- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍ വെബ്‌സൈറ്റ് കുഴപ്പത്തിയതിന് വലിയ വില കൊടുക്കേണ്ടി വരിക ടാറ്റ കണ്‍സള്‍ട്ടന്‍സി; ഒരു മാസത്തിലേറെയായി എം ആന്‍ഡ് എസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടക്കാത്തതിനാല്‍ കോടികളുടെ നഷ്ടം: ഉത്തരവാദിത്തം ഇന്ത്യന്‍ കമ്പനിക്ക്
ലണ്ടന്‍: യുകെയിലെ മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സറില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തിന് വഴി വെച്ചത് തങ്ങളിലൂടെയാണോ എന്നറിയാന്‍ ഒരു ഇന്ത്യന്‍ ഐ ടി കമ്പനി ആഭ്യന്തര അന്വേഷണം നടത്തുന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി എം ആന്‍ഡ് എസ്സിന് ഐ ടി സേവനം നല്‍കുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് ഈ കമ്പനി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ നഷ്ടമുണ്ടാക്കിയ സൈബര്‍ ആക്രമണത്തിന് തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി വഴിയാണ് ഹാക്കര്‍മാര്‍ സിസ്റ്റം ആക്സസ് ചെയ്തതെന്ന് കഴിഞ്ഞയാഴ്ച എം ആന്‍ഡ് എസ് ആരോപിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ ബി ബി സിയില്‍ വന്ന റിപ്പോര്‍ടുമായി ബന്ധപ്പെട്ട് എം ആന്‍ഡ് എസ്സോ, ടാറ്റയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണ വിവരം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത എഫ് ടി, അതുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തത്, അന്വേഷണം ഈ മാസം അവസാനത്തോടെ തീരുമെന്നാണ്. ടി സി എസ് അന്വേഷണം ആരംഭിച്ചത് എപ്പോഴാണെന്നത് വ്യക്തമല്ല. ഏപ്രില്‍ അവസാനം മുതല്‍, ഉപഭോക്താക്കള്‍ക്ക് എം ആന്‍ഡ് എസ് വെബ്‌സൈറ്റ് വഴി സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
വരും ആഴ്ചകളില്‍ ഓണ്‍ലൈന്‍ സര്‍വ്വീസ് സാവധാനം സാധാരണ നിലയിലേക്കെത്തുമെന്ന് നേരത്തെ എം ആന്‍ഡ് എസ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, ചില തടസ്സങ്ങള്‍ ജൂലായ് വരെ തുടരാനാണ് സാധ്യത എന്നറിയുന്നു. സൈബര്‍ ആക്രമണം മൂലം ഈ വര്‍ഷത്തെ ലാഭത്തില്‍ 300 മില്യന്‍ പൗണ്ടിന്റെ കുറവുണ്ടാകും എന്നാണ് എം ആന്‍ഡ് എസ് കണക്കുകൂട്ടുന്നത്. അതേസമയം, ഈ ആക്രമണവുമായി ബന്ധപ്പെട്ട് സ്‌കാറ്റേരേഡ് സ്പൈഡേഴ്സ് എന്നറിയപ്പെടുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന ഹാക്കര്‍മാരുടെ ഒരു സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോ- ഓപ്, ഹാരോഡ്‌സ് എന്നിവയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലും ഇതേ സംഘമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍, ഏറ്റവുമധികം നഷ്ടം സഹിക്കേണ്ടി വന്നത് എം ആന്‍ഡ് എസ്സിനായിരുന്നു. എം ആന്‍ഡ് എസ്സിന്റെ കസ്റ്റമര്‍ റിവാര്‍ഡ് പദ്ധതിയായ സ്പാര്‍ക്ക്സുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ എം ആന്‍ഡ് എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് എന്നാണ് ടി സി എസ് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്.
2023-ലെ റീട്ടെയില്‍ സിസ്റ്റംസ് അവാര്‍ഡ്‌സില്‍, റീട്ടെയില്‍ പാര്‍ട്ടണര്‍ഷിപ് ഓഫ് ദി ഇയര്‍ പുരസ്‌കാരും ടി സി എസ്സും, എം ആന്‍ഡ് എസ്സും നേടിയിരുന്നു. കോ -ഓപ് ഉള്‍പ്പടെ നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ക്ക് ടി സി എസ് ഐ ടി സേവനം നല്‍കുന്നുണ്ട്.