ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പ്രസ്താവന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പേ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയെന്ന് ജയ്ശങ്കര്‍ പറഞ്ഞുവെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തിലാണ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതെന്നും വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പേ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആക്രമണ വിവരം നേരത്തെ തന്നെ പാക്കിസ്ഥാനെ അറിയിച്ചത് കുറ്റകൃത്യമാണെന്നും ഇതിലൂടെ എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്നുമാണ് രാഹുല്‍ ആവശ്യപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

രാഹുലിന്റെ ആരോപണത്തിന് പിന്നാലെ, അദ്ദേഹം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. പിഐബിയുടെ വസ്തുതാ പരിശോധനാ റിപ്പോര്‍ട്ടടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രാഹുലിന് മറുപടി നല്‍കിയത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചത് എന്തിനെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് എസ്.ജയശങ്കര്‍ പരസ്യമായി സമ്മതിച്ചിരുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് ഒരു കുറ്റകൃത്യമാണെന്നും ആരാണ് ഇതിന് അനുമതി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് രാഹുല്‍ ഗാന്ധി എസ്.ജയശങ്കറിനെതിരെ രംഗത്തെത്തിയത്.

പാക്കിസ്ഥാനുമായി ഇക്കാര്യം പങ്കുവച്ചതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരായ നടപടിയെക്കുറിച്ച് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്ന് എസ്.ജയശങ്കര്‍ പറയുന്നതായുള്ള സ്വകാര്യ ചാനലിന്റെ വിഡിയോയും രാഹുല്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. വിഡിയോയില്‍ സൈന്യത്തിനു നേരെയല്ല, മറിച്ച് ഭീകരവാദകേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തുകയെന്ന് സര്‍ക്കാര്‍ പാക്കിസ്ഥാന് സന്ദേശം അയച്ചതായി ജയശങ്കര്‍ പറയുന്നതു കേള്‍ക്കാമെന്നും രാഹുല്‍ പറയുന്നു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിനു മുന്‍പ് ഇന്ത്യ പാക്കിസ്ഥാനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞതായുള്ള വാര്‍ത്ത പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിഷേധിച്ചു. വിദേശകാര്യ മന്ത്രി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തെ തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നുമാണ് പിഐബിയുടെ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചിരിക്കുന്നത്. വ്യോമസേനയുടെ എത്ര വിമാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതടക്കം പാക്കിസ്ഥാനെതിരായ സൈനിക നടപടിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അറിയേണ്ടതെല്ലാം കൃത്യമായി സൈനിക ഉദ്യോഗസ്ഥര്‍ കൃത്യമായി വിശദീകരിച്ചിട്ടും വീണ്ടും ചോദ്യം ഉയര്‍ത്തുന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.