- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യകമാരായ പെണ്‍കുട്ടികളെ തേടി ബ്രിട്ടനില്‍ മാര്യേജ് വെബ്‌സൈറ്റ്; ഒന്നിലധികം ഭാര്യമാരെ കണ്ടെത്താനും സഹായിക്കും; നിക്കാഹ്ഗ്രാം വെബ്‌സൈറ്റ് ബ്രിട്ടനില്‍ വിവാദമാകുന്നു
ലണ്ടന്‍: കന്യകമാരായ വധുക്കളെ തേടിയും ബഹുഭാര്യത്വ സമ്പ്രദായത്തില്‍ വിവാഹാലോചനകള്‍ തേടിയുമുള്ള പരസ്യങ്ങളുമായി ഒരു മുസ്ലീം മാച്ച് മേക്കിംഗ് സൈറ്റ് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലജ്ജാവതികളും, പരപുരുഷ സ്പര്‍ശം ഏല്‍ക്കാത്തവരുമായ വധുക്കള്‍ക്കായും അതുപോലെ ഒന്നിലധികം ഭാര്യമാര്‍ക്കായും ആഗ്രഹിക്കുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് സേവനം നല്‍കുന്ന വെബ്‌സൈറ്റാണ് എന്നാണ് നിക്കാഹ്ഗ്രാം എന്ന വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. യു കെയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനം, കന്യകമാരായ 35 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെയാണ് പ്രധാനമായും പ്രമോട്ട് ചെയ്യുന്നത്.
അനുസരണക്കേട് കാണിക്കുന്ന ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ തല്ലണമെന്നാണ് നിക്കാഹ്ഗ്രാമിന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയില്‍ പറയുന്നത്. വിവാഹമോചനം എന്ന വിഷയവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റാഗ്രാം പോസിലെ വീഡിയോയില്‍ പറയുന്നത് ഭാര്യമാര്‍ അഹങ്കാരം കാണിച്ചാല്‍ ആദ്യം അവരെ ഉപദേശിക്കണം എന്നാണ്. ഒരു മാസത്തോളം നിരന്തരം ഉപദേശിച്ചിട്ടും അവര്‍ നേരെയായില്ലെങ്കില്‍ കിടപ്പറയില്‍ അവരെ അവഗണിക്കണം എന്നും പറയുന്നു.
എന്നിട്ടും അവര്‍ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍, അവരെ ചെറിയ രീതിയില്‍ മര്‍ദ്ധിക്കണമെന്നും പറയുന്നു. എന്നാല്‍, ആദ്യം തന്നെ മര്‍ദ്ധിക്കാനായി ബേസ്‌ബോള്‍ ബാറ്റ് പോലെയുള്ളവ ഉപയോഗിക്കരുതെന്നും അതില്‍ പറയുന്നുണ്ട്. അത് സാവകാശം നടപ്പാക്കേണ്ട ഒന്നാണ്. യഹൂദവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് മെഡിക്കല്‍ റെജിസ്റ്ററില്‍ നിന്നും നീക്കം ചെയ്ത ഡോക്ടര്‍ ആസിഫ് മുനാഫ് തങ്ങളുടെ ഒരു ജീവനക്കാരനാണെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. മുസ്ലീം വിവാഹങ്ങള്‍ സംബന്ധിച്ച ഉപദേശങ്ങല്‍ നല്‍കുന്ന ഒരു ഉപദേഷ്ടാവായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
സ്ഥാപനത്തിന്റെ നിരവധി സമൂഹമാധ്യമ വീഡിയോകളിലും മുനാഫ് മറ്റ് മുസ്ലീം ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാര്‍ഹിക പീഢനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ വെബ്‌സൈറ്റ് എന്നും അത് അനുവദിക്കാന്‍ പാടില്ലെന്നും ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞു. ബ്രിട്ടനെ കുടിയേറ്റ നയങ്ങളും, വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിനുള്ള നയങ്ങളും പരാജയപ്പെട്ടു എന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പൊതു ജീവിതത്തില്‍ മുനാഫിന്റെ നയങ്ങളും ആശയങ്ങളും അപ്രസക്തമാണെന്നും അത് അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലീം വിമന്‍ നെറ്റ്വര്‍ക്ക് യു കെയുടെ ചീഫ് എക്സിക്യൂട്ടിവ് ബരോണസ് ഗോഹിറും വെബ്‌സൈറ്റിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നു എന്നാണ് അവര്‍ പ്രതികരിച്ചത്. തങ്ങളുടെ സ്വത്വബോധത്താല്‍ വലയുന്ന അരക്ഷിതബോധം അനുഭവിക്കുന്ന മുസ്ലീം പുരുഷന്മാരെയും നിസ്സഹായരായ മുസ്ലീം സ്ത്രീകളെയുമാണ് നിക്കാഹ്ഗ്രാം ഉന്നം വയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു. ആധുനിക കാലത്ത് പറയുന്ന ഒഴിവുകഴിവുകള്‍ ഒന്നും ഇല്ലാതെ ഇസ്ലാമിക മൂല്യങ്ങളെ അതേപടി പിന്തുടരുന്ന മുസ്ലീങ്ങളെ വിവാഹത്തിന് സഹായിക്കുന്നതിനായി 2023 ല്‍ ആയിരുന്നു നിക്കാഹ്ഗ്രാം ആരംഭിച്ചത്.
സേവനം ഉപയോഗിക്കുന്നതിന് വരിസംഖ്യ നല്‍കി വെബ്‌സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യണം. എന്നാല്‍, കന്യകകളായ യുവതികള്‍ക്ക് വെബ്‌സൈറ്റിന്റെ സേവനം സൗജന്യമായി ലഭ്യമാണ്. സൈന്‍ അപ് ചെയ്താല്‍ മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈലുകള്‍ പരിശോധിക്കാന്‍ കഴിയും. എന്നാല്‍, സ്ത്രീകളുമായുള്ള ആശയവിനിമയമെല്ലാം അവരുടെ നിയമപരമായ രക്ഷകര്‍ത്താവിലൂടെ ആയിരിക്കണം.
കന്യാ വിവാഹത്തിനു പുറമെ ബഹുഭാര്യത്വവും വെബ്‌സൈറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. രണ്ടാമത്തെയോ, മൂന്നാമത്തെയോ, നാലാമത്തെയോ ഭാര്യയ്ക്ക് വേണ്ടി പോലും ഈ വെബ്‌സൈറ്റില്‍ പേര്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍, ബഹുഭാര്യത്വം ക്രിമിനല്‍ കുറ്റമായ പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹം റെജിസ്റ്റര്‍ ചെയ്യരുതെന്നും വെബ്‌സൈറ്റ് ഉപദേശിക്കുന്നുണ്ട്. നിക്കാഹ്ഗ്രാമിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ 7000 ല്‍ അധികം ഫോളോവര്‍മാരുണ്ട്. അഞ്ഞൂറിലധികം പോസ്റ്റുകളും ഉണ്ട്.