ലണ്ടന്‍: ഇറാനില്‍ ജനിച്ച്, അഭയാര്‍ത്ഥിയായി ബ്രിട്ടനിലെത്തിയ സ്ത്രീ ആദ്യ വനിത കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായേക്കും എന്ന് സൂചന.

ജസ്റ്റിന്‍ വെല്‍ബി സ്ഥാനത്തുനിന്നും മാറിയതോടെ ഒഴിവു വന്ന ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് പരിഗണിക്കുന്നവരില്‍ ഏറ്റവും അധികം പരിഗണന കല്‍പ്പിക്കപ്പെടുന്നത് റെവറണ്ട് ഗുളി ഫ്രാന്‍സിസ് ദേഖാനിക്കാണ്. തന്റെ പതിമ്മൂന്നാം വയസ്സിലായിരുന്നു ഇവര്‍ ഒരു അഭയാര്‍ത്ഥിയായി ബ്രിട്ടനിലെത്തുന്നത്. നിലവില്‍ ചെംസ്‌ഫോര്‍ഡ് ബിഷപ്പാണ് ദെഖാനി. അത് സംഭവിച്ചാല്‍ ആംഗ്ലിക്കന്‍ സഭയുടെ 1,428 വര്‍ഷത്തെ ചരിത്രത്തില്‍ വലിയൊരു നാഴികക്കല്ലായി അത് മാറും.

ആംഗ്ലിക്കന്‍ സഭയുടെ നൂറ്റി ആറാമത്തെ സഭാ നേതാവിനെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കാന്‍ പോകുന്നത്. 1907 കളില്‍ ഇസ്ലാമിക റിപ്പബ്ലിക്ക് നിലവില്‍ വന്നപ്പോള്‍, നിലനില്‍പ്പിനായി ഇറാന്‍ വിട്ടോടേണ്ടി വന്ന ഒരു കൃസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ഇവര്‍. 1999 ല്‍ പുരോഹിത പട്ടം നേടിയ ദെഖാനി 2017 മുതല്‍ 2021 വരെ ലോബറോ ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലു വര്‍ഷം മുന്‍പാണ് അവര്‍ ചെംസ്‌ഫോര്‍ഡ് ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടത്.

ബ്രിട്ടനില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ കുടിയേറ്റ നയത്തിന്റെ കടുത്ത വിമര്‍ശകയാണവര്‍. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടത്തിയ അപരിചിതരുടെ ദ്വീപ് എന്ന പരാമര്‍ശത്തോട് ശക്തമായ രീതിയിലാണ് ഇവര്‍ പ്രതികരിച്ചത്. കുടിയേറ്റക്കാര്‍ അപരിചിതരല്ലെന്നും സുഹൃത്തുക്കളാണെന്നുമായിരുന്നു അവര്‍ പ്രതികരിച്ചത്. ബ്രിട്ടന്റെ വികസനത്തില്‍ അവരും പങ്കാളികളാണെന്നും ദെഖാനി പറഞ്ഞു.