ലണ്ടന്‍: ബ്രിട്ടണിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അടിച്ചുവീഴ്ത്തിയ സഹോദരന്മാരുടെ ക്രൂരതകളുടെ വീഡിയോ ഇന്നലെ വിചാരണ കോടതിയില്‍ കാണിച്ചു. ഒരു പേ സ്റ്റേഷനില്‍ വെച്ച് മൊഹമ്മദ് ഫഹീര്‍ അമാസിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ ഉണ്ടായ ആക്രമണം രണ്ട് വ്യത്യസ്ത ആംഗിളുകളിലുള്ള സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് കോടതിയില്‍ കാണിച്ചത്. ഇതിന് തൊട്ടുമുന്‍പായി വിമാനത്താവളത്തിലെ സ്റ്റാര്‍ബക്ക്‌സ് കഫേയില്‍ വെച്ച് ഇയാള്‍ മറ്റൊരു യാത്രക്കാരന്റെ തലയില്‍ അടിച്ചിരുന്നതായും വിചാരണ നടക്കുന്ന ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലായ് 23 ന് കാര്‍ പാര്‍ക്ക് പെ സ്റ്റേഷനു സമീപം വെച്ച് നടന്ന അക്രമണം വെറും മൂന്ന് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്നും കോടതിയെ അറിയിച്ചു. അക്രമത്തിനിടയില്‍ 20 കാരനായ അമാസ്, ഒരു പോലീസ് ഉദ്യോഗസ്ഥനെ പത്തോളം തവണ ഇടിക്കുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. ഇയാളുടെ സഹോദരന്‍ 26 കാരനായ മുഹമ്മദ് അമാദ് ആറു തവണയും ഇടിക്കുന്നുണ്ട്. അതിനുപുറമെ അമാസ് പോലീസ് ഉദ്യോഗസ്ഥന്റെ ചവിട്ടുകയും മുട്ടുകൊണ്ട് ഇടിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മൂക്ക് ഒടിഞ്ഞിരുന്നു.

കഫേയില്‍ വെച്ച് യാത്രക്കാരനെ ആക്രമിച്ചതിന് അമാസിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ സക്കറി മാഴ്സ്‌ഡെനു നേരെ ഇരു സഹോദരന്മാരും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു. അയാളുടെ ഉറയില്‍ നിന്നും സര്‍വ്വീസ് പിസ്റ്റള്‍ ഊരിയെടുക്കാനും സഹോദരന്മാരില്‍ ഒരാള്‍ ശ്രമിച്ചതായി കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു. പിന്നീടായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. അവര്‍ക്ക് നേരെയും സഹോദരന്മാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അമാസിന്റെ കൈകളില്‍ പിടിച്ച് അറസ്റ്റ് ചെയ്യാനാണ് ആദ്യം ശ്രമിച്ചതെന്നും, അയാള്‍ പ്രതിരോധിച്ചതോടെയാണ് നിയന്ത്രണ വിധേയനാക്കാന്‍ അയാളുടെ ഒരു കൈ തലക്ക് പുറകിലേക്ക് മടക്കിയതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു.

ചുറ്റും ജനക്കൂട്ടം ഉണ്ടായിരുന്നെങ്കിലും അവരാരും തന്നെ സഹായത്തിന് വന്നില്ല എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവര്‍ സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. തുടര്‍ന്ന് താഴെ വീണ അമാസിനോട് എഴുന്നെല്‍ക്കരുതെന്ന് കോണ്‍സ്റ്റബിള്‍ മാഴ്‌സ്‌ഡെന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് കൂട്ടാക്കാതെ അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു മുഖത്ത് ചവിട്ടിയതെന്നും മാഴ്‌സ്‌ഡെന്‍ പറഞ്ഞു. പ്രതികാര ചിന്തയോടെയാണോ ചവിട്ടിയത് എന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.