കാൻബറ: പേരുകളിലെ ചെറിയൊരു മിസ്റ്റേക്ക് കാരണം യുവാവ് പോലീസ് വലയിൽ കുടുങ്ങിയത് രണ്ടു പ്രാവശ്യം. ഓസ്ട്രേലിയയിലെ ഒരു യുവാവിനാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. ഇയാൾ പുറത്തിറങ്ങിയാൽ പണി ഉറപ്പാണ്. ട്രാഫിക്കിൽ നിന്നാലും ഷോപ്പിങ്ങിന് പോയാലും പോലീസ് വെറുതെ വിടില്ല. ജസ്റ്റ് മുഖത്ത് നോക്കിയാൽ അപ്പൊ തൂക്കും എന്ന അവസ്ഥയായിരുന്നു.

ഇതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത് രണ്ടു തവണ. ഒടുവിലാണ് അറിയുന്നത് എല്ലാത്തിനും കാരണം ചെറിയൊരു സ്പെല്ലിം​ഗ് മിസ്റ്റേക്ക് എന്ന്. പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി. ഇതിന്റെ പേരിൽ ഒരാൾക്ക് ജയിലിൽ കഴിയേണ്ടി വന്നത് രണ്ട് തവണ. ഓസ്ട്രേലിയയിലാണ് നാടകീയ സംഭവം നടന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസിനുണ്ടായ പിഴവാണ് ഒരാളെ രണ്ട് തവണ അറസ്റ്റ് ചെയ്യാൻ കാരണമായി തീർന്നത്.

മാർക്ക് സ്മിത്ത് എന്നൊരാൾ എമർജൻസി സർവീസിൽ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു ബോട്ടിന്റെ ഉടമയിൽ നിന്നും ഭീഷണി നേരിടുന്നു എന്ന് കാണിച്ചാണ് ഇയാൾ എമർജൻസി സർവീസിൽ വിളിച്ചത്. അതേസമയം തന്നെ മറ്റൊരാളും എമർജൻസി സർവീസിൽ വിളിച്ചു. തന്റെ ബോട്ട് മോഷണം പോയി എന്നതായിരുന്നു ഇയാളുടെ പരാതി. ഇവിടെ ഉണ്ടായിരുന്ന ഉദ്യോ​ഗസ്ഥൻ Marc എന്നതിന് പകരം Mark എന്നാണ് ഇയാളുടെ പേര് കുറിച്ചു വച്ചത്. അങ്ങനെ ഇയാളെ ജാമ്യ ലംഘനവുമായും കുടിശ്ശിക വാറണ്ടുമായും ബന്ധപ്പെട്ട മറ്റൊരു കേസിൽ പെട്ട ആളുമായി മാറിപ്പോവുകയും ചെയ്തു.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മാർക്കിന്റെ ഐഡന്റിറ്റിയും വിലാസവും പരിശോധിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. പകരം, ബോട്ട് മോഷണം, മോഷ്ടിച്ചെടുത്ത സ്മാർട്ട് റൈഡർ കാർഡ് കൈവശം വയ്ക്കൽ, കുടിശ്ശിക വാറണ്ട് എന്നീ കേസുകളിൽ പെട്ട ആളാണെന്ന് കരുതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മാർക്ക് തന്റെ പേരിന്റെ സ്പെല്ലിം​ഗ് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇത് താനല്ല എന്ന് ഉദ്യോ​ഗസ്ഥരോട് പറഞ്ഞെങ്കിലും അവരത് കേൾക്കാൻ തയ്യാറായില്ല. മാത്രമല്ല, മാർക്കിന്റെ ഫിം​ഗർ പ്രിന്റ് മാച്ചാവുന്നുണ്ടായിരുന്നില്ല. അതും ഉദ്യോ​ഗസ്ഥർ അവ​ഗണിച്ചു. അങ്ങനെ അയാളെ അവർ കസ്റ്റഡിയിൽ വച്ചു. പിന്നീട് കേസ് കോടതിയിലെത്തിയപ്പോൾ അവിടെ നിന്നും ഉടനടി തന്നെ തെറ്റ് മനസിലാവുകയും മാർക്കിനെ വെറുതെ വിടുകയും ചെയ്തു.

എന്നാൽ, മൂന്ന് മാസത്തിന് ശേഷം മറ്റൊരു ഉദ്യോ​ഗസ്ഥൻ ഇതുപോലെ വീണ്ടും മാർക്കിന്റെ പേര് തെറ്റായി രേഖപ്പെടുത്തുകയും ഇതുപോലെ മാർക്കിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ മാർക്ക് ഇത് അന്നത്തെ സംഭവത്തിന്റെ ആവർത്തനമാണ് എന്ന് പറഞ്ഞിരുന്നു. പിന്നീട്, ഇതും തെറ്റായ ആളാണ് എന്ന് മനസിലാവുകയായിരുന്നു. ശേഷം, സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ കറപ്ഷൻ ആൻഡ് ക്രൈം കമ്മീഷൻ പിന്നാലെ സംഭവത്തിൽ അപലപിക്കുന്നതായി വ്യക്തമാക്കി.