- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ തീരത്തുനിന്ന് 135 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍; 'വാന്‍ഹായ് 503' കപ്പല്‍ ഇപ്പോഴും പകഞ്ഞു തന്നെയെന്ന് റിപ്പോര്‍ട്ട്; ഇനി തീ ഉയര്‍ന്നാല്‍ പൊട്ടിത്തെറിക്കുള്ള സാധ്യത ഏറെ; ജല ബോംബ് ആശങ്ക തുടരുന്നു
കൊച്ചി: 'വാന്‍ഹായ് 503' കപ്പല്‍ ഇപ്പോഴും പകഞ്ഞു തന്നെയെന്ന് റിപ്പോര്‍ട്ട്. പ്രത്യക്ഷത്തില്‍ തീ കാണാനില്ലെങ്കിലും പല ഭാഗത്തുനിന്നും പുക ഉയരുന്നുണ്ട്. ഇന്ത്യന്‍ തീരത്തുനിന്ന് 135 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍. വീണ്ടും തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തണുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനി.കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്‍ജിന്‍മുറിയില്‍ കയറിയ വെള്ളം വറ്റിക്കുന്നതും പുരോഗമിക്കുകയാണ്. ഇനി തീ ഉയര്‍ന്നാല്‍ കപ്പല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത ഏറെയാണ്.
തീ അണയ്ക്കുന്ന രാസമിശ്രിതം തീയുടെ ഉറവിടത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നില്ല. ശക്തമായ തീയില്‍ കണ്ടെയ്നറുകള്‍ പലതിനും രൂപമാറ്റവും സ്ഥാനചലനവും വന്നുവെന്നാണ് റിപ്പോര്‍ട്ട്. അഡ്വാന്റിസ് വിര്‍ഗോ, എസ്സിഐ പന്ന, വാട്ടര്‍ലില്ലി ടഗ്ഗുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്ളത്. ഇന്ധനടാങ്കുകള്‍ക്ക് സമീപത്തെ നാലാംനമ്പര്‍ അറയിലെ താപനില താഴ്ത്താന്‍ സാധിച്ചിട്ടില്ല. ഇത് തീ പിടിത്തം ഇനിയും ഉണ്ടാക്കിയേക്കും. ഇന്ധനടാങ്കുകളില്‍ 2000 ടണ്‍ ഹെവി ഓയിലും 300 ടണ്‍ ഡീസല്‍ ഓയിലുമാണുള്ളത്.
എന്‍ജിന്‍ മുറിയിലെ വെള്ളം നീക്കി കപ്പലിന് സ്ഥിരത നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ ഭാഗങ്ങളില്‍നിന്ന് ഇപ്പോഴും ചെറിയ അളവില്‍ തീയും പുകയും ഉയരുന്നുണ്ട്. ചരക്കുകളും പുകയുകയാണ്. എന്നാലും സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍. ഇന്ധന ടാങ്കുകളിലേക്കും ഇതിനുസമീപത്തെ നാലും അഞ്ചും അറകള്‍ക്കുള്ളിലേക്കും തീ വ്യാപിക്കാതിരിക്കാനും ശ്രദ്ധിക്കുന്നു.
തീയും പുകയും പൂര്‍ണമായി ഇല്ലാതാക്കിയാലേ കപ്പല്‍ അടുപ്പിക്കുന്നതിന് തുറമുഖ അധികൃതരില്‍നിന്ന് അനുകൂലപ്രതികരണമുണ്ടാകൂ. എന്നാല്‍, ഇതുവരെ ഒരു തുറമുഖവും വാന്‍ഹായ് കപ്പല്‍ അടുപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. തീ പൂര്‍ണമായി അണച്ച ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്ന കാര്യം ഇതോടെ അനിശ്ചിതത്വത്തിലായി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏതെങ്കിലും തുറമുഖത്തേക്ക് കപ്പലിനെ മാറ്റുന്നതിനെക്കുറിച്ചാണ് ഡിജി ഷിപ്പിങ് ഇപ്പോള്‍ ആലോചിക്കുന്നത്.
കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉള്ളതായാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ കണ്ടെത്തല്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നത് ഇതു മൂലമാണെന്നാണ് അവരുടെ നിഗമനം. വാന്‍ ഹായ് കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു.