തിരുവനന്തപുരം: കൂറ്റന്‍ കപ്പലിലേക്കു കണ്ടെയ്‌നര്‍ കയറ്റുന്നത് ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യ വഴി. തുറമുഖത്തെ കണ്ടെയ്‌നര്‍ പ്ലാനിങ് ഓഫിസിലാണ് നിയന്ത്രണം. വിഴിഞ്ഞം തുറമുഖത്ത് ഉപയോഗിക്കുന്നതും ഇതേ സംവിധാനം. എന്നിട്ടും വിഴിഞ്ഞത്ത് നിന്നും പോയ കപ്പല്‍ കൊച്ചിയില്‍ അപകടത്തില്‍ പെട്ടത് ആശങ്കയാകുന്നു. സ്റ്റോവേജ് പ്ലാനും ലോഡിങ് പ്രക്രിയയും മോശം കാലാവസ്ഥ കൂടി കണക്കിലെടുത്താണ് ചെയ്യുന്നത്. കണ്ടെയ്‌നറുകള്‍ തെന്നിമാറാനുള്ള സാധ്യത ഒഴിവാക്കാന്‍ എല്ലാ യൂണിറ്റുകളും ശരിയായി ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കും. കൊല്ലത്തെ തീരത്ത് കണ്ടെയ്‌നറുകള്‍ പരന്ന് നടക്കുകയാണ്.

കപ്പല്‍ യാത്ര തിരിച്ചാല്‍, കപ്പല്‍ എത്ര ആടിയുലഞ്ഞാലും ഓരോ കണ്ടെയ്നറും സ്ഥാനത്തുതന്നെ ഇരിക്കണം എന്നതാണു വ്യവസ്ഥ. പക്ഷേ അത് കൊച്ചിയിലെത്തിയപ്പോള്‍ ലൈബീരിയന്‍ പതാകയുളള കപ്പലില്‍ തെറ്റി. കണ്ടെയ്‌നറുകള്‍ വീണു. കടലില്‍ മുങ്ങി താണു. വലിയ പാരിസ്ഥിതിക പ്രശ്‌നമായി അത് മാറി. വിഴിഞ്ഞത്തെ ലോഡിംഗ് പ്രക്രിയയില്‍ പിഴവുണ്ടോ എന്ന സംശയം ഉയര്‍ന്നു. എന്നാല്‍ അത്തരത്തിലൊന്നില്ലെന്നാണ് വിദഗ്ധ നിഗമനം. വലിയ ആശങ്ക ഇതുണ്ടാക്കുന്നുണ്ട്. സമുദ്ര-പാരിസ്ഥിതിക സുരക്ഷ കേരളത്തില്‍ ഇനി കൂട്ടേണ്ടതായി വരും. പുറങ്കടലില്‍ മുങ്ങിത്താഴ്ന്ന ചരക്ക് കപ്പല്‍ ഏതുനിമിഷവും ഒരു ജലബോംബ് ആയേക്കുമെന്ന ആശങ്കയും ഉണ്ട്.

അപകടത്തില്‍പെട്ട ചരക്കു കപ്പലില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ചയില്‍ മത്സ്യമേഖല കടുത്ത ആശങ്കയിലാണ്. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയില്‍ ആഘാതമുണ്ടാക്കും. കപ്പലിലെ കണ്ടെയ്‌നറുകളില്‍ നിന്നുള്ള സാധനങ്ങള്‍ വെള്ളത്തില്‍ കലരുന്ന സാഹചര്യമുണ്ടായാല്‍ അപകട സാധ്യത ഏറും. സമുദ്ര പരിസ്ഥിതിയിലും മത്സ്യ മേഖലയിലും എണ്ണച്ചോര്‍ച്ച മൂലമുള്ള അടിയന്തര ആഘാതവും ദീര്‍ഘകാല ആഘാതവും പ്രതിസന്ധിയാകും. എണ്ണപ്പാട പരക്കുന്നതു മത്സ്യം ഉള്‍പ്പെടെ അതിലോല സമുദ്രജീവികളെ പെട്ടെന്നു ബാധിക്കും. സമുദ്രപരിസ്ഥിതിയില്‍ ഇതുണ്ടാക്കുന്ന ദീര്‍ഘകാല ആഘാതം പഠനവിധേയമാക്കേണ്ടി വരും

ഈ വര്‍ഷം മികച്ച മത്സ്യസമ്പത്ത് പ്രതീക്ഷിച്ചിരുന്നു. എണ്ണച്ചോര്‍ച്ച മത്സ്യസമ്പത്തിനെയും മത്സ്യ ബന്ധനത്തെയും ബാധിക്കും. എണ്ണച്ചോര്‍ച്ചയുടെ ആഘാതം മനസ്സിലാക്കാന്‍ എത്ര വിസ്തൃതിയില്‍, എത്രത്തോളം ചോര്‍ന്നുവെന്ന് അറിയണം. കടലില്‍ എണ്ണ കാണപ്പെടുന്നതിന്റെ തോതനുസരിച്ച് മത്സ്യബന്ധനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരും. വടക്കന്‍ ജില്ലകളില്‍ പ്രശ്‌നമില്ല. ഒഴുക്കിന്റെ ഗതി തെക്കോട്ട് ആയതിനാല്‍ എണ്ണ പരക്കുന്നതു തെക്കന്‍ ജില്ലകളിലേക്കാകും. തീരങ്ങളില്‍ ഇതിന്റെ അംശം കാണപ്പെടാന്‍ 48 മണിക്കൂര്‍ എടുക്കും. എണ്ണച്ചോര്‍ച്ച പോലെയുള്ള സാഹചര്യങ്ങള്‍ നേരിടാനുള്ള വൈദഗ്ധ്യം കോസ്റ്റ് ഗാര്‍ഡിന് ഉണ്ടെന്നതാണ് ആശ്വാസം.

16 കണ്ടെയ്നര്‍ കാത്സ്യം കാര്‍ബൈഡ് കപ്പലിലുണ്ട്. വെള്ളവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഇത് അസറ്റിലിന്‍ വാതകമായി മാറി വന്‍സ്‌ഫോടനം സംഭവിക്കാം. മറ്റു 13 കണ്ടെയ്നറില്‍ ഹാനികരമായ വസ്തുക്കളും കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമുണ്ട്. സ്‌ഫോടനമുണ്ടായാല്‍ എന്തെല്ലാം സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.38 കി. മി) അകലെ തിരക്കേറിയ കപ്പല്‍ച്ചാലിന്റെ അടിത്തട്ടിലാണ് കപ്പലിപ്പോള്‍.

20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങള്‍ എണ്ണ, രാസപദാര്‍ത്ഥ ഭീഷണിയിലായി. കപ്പലിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ എണ്ണ പരന്നിട്ടുണ്ട്. വെള്ളത്തില്‍ നിന്നും എണ്ണ വലിച്ചെടുത്തിലെങ്കില്‍ മത്സ്യസമ്പത്തിന് വലിയ പ്രതിസന്ധിയാവും. എണ്ണപടര്‍ന്നാല്‍ മത്സ്യ സമ്പത്തിന് കൊടിയനാശമുണ്ടാകും.