- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയ ഇസ്മയില്‍ ഫെക്രിയെ വധശിക്ഷക്ക് വിധേയനാക്കി ഇറാന്‍; ശിക്ഷ നടപ്പാക്കിയത് തിങ്കളാഴ്ച രാവിലെ; ടെഹ്റാനില്‍ മൊസാദിന്റെ ആയുധശാല കണ്ടെത്തി; ആയുധങ്ങള്‍ കടത്തിയ വാഹനം പിടികൂടി; ഇസ്രായേലി ചാരന്‍മാര്‍ക്കായി തെരച്ചില്‍ തുടരുന്നു
ഇസ്രായേലി ചാരന്‍മാര്‍ക്കായി തെരച്ചില്‍ തുടരുന്നു
ടെഹ്റാന്‍: ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയതിന് പിടിയിലായ ഇസ്മയില്‍ ഫെക്രി എന്നയാളെ ഇറാന്‍ വധശിക്ഷക്ക് വിധേയനാക്കി. ഇസ്മയില്‍ ഫെക്രിയെയാണ് ഇറാന്‍ വധശിക്ഷക്ക് വിധേയനാക്കിയത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് ഇയാളെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജുഡീഷ്യറിയുടെ മീഡിയ സെന്റര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2023 ഡിസംബറില്‍ ഇറാന്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ ഇന്റലിജന്‍സ് ഓപ്പറേഷനിലാണ് ഫെക്രി അറസ്റ്റിലായത്. അറസ്റ്റ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇയാള്‍ മൊസാദിന് വിവരങ്ങള്‍ കൈമാറിയതായി ഇന്റലിജന്‍സ് കണ്ടെത്തിയെന്ന് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ സ്ഥാനങ്ങള്‍, പ്രത്യേക വ്യക്തികളുടെ വിശദാംശങ്ങള്‍ എന്നിവ പോലുള്ള തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫെക്രിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് വിശകലനം നടത്തിയത്തില്‍ മൊസാദില്‍ നിന്നുള്ള ആളുകളുമായുള്ള ആശയവിനിമയങ്ങളും നിര്‍ദ്ദേശങ്ങളും കണ്ടെത്തിയിരുന്നു.
ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ചാരവൃത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇസ്മയില്‍ ഫെക്രി എന്നയാളുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കിയത്. സുപ്രീംകോടതിയുടെ അന്തിമ അംഗീകാരത്തിന് പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളും 'ടെഹ്റാന്‍ ടൈംസ്' ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പണം വാങ്ങി മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2023 ഡിസംബറിലാണ് ഇസ്മയില്‍ ഫെക്രിയെ ഇറാനിലെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുന്നവേളയില്‍ മൊസാദ് ഏജന്റുമാരുമായി ഇസ്മയില്‍ ഫെക്രി ആശയവിനിമയം നടത്തുകയായിരുന്നുവെന്നാണ് ഇറാന്‍ അധികൃതര്‍ പറഞ്ഞിരുന്നത്. മാത്രമല്ല, ഇയാളുടെ മകന്‍ ഖോദാനാസറിനും മൊസാദ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇറാനിലെ തന്ത്രപ്രധാനമേഖലകളെ സംബന്ധിച്ചുള്ള വിവരങ്ങളും വിവിധ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും ഇസ്മയില്‍ ഫെക്രി മൊസാദിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. മൊസാദിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അനുവാദം ലഭിച്ചതിന് പിന്നാലെയാണ് ഇസ്മയില്‍ ഫെക്രി ചാരവൃത്തി ആരംഭിച്ചത്. ആശയവിനിമയത്തിനായി എന്‍ക്രിപ്റ്റഡ് സംവിധാനത്തിലുള്ള പുതിയ പ്ലാറ്റ്ഫോമും തുടങ്ങി.
ക്രിപ്റ്റോകറന്‍സിയിലൂടെയാണ് മൊസാദില്‍നിന്ന് ഇയാള്‍ക്ക് പണം ലഭിച്ചിരുന്നത്. ഇതിനായി മൊസാദിന്റെ നിര്‍ദേശപ്രകാരം പ്രതി ഫോണില്‍ ക്രിപ്റ്റോ വാലറ്റ് ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിച്ചിരുന്നതായും ഇറാന്‍ അധികൃതര്‍ പറഞ്ഞു. ഫെക്രിയുടെ ആശയവിനിമയങ്ങള്‍ ഇറാനിലെ ചാരസംഘടനയും സുരക്ഷാ ഏജന്‍സികളും നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്നും ഇയാളുടെ കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് മൊസാദുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.
വിവിധ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇറാനിലെ കോടതി ഇസ്മയില്‍ ഫെക്രിയെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചത്. സുപ്രീംകോടതി പിന്നീട് ഈ വിധി പുനഃപരിശോധിക്കുകയും കീഴ്ക്കോടതി വിധി ശരിവെയ്ക്കുകയുംചെയ്തു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
ഇതിനിടെ ഇറാന്‍ ഇസ്രായേലി ചാരന്‍മാര്‍ക്കായി തെരച്ചിലും നടപടികളും കടുപ്പിച്ചു. ഇറാനകത്ത് മൊസാദ് നടത്തുന്ന രഹസ്യ ആയുധശാല കണ്ടെത്തിയ ഇറാന്‍ അധികൃതര്‍ ഇസ്രായേല്‍ ആയുധങ്ങള്‍ കടത്തുകയായിരുന്ന വാഹനവും പിടികൂടി. രണ്ട് മൊസാദ് ചാരന്‍മാരെ പിടികൂടിയതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിന് ഇടയിലാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഇറാന്‍ സൈന്യം നടപടി കടുപ്പിച്ചത്. ഇറാന്റെ മണ്ണില്‍ മൊസാദിന്റെ രഹസ്യആയുധപ്പുരകളുണ്ടെന്നും അവിടേക്ക് ആയുധങ്ങളെയും കമാന്‍ഡോകളെയും ഒളിച്ചുകടത്തിയാണ് ആദ്യ ആക്രമണം നടത്തിയതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തലസ്ഥാനമായ തെഹ്റാന്റെ പ്രാന്ത പ്രദേശത്ത് മൊസാദ് അതീവരഹസ്യമായി നടത്തിയിരുന്ന ആയുധശാല കണ്ടെത്തിയതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ പ്രസ്ടിവി റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനില്‍നിന്നും കിലോ മീറ്ററുകള്‍ അകലെ ഒരു മൂന്ന് നില കെട്ടിടത്തിലാണ് മൊസാദ് തങ്ങളുടെ ആയുധശാല പ്രവര്‍ത്തിപ്പിച്ചത്. ഇസ്രായേലില്‍നിന്നും നിന്നും കടത്തിക്കൊണ്ടുവന്ന ഡ്രോണ്‍ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുക, സ്ഫോടക വസ്തുക്കള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവന്നതെന്ന് ഇറാന്‍ പൊലീസ് അറിയിച്ചു. കെട്ടിടത്തില്‍നിന്നും പിടികൂടിയ ഡ്രോണ്‍ ഭാഗങ്ങളുടെയും ലോഹ വസ്തുക്കളുടെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇറാനില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച പല ഡ്രോണുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിര്‍മിച്ചതാണെന്നും പൊലീസ് പറഞ്ഞു.
അതിനിടെ, മറ്റൊരു സംഭവത്തില്‍ ടെഹ്റാന്‍ തെരുവിലൂടെ ഇസ്രായേല്‍ ആയുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ഒരു ട്രക്ക് പിടികൂടിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആയുധങ്ങളുമായി പോവുകയായിരുന്ന ട്രക്കിനെ ഒരു ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നീണ്ട മല്‍സരയോട്ടത്തിന് ഒടുവില്‍ ട്രക്ക് പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രക്കില്‍നിന്ന് നിരവധി ഇസ്രായേല്‍ ആയുധങ്ങളും ഡ്രോണുകളും കണ്ടെത്തിയതായി പ്രസ്ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ മണ്ണില്‍ തങ്ങളുടെ ചാരന്‍മാര്‍ ഒളിച്ചുകടന്ന് ആയുധശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എട്ടുമാസത്തിലേറെയായി മൊസാദ് ഇറാനുള്ളില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതായും ഇവ ഉപയോഗിച്ചാണ് ഇറാന്റെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാന്റ വ്യോമ പ്രതിരോധ കേന്ദ്രങ്ങളോട് ചേര്‍ന്ന് മൊസാദിന്റെ ചാരന്‍മാരെ രഹസ്യമായി വിന്യസിപ്പിച്ചതായി ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊസാദ് ചാരന്‍മാരെ ഇറാനിലേക്ക് ഒളിച്ചുകടത്തി ഏറെ കാലമെടുത്താണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ വെള്ളിയാഴ്ച പുലര്‍ച്ചെയിലെ ആക്രമണം നടത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ, മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് 2023-ല്‍ അറസ്റ്റിലായ ഇറാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്മായില്‍ ഫെക്രി എന്നയാളെയാണ് വധിച്ചത്. രണ്ട് മൊസാദ് ചാരന്‍മാരുമായി നിരന്തരം ബന്ധപ്പെടുകയും രഹസ്യ വിവരങ്ങള്‍ കൈമാറുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് വധശിക്ഷയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ ഈ വര്‍ഷം വധിക്കപ്പെടുന്ന മൂന്നാമത്തെ ആളാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.