- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഫീഡര്‍ കപ്പലായതിനാല്‍ മാതൃ കപ്പലില്‍ നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്ന കപ്പല്‍; ദുരന്തത്തില്‍ പെട്ടത് ഇന്നലെ നാലരയോടെ കൊച്ചിയില്‍ എത്തേണ്ടിയിരുന്ന ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ 3; കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി; എണ്ണ കടലില്‍ ഒഴുകുന്നു; പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് സാധ്യത ഏറെ; അങ്ങനെ അതും കേരളത്തില്‍ സംഭവിച്ചു
കൊച്ചി: കൊച്ചി തീരത്ത് കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ(74കിലോമീറ്റര്‍) അറബിക്കടലില്‍ ചെരിഞ്ഞ എം.എസ്.സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ ഏതാണ്ട് പൂര്‍ണ്ണമായും മുങ്ങി. കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു. കേരളത്തില്‍ അപൂര്‍വ്വമായി മാത്രമാണ് കപ്പല്‍ അകപടം ഉണ്ടാകുന്നത്. അപൂര്‍വ്വമായി മാത്രമാണ് കപ്പല്‍ മുങ്ങിയിട്ടുള്ളത്. എന്നാല്‍ ഇത്രയേറെ കണ്ടൈനറുമായി എത്തിയ കപ്പല്‍ ഇത്രവലിയ അപകടത്തില്‍ പെടുന്നത് ആദ്യമായാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം ഇതിന്റെ പരിചയ കുറവ് നിഴലിച്ചുവെന്നാണ് വിലയിരുത്തല്‍.
26 ഡിഗ്രി ചരിഞ്ഞനിലയിലായിരുന്നു കോസ്റ്റ് ഗാര്‍ഡ് എത്തുമ്പോള്‍. കപ്പല്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ. എന്നാല്‍ കപ്പല്‍ കൂടുതല്‍ ചരിയുകയും കൂടുതല്‍ കണ്ടെയ്നറുകള്‍ വീണ്ടും കടലില്‍ പതിക്കുകയും ചെയ്തതോടെ നിവര്‍ത്തല്‍ അസാധ്യമായി. സുരക്ഷ കണക്കിലെടുത്ത് അവശേഷിച്ച മൂന്ന് പേരെയും കപ്പലില്‍ നിന്നും രാവിലെ നാവികസേന രക്ഷിച്ചു. കണ്ടെയ്നറുകള്‍ പൂര്‍ണമായും കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്. ഇനിയും ഇന്ധനം ചോര്‍ന്നാല്‍ അത് കടലിലെ ജീവികളെ ബാധിക്കും. അതുകൊണ്ട് തന്നെ ഇന്ധനം കൂടുതല്‍ ചോരാതിരിക്കുന്നതിനാകും ഇനി മുന്‍ഗണനന നല്‍കുക. നിലവില്‍ ഇന്ധനം കടലില്‍ വീണ്ടിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും മറുനാടന് കിട്ടി. കടലില്‍ വീണത് കപ്പലില്‍ ഉപയോഗിക്കുന്ന ബങ്കര്‍ ഓയില്‍ ആയിരിക്കാമെന്നാണ് വിലയിരുത്തല്‍. കണ്ടെയ്നറുകള്‍ ഒഴുകി തീരാത്തെത്തിയാല്‍ അപകടമാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിട്ടുണ്ട്.
കപ്പലിനെ ഉയര്‍ത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലില്‍നിന്നു മാറ്റിയിരുന്നു. കപ്പല്‍ കടലില്‍ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി. ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള കപ്പലാണ് എം.എസ്.സി. എല്‍സ 3. നാന്നൂറോളം കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ യാത്രതിരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൊച്ചിയിലെത്തേണ്ടിയിരുന്നതായിരുന്നു. 1997 ല്‍ നിര്‍മ്മിച്ച കപ്പലാണിതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍നിന്ന് ലഭ്യമാകുന്നത്. ഒരു ഫീഡര്‍ കപ്പലായതിനാല്‍ മാതൃകപ്പലില്‍നിന്ന് വിവിധ തുറമുഖങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലാണിത്.
കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്‌നറുകള്‍ തീരത്ത് അടുത്തേക്കും. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ടാണ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണത്. തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായാണ് കപ്പല്‍ ചെരിഞ്ഞത്. കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പല്‍ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്‌നറുകളില്‍ ചിലതു കടലില്‍ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തില്‍ ലഭിച്ചത്. തുടര്‍ന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയര്‍ വിമാനവും പട്രോള്‍ യാനങ്ങളായ ഐസിജിഎസ് അര്‍ണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോള്‍ യാനമായ ഐഎന്‍എസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് അപകടമെന്നു കരുതുന്നു.