ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ ഇന്ത്യ പാക്കിസ്ഥാന്‍ സൈനിക നടപടിക്ക് പിന്നാലെ വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാക്കിസ്ഥാനാണെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥതയെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പാര്‍ലമെന്റി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. അതേസമയം, പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാല്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളിയ വിദേശകാര്യ സെക്രട്ടറി, ആദ്യ ഘട്ട ആക്രമണം കഴിഞ്ഞാണ് പാകിസ്ഥാനെ വിവരം അറിയിച്ചതെന്നും വ്യക്തമാക്കി.

പാക്കിസ്ഥാനായിരുന്നു വെടിനിര്‍ത്തലിന് ഇങ്ങോട്ട് ആവശ്യവുമായി വന്നത്. അല്ലാതെ ഇക്കാര്യത്തില്‍ അമേരിക്ക ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കമ്മിറ്റിയെ ബോധിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായ വിവരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. തങ്ങളാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയങ്ങള്‍ ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്തു.

പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ( ഡിജിഎംഒ) വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുടെ യാതൊരു തരത്തിലുമുള്ള ഇടപെടലുണ്ടായില്ല എന്നും വിദേശകാര്യ സെക്രട്ടറി കമ്മറ്റിയെ അറിയിച്ചു.

ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്ലാലയിലെ തന്ത്രപ്രധാനമായ നൂര്‍ഖാന്‍ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു.

അതേ സമയം വെടിനിര്‍ത്തലില്‍ ഇന്ത്യയുടെ കര്‍ശന നിലപാടിന് വഴങ്ങുകയാണ് പാക്കിസ്ഥാന്‍. ചര്‍ച്ച നടത്തി വെടിനിര്‍ത്തല്‍ നീട്ടാമെന്നും സിന്ധു നദി ജല കരാറില്‍ പുന പരിശോധന വേണമെന്നുമുളള പാക് നിര്‍ദേശം തളളുകയാണ് ഇന്ത്യ. ഇതോടെ വെള്ളിയാഴ്ച്ച വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നുമുള്ള ഇന്ത്യന്‍ നിലപാടിന് പാകിസ്ഥാന്‍ വഴങ്ങിയത്.

ഇതിനിടെയാണ് പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാല്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി എന്ന ചോദ്യം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചത്. നേരത്തെ വിദേശകാര്യമന്ത്രാലയമടക്കം നല്‍കിയ വിശദീകരണത്തില്‍ വ്യക്തതയില്ലെന്നും വിദേശകാര്യ മന്ത്രിയുടെ മൗനം അപലപനീയമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഭീകരകേന്ദ്രങ്ങളെല്ലാം തകര്‍ത്ത ശേഷമാണ് ഇത് സൈനിക നീക്കം അല്ലായെന്ന മുന്നറിയിപ്പ് നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വീണ്ടും വ്യക്തമാക്കുന്നത്.