തിരുവനന്തപുരം: ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാര്‍ വെട്ടുന്നത് സുപ്രീംകോടതി വിധിയുടെ കൂടി പശ്ചാത്തലത്തില്‍. സുരക്ഷയ്ക്ക് നിയോഗിച്ച 6 പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുശേഷമാണ് ഉത്തരവ് റദ്ദാക്കിയത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് സംസ്ഥാന സര്‍ക്കാനെതിരെ ഒന്നും ചെയ്യാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഗവര്‍ണ്ണറും സര്‍ക്കാരും തെറ്റി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലീസുകാരെ പോലും നല്‍കാത്തത്.

തന്റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോള്‍ ഗവര്‍ണര്‍ കൈമാറിയിരുന്നു. 6 പേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവര്‍ണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി കൈമാറി. മറ്റ് സുരക്ഷാപ്രശ്‌നങ്ങളില്ലെങ്കില്‍, ഭരണാധികാരികള്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്. ന്നാല്‍, കാരണം വ്യക്തമാക്കാതെ പൊലീസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. പൊലീസ് മേധാവിക്കുവേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഗവര്‍ണര്‍ നാളയേ തലസ്ഥാനത്തെത്തൂ. അതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എതിര്‍പ്പ് അറിയിക്കും. ഈ പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് കേന്ദ്ര സരുക്ഷയും വന്നേക്കും. ഏതായാലും കേരളത്തിലെ പുതിയ സംഭവവികാസങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണര്‍ അറിയിക്കും. തന്റെ എതിര്‍പ്പ് പുതിയ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനേയും അറിയിക്കും.

സുപ്രീംകോടതി ഉത്തരവിലൂടെ സര്‍ക്കാര്‍ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് അതിവേഗം തീരുമാനം എടുക്കണം. അതുകൊണ്ടു തന്നെ ഗവര്‍ണര്‍ക്കുള്ള അധികാരമെല്ലാം കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ് വന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഗവര്‍ണ്ണറുടെ സുരക്ഷാ ആവശ്യം പോലും സംസ്ഥാന സര്‍ക്കാര്‍ തള്ളുന്നത്.

അനുച്ഛേദം 200 പ്രകാരം നടപടികളില്‍ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്ന് തമിഴ്‌നാട് ഗവര്‍ണ്ണറുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്. നിയമസഭ ബില്ലുകള്‍ വീണ്ടും പാസാക്കി അയച്ചാല്‍ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമില്ല. ആദ്യ ബില്ലില്‍ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവര്‍ണ്ണര്‍ക്ക് സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ല. ഭരണഘടനയില്‍ വീറ്റോ അധികാരം നല്‍കിയിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരുന്നത്. അതില്‍ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാന സര്‍ക്കാരിനെ തടയുകയല്ല ഗവര്‍ണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കേരളാ ഗവര്‍ണറായ രാജേന്ദ്ര അര്‍ലേക്കര്‍ അനുസരിക്കുകയും ചെയ്തു.

സുപ്രീംകോടതി വിധി വന്നപ്പോള്‍ ഇതെക്കുറിച്ച് ഗവര്‍ണര്‍ പരസ്യമായി എതിര്‍നിലപാടു സ്വീകരിച്ചെങ്കിലും നിലവില്‍ ഇതുപാലിച്ചു മുന്നോട്ടുപോകാനാണു അര്‍ലേക്കറിന്റെ തീരുമാനം. ഇതിനിടെയാണ് ഭാരതാംബ വിവാദം ഉണ്ടായതും സര്‍ക്കാരുമായി ഗവര്‍ണ്ണര്‍ അകലുന്നതും. അതുകൊണ്ട് തന്നെ ഇനിയുള്ള ഗവര്‍ണ്ണറുടെ നീക്കം നിര്‍ണ്ണായകമാകും.