടിക്കാഴ്ച നടത്തുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജയ്‌റാം രമേശിന്റെ കുറ്റപ്പെടുത്തല്‍. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭീകരതയ്‌ക്കെതിരായ പ്രചാരണത്തിന് വിദേശത്തേക്ക് പ്രതിനിധി സംഘങ്ങളെ അയയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണക്കുകയും ചെയ്തു.

'പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, പ്രധാനമന്ത്രി തയ്യാറായില്ല. ഇപ്പോള്‍ പെട്ടെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയ്‌ക്കെതിരായ പ്രചാരണത്തിന് പ്രധാനമന്ത്രി പ്രതിനിധി സംഘത്തെ വിദേശത്തേക്കയക്കുകയാണ്. കോണ്‍ഗ്രസ് എപ്പോഴും ദേശീയ താത്പര്യത്തില്‍ നിലപാട് സ്വീകരിച്ചുവരുന്നു. ബിജെപി ചെയ്യുന്നതുപോലെ ദേശീയ സുരക്ഷാ വിഷയങ്ങളെ ഒരിക്കലും രാഷ്ട്രീയവത്കരിക്കില്ല. അതിനാല്‍ തന്നെ, കോണ്‍ഗ്രസ് പ്രതിനിധി സംഘങ്ങളുടെ ഭാഗമായിരിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍ പ്രതിനിധി സംഘത്തെ നയിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.