ന്യൂഡല്‍ഹി: പഹല്‍ഗാമിന് മുമ്പ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത് ഡല്‍ഹിയെ. രാജ്യ തലസ്ഥാനത്തെ തകര്‍ക്കാന്‍ പാക്കിസ്ഥാനില്‍ ഗൂഡാലോചന നടന്നു. അത് ഇന്ത്യ തിരിച്ചറിഞ്ഞു. ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ചാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി, റാഞ്ചി സ്വദേശി അഖ്ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹിയിലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതായത് പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മുമ്പ് ഡല്‍ഹിയെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് സാരം.

ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാള്‍ സ്വദേശി ഇന്ത്യയിലത്തിയിട്ടുള്ളതായാണ് ലഭിച്ച രഹസ്യവിവരം. ഇതനുസരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ സൈനിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍സാരിയെന്ന നേപ്പാള്‍ സ്വദേശി അറസ്റ്റിലായത്. അന്‍സാരിക്ക് ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുനല്‍കിയത് റാഞ്ചിസ്വദേശിയാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഖത്തറില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് ഐഎസ്ഐ അന്‍സാരിയെ റിക്രൂട്ട് ചെയ്തത്. 2024 ലില്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ എത്തിച്ച് ഇയാള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ നിന്നാണ് റാവല്‍പിണ്ടിയിലെ ഭീകരതയെ കുറിച്ച് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍, ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ടും ചില വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരായ മുസമ്മില്‍, ഡാനിഷ് എന്നിവര്‍ക്കും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് വിവരം. പിടിയിലായ ഐഎസ്ഐ ഏജന്റുമാര്‍ക്ക് ചില ഇന്ത്യന്‍ യുട്യൂബര്‍മാരുമായും ബന്ധമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഡാനിഷിന് പിടിയിലായ ഇന്ത്യന്‍ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ബന്ധമുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജ്യോതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ഇന്ത്യന്‍ ഏജന്‍സികള്‍ തുടരും. ഏതായാലും ഡല്‍ഹിയിലെ ആക്രമണം പൊളിഞ്ഞ ശേഷമാണ് പാക്കിസ്ഥാനിലുള്ള തീവ്രവാദികള്‍ പഹല്‍ഗാം ആക്രമണം നടത്തിയതെന്നാണ് സൂചന. പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ ഡല്‍ഹിയെ ലക്ഷ്യമിട്ട് മിസൈലും അയച്ചു. ഇതിനെ ഇന്ത്യ തകര്‍ക്കുകയും ചെയ്തു. ഇതോടെ ഡല്‍ഹിയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഐഎസ്ഐ നിയോഗിച്ച അന്‍സാറുല്‍ മിയ അന്‍സാരി എന്ന ചാരന്‍ ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഡല്‍ഹിയിലെത്തും എന്നായിരുന്നു വിവരം. ഫെബ്രുവരി 15ന് ഇയാള്‍ ഡല്‍ഹിയിലെത്തുകയും വിവരങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. ശേഷം തിരിച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലാകുകയായിരുന്നു. അഖ്ലഖ് അസം കൂടി നിലവില്‍ പിടിയിലായതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇന്ത്യ പുറത്താക്കിയ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് വിവരം. യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്ന ഡാനിഷ്, മുസമ്മില്‍ എന്നിവരും ഈ പദ്ധതിയില്‍ പങ്കാളികളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

അതിനിടെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെക്കൂടി ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. പദവിക്കു ചേരാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണു നടപടി. 24 മണിക്കൂറിനകം രാജ്യം വിടണമെന്നാണു നിര്‍ദേശം. മേയ് 13നും ഒരു പാക് ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇവര്‍ക്കും ഭീകരരുമായി ബന്ധമുണ്ടെന്നാണ് സൂചന. പഞ്ചാബില്‍ ബാബര്‍ ഖല്‍സ ഇന്റര്‍നേഷന്‍ എന്ന സംഘടനയുടെ ആക്രമണം ഉണ്ടായതിന് ശേഷം വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു അന്‍സാരിയുടെ അറസ്റ്റ് ഉണ്ടായത്. അന്‍സാരിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത് അഖ്‌ലഖ് അസം എന്നയാളായിരുന്നു. ഇന്ത്യന്‍ സേനയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ കൈമാറിയത്.

അന്‍സാരിയും അസമും നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും പാകിസ്ഥാനി ഹാന്‍ഡ്ലര്‍മാരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.