രുകാലത്ത് വര്‍ണ്ണവിവേചനത്തിന്റെ നാടായാണ് ദക്ഷിണാഫ്രിക്ക അറിയപ്പെട്ടിരുന്നത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കുപോലും ആ നാട്ടില്‍ വെച്ചുണ്ടായ ഹീനമായ വിവേചനത്തിന്റെ കഥ പ്രശസ്തമാണ്. ഒരുകാലത്ത് വെള്ളക്കാര്‍ കറുത്തവര്‍ഗക്കാരെ നിര്‍ദാക്ഷിണ്യം പീഡിപ്പിച്ച, എവിടെയും വൈറ്റ് സുപ്രീമസി നിലനിന്ന തെക്കനാഫ്രിക്കയില്‍, ഇപ്പോള്‍ വെള്ളക്കാരന്റെ മരണ മൊഴി മുഴങ്ങുകയാണെന്നാണ്, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രപും, ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയായ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്കും അടക്കമുള്ളവര്‍ പറയുന്നത്. കറുത്ത വര്‍ഗ തീവ്രവാദികള്‍ നിര്‍ദ്ദയം വെള്ളക്കാരായ കര്‍ഷകരെ കൊന്നുതള്ളുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കലാപം ഭയന്ന് നാടുവിടുന്ന വെള്ളക്കാരുടെ സ്വത്തുക്കള്‍, ബ്ലാക്ക്സ് കൈക്കലാക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ഇതിന്റെ പേരില്‍ വലിയ ബഹളമാണ് ട്രംപ് ഉണ്ടാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് യുക്രൈന്‍ പ്രസിന്‍ഡറ് വ്ളോദിമിര്‍ സെലന്‍സ്‌ക്കിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിച്ച് അപമാനിച്ചപോലെ,കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയെയും വൈറ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി, ട്രംപ് ശരിക്കും ഫയര്‍ ചെയ്തിരുന്നു. അന്ന് ട്രംപ് കുറേ ചിത്രങ്ങളും വീഡിയോകളും വെള്ളക്കാരുടെ വംശഹത്യയുടെ തെളിവുകളാക്കി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇവയില്‍ പലതും തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ആ ചിത്രം റുവാണ്ടയിലേത്

റോയിട്ടേഴ്സ് പുറത്തുവിട്ട ഒരു ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ഫയറിങ്ങ് മുഴുവന്‍. എന്നാല്‍ 'ദക്ഷിണാഫ്രിക്കയിലെ വംശഹത്യയില്‍ കൊല്ലപ്പെട്ട വെളുത്ത വര്‍ഗക്കാര്‍' എന്ന പേരില്‍ ട്രപ് ഓവല്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, കോഗോയിലേതായിരുന്നു. റോയിട്ടേഴ്സ് എടുത്ത ആ ചിത്രമാണ് ഇതെന്ന് അവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. ഫെബ്രുവരി 3ന് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ചിത്രമാണ് ട്രംപ് കാണിച്ചത്. റുവാണ്ടയിലെ വിമതപോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന ചിത്രമായിരുന്നു അത്. ഈ ചിത്രം പിന്നീട് ഓണ്‍ലൈന്‍ മാസികയായ അമേരിക്കന്‍ തിങ്കര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ട്രംപ് റമാഫോസക്ക് കാണിച്ചുകൊടുത്തത്. ഈ ദൃശ്യങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ വംശീയ പീഡനത്തിന്റെ തെളിവ് എന്ന് കാണിച്ച് വൈറ്റ് ഹൗസ് എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു.




ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ഭീഷണി മൂലം വെള്ളക്കാര്‍ രാജ്യം വിട്ട് പോവുകയാണെന്നും, അവരുടെ ഭൂമിയെല്ലാം മറ്റുള്ളവര്‍ തട്ടിയെടുക്കയാണെന്നും, ദക്ഷിണാഫ്രിക്കാന്‍ പ്രസിഡന്റുമായുള്ള സംസാരത്തില്‍ ട്രംപ് ആരോപിച്ചിരുന്നു. പല വെള്ളക്കാരെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നെന്നും ട്രപ് ആരോപിച്ചു.

എന്നാല്‍ ട്രംപ് ശരിക്കും ചുടായിട്ടും അങ്ങേയറ്റം സംയമനം പാലിച്ചാണ് റാമഫോസ പ്രതികരിച്ചത്. തന്റെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലെ ഇരകള്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാര്‍ ആണെന്നും റാമഫോസ പറഞ്ഞു. ഈ ദൃശ്യങ്ങളെല്ലാം 2020ലത് ആണെന്നും വെള്ളക്കാരുടെ വംശഹത്യയുമായി അതിന് ഒരു ബന്ധവുമില്ലെന്നും റാമഫോസ അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. പക്ഷേ ട്രംപ് അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ശകാരം തുടരുകയായിരുന്നു. സ്വന്തം രാജ്യത്ത് വംശഹത്യ നടക്കുന്നതിനാല്‍ വെള്ളക്കാര്‍ അമേരിക്കയിലേക്ക് പലായനം ചെയ്യുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം. ഇപ്പോള്‍ റോയിട്ടേഴ്സിന്റെ വാര്‍ത്ത പുറത്തുവന്നതോടെ വെറ്റ്ഹൗസ് ശരിക്കും വെട്ടിലായിരിക്കയാണ്.

ആഞ്ഞടിച്ച് ട്രംപ്

ഊഷ്മളമായി തുടങ്ങി, ഏറ്റുമുട്ടലില്‍ അവസാനിച്ച ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ഇരു നേതാക്കളും ഗോള്‍ഫിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും, ട്രംപ് ദക്ഷിണാഫ്രിക്കയുടെ കായിക രംഗത്തെ മികവിനെ പ്രശംസിക്കുകയും ചെയ്തു. റമാഫോസ വ്യാപാര പ്രശ്നങ്ങളെക്കുറിച്ചും നിര്‍ണായക ധാതു കരാറിനെകുറിച്ചുമാണ് സംസാരിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ 'വെള്ളക്കാരുടെ വംശഹത്യ' എന്ന വിഷയം കടന്നുവന്നതോടെ ട്രംപ് പ്രകോപിതനായി. പിന്നെ അങ്ങോട്ട് എകപക്ഷീയമായ ഫയറിങ്ങ് ആയിരുന്നു.

വെള്ളക്കാരായ കര്‍ഷകര്‍ക്കെതിരായ പ്രകോപനത്തിന്റെ തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ട ഒരു വീഡിയോ യോഗത്തിനിടെ അദ്ദേഹം പ്ലേ ചെയ്തു, കൂടാതെ ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയക്കാരുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു. ദക്ഷിണാഫ്രിക്കയിലെ ഇക്കണോമിക്ക് ഫ്രീം ഫൈറ്റേഴ്സ് എന്ന പാര്‍ട്ടിയുടെ നേതാവ് ജൂലിയന്‍സ് മലേമയെയാണ് ഒരു പ്രധാന ഭീഷണിയായി ട്രംപ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ തീര്‍ത്തും സമയനം പാലിച്ചായിരുന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ മറുപടി.

ദക്ഷിണാഫ്രിക്കയില്‍ കൊലചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും കറുത്തവര്‍ഗ്ഗക്കാരാണെന്ന് റാമഫോസ പറഞ്ഞതിന് ശേഷം, 'പക്ഷേ കൊല്ലപ്പെടുന്ന കര്‍ഷകര്‍ കറുത്തവരല്ല,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പക്ഷേ വെള്ളക്കാരായ കര്‍ഷകര്‍ കൊല്ലപ്പെടുന്നില്ല എന്നാണ് റമാഫോസ പറഞ്ഞത്. മലേമ ചെറിയ ഒരു പാര്‍ട്ടിയുടെ നേതാവ് മാത്രമാണെന്നും, ദക്ഷിണാഫ്രിക്കയ്്ക്ക് ഒരു ഭരണഘടന ഉണ്ടെന്നുമാണ് റമാഫോസ ചൂണ്ടിക്കാട്ടിയെങ്കിലും ട്രംപ് അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

എന്താണ് യാഥാര്‍ത്ഥ്യം?

നേരത്തെയും ട്രംപ് വെള്ളക്കാരെ വംശഹത്യചെയ്യുന്നുവെന്ന ആരോപണം ഉയര്‍ത്തി ദക്ഷിണാഫ്രിക്കക്കെതിരെ തിരിഞ്ഞിരുന്നു. വെളത്തു വര്‍ഗക്കാരായ ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റക്കാരെ സ്വീകരിക്കാനായി, അമേരിക്ക അടുത്തിടെ അവരുടെ കര്‍ശനമായ കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി 50ഓളം ദക്ഷിണാഫ്രിക്കാര്‍ കഴിഞ്ഞ ദിവസം യുഎസില്‍ എത്തിയിരുന്നു.

സൗത്ത് ആഫ്രിക്കയിലെ വെളുത്ത വര്‍ഗക്കാരായ ഡച്ചുകാരുടെ പിന്‍മുറക്കാരെയാണ് അമേരിക്കയില്‍ അഭയം തേടാനായി ട്രംപ് ക്ഷണിച്ചത്. ഇവര്‍ ദക്ഷണിണാഫ്രിക്കയില്‍ വലിയ വിവേചനം നേരിടുന്നുവെന്നാണ് ട്രംപിന്റെ വാദം. ദക്ഷിണാഫ്രിക്കന്‍ വംശജനായ ഇലോന്‍ മാസ്‌ക്കും ഈ വാദത്തെ പിന്തുണച്ചിരുന്നു. കറുത്ത വര്‍ഗക്കാരുടെ സാമ്പത്തിക ശാക്തീകരണ നിയമങ്ങള്‍ കാരണം തന്റെ കമ്പനിയായി സ്റ്റാര്‍ലിങ്കിന് ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും മസ്‌ക്ക് പറഞ്ഞു.

പക്ഷേ നിഷ്പക്ഷമായ വസ്തുകള്‍ പരിശോധിക്കുമ്പോള്‍ കാണാനാവുക, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞതുതന്നെയാണ് യാഥാര്‍ത്ഥ്യം എന്നാണ്. ദക്ഷിണാഫ്രിക്കയില്‍ വലിയ രീതിയില്‍ ക്രൈം റേറ്റ് കൂടിയിട്ടുണ്ട്. അക്രമങ്ങളും ഗോത്രകലാപങ്ങളും ഉണ്ടാവാറുണ്ട്. 2024 കണക്കുപ്രകാരം ഇങ്ങനെയുണ്ടായ ആറായിരത്തോളം കലാപങ്ങളില്‍, 90 ശതമാനത്തിലും ഇരകള്‍ ആക്കപ്പെട്ടവര്‍ കറുത്ത വര്‍ഗക്കാരാണ്. ഇതില്‍ 44 എണ്ണം മാത്രമാണ് കാര്‍ഷിക പ്രശ്നങ്ങളുടെ പരിധിയില്‍ വരിക. ഇതില്‍ ഒന്നില്‍ മാത്രാണ് വെള്ളക്കാരനുനേരെ അതിക്രമം ഉണ്ടായത്. യു എന്‍ അടക്കമുള്ള ഒരു ഏജന്‍സിയും ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ വംശഹത്യാഭീഷണി നേരിടുകയാണെന്ന് അംഗീകരിച്ചിട്ടില്ല. എന്നാല്‍ വെള്ളക്കാര്‍ക്കെതിരെ സംസാരിക്കുന്ന തീവ്രമായ ചില പാര്‍ട്ടികളും സംഘടനകളും ദക്ഷിണാഫ്രിക്കയില്‍ ഉണ്ട് എന്നതും സത്യമാണ്.

ഡച്ച് കുടിയേറ്റക്കാരുടെ പിന്‍മുറക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ ജനസംഖ്യയുടെ 7 ശതമാനം മാത്രമാണ്. 94-വരെയുള്ള വര്‍ണ്ണവിവേചനക്കാലത്ത് അവരാണ് ഭരിച്ചിരുന്നത്. പിന്നീട് നെല്‍സന്‍ മണ്ടേലയിലൂടെ ഭരണം, കറുത്ത വര്‍ഗക്കാരുടെ കൈകളിലെത്തി. അതോടെ കറുത്തവര്‍ക്ക് അനുകുലമായി നിയമങ്ങള്‍ മാറി. നമ്മുടെ നാട്ടിലെ ഭൂപരിഷ്‌ക്കരണം നിയമം പോലെ ഏക്കറുകണക്കിന് ഭൂമി കൈവശം വെക്കുന്ന വെള്ളക്കാരില്‍നിന്ന് അതിന്റെ ഒരുഭാഗം പിടിച്ചെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നിയമമുണ്ട്. അതല്ലാതെ വെള്ളക്കാരെ വംശഹത്യ ചെയ്യാനുള്ള ശ്രമം അവിടെയില്ല എന്നാണ് നിഷ്പക്ഷ മാധ്യമങ്ങള്‍ പറയുന്നത്. അധികാരംപോയതോടെ നല്ലൊരു ശതമാനം വെള്ളക്കാരും ദക്ഷിണാഫ്രിക്ക ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുകയും ചെയ്തിരുന്നു.