തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം. രണ്ടുദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം. അടുത്ത ഏഴുദിവസം വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നല്‍കി. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.

മഴ കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ബീച്ചുകളും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. കോഴിക്കോട്ടെ നദീ തീരങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്കും ചുരം മേഖലയിലേക്കും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയിലെ ജലാശയങ്ങളിലേ ജലവിനോദങ്ങള്‍ നിര്‍ത്തിവെച്ചു.ക്വാറികളുടെ പ്രവര്‍ത്തനം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ നിര്‍ത്തിവക്കണമെന്നും അറിയിപ്പുണ്ട്.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കോട്ടയം, മലപ്പുറം, ആലപ്പുഴ, കൊല്ലം, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കനത്ത മഴയില്‍ തിരുവനന്തപുരത്ത് വന്‍ നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച വൈകീട്ടോടെ കനത്ത മഴയിലും കാറ്റിലും കാര്യവട്ടം , പാങ്ങപ്പാറ ,ചെമ്പഴന്തി, സ്വാമിയാര്‍ മഠം, ആറ്റിന്‍കുഴി എന്നിവിടങ്ങളില്‍ മരമൊടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം റോഡ് വക്കില്‍ നിന്ന മരം കടപുഴകിയതിനെ തുടര്‍ന്ന് അര മണികൂറിലേറെ ഗതാഗത തടസപ്പെട്ടു.

പാങ്ങപ്പാറ ഗുരു മന്ദിരത്തിന് സമീപത്ത് നിന്ന മരം റോഡിലേക്ക് കടപുഴകി. ആറ്റിന്‍കുഴി പഴയ റോഡില്‍ നിന്ന തെങ്ങ് വൈദ്യുതി തൂണ് തകര്‍ത്ത് റോഡിലേക്ക് വീണു. സ്വാമിയാര്‍ മഠം ജംഗ്ഷനില്‍ നിന്ന മരം കടപുഴകിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറില്‍ അധികം ഗതാഗത തടസമുണ്ടായി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് എതിര്‍വശത്തുനിന്ന് പരസ്യ ബോര്‍ഡ് റോഡിലേക്ക് വീണു. വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി തൂണുകളും തകര്‍ന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.

കനത്ത മഴ തുടര്‍ന്നാല്‍ പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.

* ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിര്‍ദേശങ്ങള്‍

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.