ലണ്ടന്‍: സൂര്യന്‍ അസ്തമിക്കാത്ത നാട് എന്നാണ് ഒരു കാലത്ത് ബ്രിട്ടന്‍ അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന് ഇന്നും എല്ലാ ലോകരാജ്യങ്ങളിലും വലിയ ആദരമാണ് ലഭിക്കുന്നത്. ഇപ്പോള്‍ രാജകുടുംബം വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബക്കിങം കൊട്ടാരത്തിന് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് പുറത്തു വന്നപ്പോഴാണ്. സമ്മാനങ്ങളുടെ പട്ടികയുടെ വലിപ്പം കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് റോയല്‍ ഫാന്‍സ്. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങളുെട പട്ടിക നോക്കാം.

2022 ല്‍ ജൂബിലി ആഘോഷിച്ച രാജ്ഞിക്ക് പ്ലാറ്റിനവും ഡയമണ്ടും കൊണ്ട് നിര്‍മ്മിച്ച നിരവധി ആഭരണങ്ങളാണ് ലഭിച്ചത്. രാജ്ഞിയുടെ മകനും ഇപ്പോഴത്തെ രാജാവുമായി ചാള്‍സിന് ലഭിച്ചതാകട്ടെ കോടികള്‍ വില വരുന്ന റോള്‍സ് റോയ്സ് കാറും. റോള്‍സ് റോയ്സ് കമ്പനിയുടെ കള്ളിനന്‍ സീരീസ് ടൂ ഇനത്തില്‍ പെട്ട കാറാണ് ഇത്. കൂടാതെ ബേസ്ബോള്‍ തൊപ്പികള്‍, സോക്സുകള്‍, പുസ്തകങ്ങള്‍, സ്ലറി ടാങ്കറിന്റെ മാതൃക തുടങ്ങി നീണ്ട പട്ടികയാണ് ഇതിലുള്ളത്. 1990 മുതല്‍ തന്നെ ഇത്തരത്തില്‍ ബക്കിങാം കൊട്ടാരത്തില്‍ ലഭിക്കുന്ന സമ്മാനങ്ങളുടെ കണക്ക് കൃത്യമായി സൂക്ഷിക്കുന്ന പതിവുണ്ട്.

നേരത്തേ ഇതുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊട്ടാരത്തിന് ലഭിക്കുന്ന സമ്മാനങ്ങളുടെ കണക്ക് കൃത്യമായി സൂക്ഷിക്കുന്നതും അവയെല്ലാം തന്നെ പുറത്തു വിടുന്നതും. സാധാരണയായി ഓരോ വര്‍ഷവുമാണ് കണക്കുകള്‍ പുറത്തുവിടാറുള്ളത്. കോവിഡ് ബാധ ഉണ്ടായതിന് ശേഷമാണ് ഇക്കാര്യത്തില്‍ മുടക്കം വന്നത്. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയും തുടര്‍ന്നുണ്ടായ മരണവും പിന്നീട് ചാള്‍സ് രാജാവിന്റെ സ്ഥാനാരോഹണവും അദ്ദേഹത്തിന് അര്‍ബുദ ബാധ കണ്ടെത്തിയതും എല്ലാം തന്നെ കണക്കുകള്‍ പുറത്തു വിടുന്നതിന് തടസമായി മാറുകയായിരുന്നു.

2020 മുതല്‍ 2023 വരെയുള്ള സമ്മാനങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ സമ്മാനങ്ങള്‍ എല്ലാം തന്നെ അഭ്യുദയകാംക്ഷികളും നാട്ടുകാരും എല്ലാം നല്‍കിയതാണ്. 2021 ല്‍ ഓസ്‌ട്രേലിയ റോയല്‍ എയര്‍ഫോഴ്‌സിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള ആറ് നായ ജാക്കറ്റുകളാണ് അവര്‍ സമ്മാനിച്ചത്. അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ എലിസബത്ത് രാജ്ഞിക്ക് ഒരു ഫേസ് മാസ്‌ക്കും സമ്മാനിച്ചിരുന്നു. അമേരിരക്കന്‍ പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ അവര്‍ക്ക് ഒരു ടിഫാനി സ്റ്റെര്‍ലിംഗ് സില്‍വര്‍ ബോക്‌സും ഒരു ഫ്ളോറല്‍ ബ്രൂച്ചും സമ്മാനമായി നല്‍കിയിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റില്‍ നിന്ന് പോണി പുതപ്പുകളും ഗോള്‍ഡ്‌സ്മിത്ത്സ് കമ്പനിയില്‍ നിന്നും റോയല്‍ ലിവര്‍പൂള്‍ ഫില്‍ഹാര്‍മോണിക്കില്‍ നിന്നുമുള്ള വജ്ര, പ്ലാറ്റിനം ബ്രൂച്ചുകളും രാജ്ഞിക്ക് ലഭിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പോലും രാജകീയതയെയും ഭാഗ്യത്തെയും പ്രതിനിധീകരിക്കുന്ന ചൈനീസ് രൂപങ്ങള്‍ പതിച്ച ഒരു വൈന്‍ പാത്രം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ രാജ്ഞിക്ക് അയച്ചിരുന്നു. 2023 ല്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണവുമായി ബന്ധപ്പെട്ട് നിരവധി വമ്പന്‍ സമ്മാനങ്ങളാണ് ലഭിച്ചത്. ഇവയില്‍ ഏറ്റവും ആകര്‍ഷകമായത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ബഹ്‌റൈന്‍ രാജാവ് അദ്ദേഹത്തിന് നല്‍കിയ റോള്‍സ് റോയ്‌സ് കള്ളിനന്‍ ടൂ കാറാണ്.

എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സമ്മാനങ്ങള്‍ ഒന്നും തന്നെ രാജാവിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കാനാകില്ല എന്നതാണ്. ലണ്ടനിലെ റോയല്‍ മ്യൂസില്‍ സൂക്ഷിച്ചിരിക്കുന്ന റോയല്‍ ഫ്ളീറ്റിലേക്കാണ് ഇവയെല്ലാം പോകുന്നത്. ഇത് ഔദ്യോഗിക അവസരങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പല രാജ്യങ്ങളില്‍ നിന് ലഭിച്ച വൃക്ഷത്തൈകളും ഈ സമ്മാന ശേഖരത്തില്‍ ഉള്‍പ്പെടുന്നു.