തിരുവനന്തപുരം: കാലവര്‍ഷം അതിശക്തം. കേരളമാകെ മഴ തിമിര്‍ത്തു പെയ്യുകയാണ്. കാലവര്‍ഷക്കെടുതിയില്‍ കേരളം വലയുകയാണ്. മരണം ഏഴായി. കോഴിക്കോട് കോടഞ്ചേരിയില്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടും, കൊല്ലം തങ്കശേരിയിലും യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാലക്കാട് വടക്കഞ്ചേരിയില്‍ വീട് തകര്‍ന്ന് വയോധിക ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്. വൈദ്യുതിയില്ലാതെ വയനാട് ചൂരല്‍മല രണ്ടാംദിവസവും ഇരുട്ടിലാണ്.

11 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. വരുന്ന 5 ദിവസവും സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട , ഇടുക്കി,കോട്ടയം, എറണാകുളം , തൃശൂര്‍ ,കണ്ണൂര്‍,മലപ്പുറം , കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. തൃശൂര്‍ ജില്ലയിലെ നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍,ഉള്‍പ്പെടെ അവധിയായിരിക്കും.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അവധി ആണെങ്കിലും ഇടുക്കി ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ല. വയനാട് ജില്ലയിലെ സര്‍വകലാശാല പരീക്ഷകള്‍ക്കും , പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റിവച്ചു.

കേരളത്തില്‍ ഉടനീളം അതിതീവ്ര മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമ്പോഴാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. നിലമ്പൂര്‍-നാടുകാണി ചുരം വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.

ശക്തമായ മഴയെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചു. നെന്മേനി, ചീരാല്‍ വില്ലേജുകളിലാണ് ക്യാമ്പുകള്‍ തുടങ്ങിയത്. രണ്ട് ക്യാമ്പുകളായി ഏഴ് കുടുംബങ്ങളാണുള്ളത്.