- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് കനത്ത തിരിച്ചടികള്‍; വ്യാപാര മേഖലയ്ക്ക് പിന്നാലെ അക്കാദമിക് മേഖലയിലും ബഹിഷ്‌കരണം; തുര്‍ക്കി സ്ഥാപനങ്ങളുമായുള്ള കരാര്‍ നിര്‍ത്തിവെച്ച് ഐ.ഐ.ടി ബോംബെയും ജെ.എന്‍.യുവും; തീരുമാനം, നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തെന്ന് പ്രതികരണം
പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് കനത്ത തിരിച്ചടികള്‍
മുംബൈ: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ പാക്കിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുകയും ആയുധം നല്‍കി സഹായിക്കുകയും ചെയ്ത തുര്‍ക്കിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഐഐടി ബോംബെയും ജെഎന്‍യുവും. തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകള്‍ ഐഐടി ബോംബെ റദ്ദാക്കി. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകള്‍ റദ്ദാക്കിയതായി ഐഐടി ബോംബെ എക്‌സിലൂടെ അറിയിച്ചു.
രാഷ്ട്ര താല്‍പ്പര്യത്തിനൊപ്പം ബോംബെ ഐഐടി നിലകൊള്ളുന്നു എന്ന സന്ദേശം നല്‍കി കൊണ്ടാണ് നടപടി. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച്, ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്, കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച്, ഗവേഷണം, സംയുക്ത പ്രോജക്ടുകള്‍ എന്നീ മേഖലകളില്‍ ഐഐടിയും തുര്‍ക്കിയിലെ വിവിധ സ്ഥാപങ്ങളും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. ജെഎന്‍യു, ജാമിയ മിലിയ, കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റി, പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം തുര്‍ക്കിയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ ചില തുര്‍ക്കി സ്ഥാപനങ്ങളുമായി ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടത്തുന്നുണ്ട്. 'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത് തുര്‍ക്കി പാകിസ്താനെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാപത്രം ജെ.എന്‍.യുവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
'ജെ.എന്‍.യു രാജ്യത്തിനും സായുധ സേനക്കുമൊപ്പം നിലകൊള്ളുന്നതിനാല്‍ ദേശീയ സുരക്ഷാ പരിഗണനകള്‍ കാരണം ധാരണാപത്രം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു' വെന്ന് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി 3നാണ് ജെ.എന്‍.യുവും ഇനോനു സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രത്തില്‍ മൂന്ന് വര്‍ഷത്തേക്ക് ഒപ്പുവെച്ചത്. ഫാക്കല്‍റ്റി, വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടികള്‍ക്കുള്ള പദ്ധതികളും മറ്റ് അക്കാദമിക് സഹകരണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുടെ പ്രതികാര സൈനിക നടപടിയായ ഓപറേഷന്‍ സിന്ദൂരിനെ നേരിടാന്‍ തുര്‍ക്കി പാകിസ്താന് ഡ്രോണുകള്‍ നല്‍കിയതായും സൈനിക പ്രവര്‍ത്തകരെ വിന്യസിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാകിസ്താന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതിന് ശേഷം തുര്‍ക്കി നിര്‍മിത കാമികാസെ ഡ്രോണുകള്‍ ഇന്ത്യന്‍ മണ്ണില്‍ നിന്ന് കണ്ടെടുത്തുവെന്ന റിപ്പോര്‍ട്ടും വന്നു. ഐക്യദാര്‍ഢ്യമറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉര്‍ദുഗാന്‍ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
നേരത്തെ തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാപത്രം ഐ.ഐ.ടി റൂര്‍ക്കി ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. 'അക്കാദമിക് മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നതും ദേശീയ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ആഗോള സഹകരണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണെ'ന്ന് ഐ.ഐ.ടി റൂര്‍ക്കി 'എക്സി'ല്‍ പോസ്റ്റ് ചെയ്തിരുന്നു.
'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത് പാക്കിസ്ഥാനെ പിന്തുണച്ചതിന്റെ പേരില്‍ ചണ്ഡീഗഢ് സര്‍വകലാശാല പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ തുര്‍ക്കി, അസര്‍ബൈജാനി സര്‍വകലാശാലകളുമായുള്ള അക്കാദമിക് സഹകരണം വിച്ഛേദിച്ചിരുന്നു. ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ജാമിയ മില്ലിയ ഇസ്‌ലാമിയയും തുര്‍ക്കി സ്ഥാപനങ്ങളുമായുള്ള എല്ലാത്തരം സഹകരണവും നിര്‍ത്തിവെച്ചു. ഏതെങ്കിലും തുര്‍ക്കി വിദ്യാഭ്യാസ സ്ഥാപനവുമാമുള്ള സഹകരണം ജാമിയ മില്ലിയ ഇസ്‌ലാമിയ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അവര്‍ പ്രഖ്യാപിച്ചു.
കാണ്‍പൂര്‍ സര്‍വകലാശാല, നോയിഡയിലെ സ്വകാര്യ സര്‍വകലാശാലയായ ശാരദ സര്‍വകലാശാല തുടങ്ങിയ മറ്റ് സ്ഥാപനങ്ങളും തുര്‍ക്കി സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചവയില്‍പെടും. ഇസ്താംബുള്‍ അയ്ഡിന്‍ സര്‍വകലാശാലയുമായും ഹസന്‍ കല്യോങ്കു സര്‍വകലാശാലയുമായും ഉള്ള ധാരണാപത്രങ്ങള്‍ റദ്ദാക്കിയതായി ശാരദ സര്‍വകലാശാല പ്രഖ്യാപിച്ചു. ഏതെങ്കിലും അക്കാദമിക് ബന്ധം തുടരുന്നത് ദേശീയ മുന്‍ഗണനകള്‍ക്ക് വിരുദ്ധമാകുമെന്ന് കാണ്‍പൂര്‍ സര്‍വകലാശാല പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാല നിലവില്‍ അതിന്റെ അന്താരാഷ്ട്ര അക്കാദമിക് പങ്കാളിത്തങ്ങള്‍ പുനഃപരിശോധിച്ചുവരികയാണ്. 'ഞങ്ങള്‍ എല്ലാ ധാരണാപത്രങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, സമഗ്രമായ അവലോകനത്തിന് ശേഷം തീരുമാനമെടുക്കും' -ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബഹിഷ്‌കരണം അക്കാദമിക് മേഖലക്ക് പുറത്തേക്കും വ്യാപിച്ചു. വ്യാപാരികള്‍ തുര്‍ക്കി സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ വിസമ്മതിക്കുകയും വ്യക്തികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ റദ്ദാക്കുകയും ചെയ്തു. ഈസ് മൈട്രിപ്പ്, ഇക്‌സിഗോ പോലുള്ള ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്ഫോമുകളും തുര്‍ക്കിയിലും മറ്റ് സഖ്യരാജ്യങ്ങളിലും സന്ദര്‍ശനം നടത്തുന്നതിനെതിരെ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനെ പിന്തുണച്ച് തുര്‍ക്കി രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കിയുടെതാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നിരുന്നു. കൂടാതെ പാക് സൈന്യത്തിന് തുര്‍ക്കിയില്‍ നിന്ന് സഹായം കിട്ടിയിരുന്നു എന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ടര്‍ക്കിഷ് മാദ്ധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തിരുന്നു.