ബെർലിൻ: പാതിരാത്രി ചെങ്കടലിന് മുകളിലൂടെ 20,000 അടിയിൽ പറന്ന നിരീക്ഷണ വിമാനത്തിന് ഭീഷണിയായി ലേസർ ലൈറ്റ് പ്രയോഗം. താഴെ നിന്നും പെട്ടെന്ന് ഭീതി വിതച്ച് ഭീമൻ വെളിച്ചം പതിച്ചപ്പോഴേക്കും പൈലറ്റിന്റെ കണ്ണിൽ ഇരുട്ടുകയറി. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്. ജർമ്മനിയുടെ നിരീക്ഷണ വിമാനത്തിന് നേരെയാണ് ലേസർ പ്രയോഗം നടന്നിരിക്കുന്നത്. കുബുദ്ധിക്ക് പിന്നിൽ ചൈനയെന്നാണ് ജർമ്മനി ആരോപിക്കുന്നത്.

ചെങ്കടലിൽ ചൈനീസ് സൈനിക കപ്പൽ ജർമ്മൻ നിരീക്ഷണ വിമാനത്തെ ലേസർ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ജർമനിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ, ബെർലിനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തുകയും ചെയ്തു. യെമനിലെ ഹൂതി വിമതരുടെ ഭീഷണിയിൽ നിന്ന് സിവിലിയൻ കപ്പലുകളെ സംരക്ഷിക്കുന്ന യൂറോപ്യൻ യൂണിയൻ നേതൃത്വത്തിലുള്ള ആസ്പൈഡ്സ് ദൗത്യത്തിന്റെ ഭാഗമായിരുന്നു വിമാനത്തിന്റെ നിരീക്ഷണം.

ബെർലിനിലെ ചൈനീസ് എംബസിയും ചൈനയുടെ വിദേശകാര്യ മന്ത്രാലയവും മൗനം പാലിക്കുകയാണ്. ‌‌ഈ മാസം ആദ്യമാണ് സംഭവമുണ്ടായത്. ചൈനീസ് യുദ്ധക്കപ്പലിൽ നിന്ന് ലേസർ നടന്നതായി ജർമ്മൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. ഈ പ്രദേശത്ത് നിരവധി തവണ ഇത്തരത്തിൽ ആക്രമണം നടന്നിട്ടുണ്ടെന്ന് എപി റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ, വിമാനം ദൗത്യം നിർത്തിവച്ച് ജിബൂട്ടിയിലെ അതിന്റെ താവളത്തിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.

യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിലുള്ള ആസ്പിഡസ് (ASPIDES) ദൗത്യം, ചെങ്കടൽ, ഏദൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ, വ്യാപാര കപ്പലുകളെ സംരക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും സൈനിക ലക്ഷ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.