- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിരക്ക് കുറഞ്ഞ വിമാനയാത്രയൊരുക്കുന്ന കമ്പനികളില്‍ ഏറ്റവും മികച്ചത് എയര്‍ ഏഷ്യ; സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്‌കൂട്ട് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയുടെ സ്വന്തം ഇന്‍ഡിഗോ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്; ജെറ്റ് സ്റ്റാറും റയ്ന്‍ എയറും ആദ്യ പത്തിലില്ല; ലോകത്തിലെ മികച്ച പത്ത് ലോ കോസ്റ്റ് എയര്‍ലൈന്‍സുകള്‍ ഇവ
ലണ്ടന്‍: ബിസിനസ്സ് ക്ലാസ്സും ഫസ്റ്റ്ക്ലാസ്സുമായി, ആഡംബര യാത്രകള്‍ക്ക് ആധുനിക ലോകത്ത് വന്‍ വിപണി ഉള്ളപ്പോഴും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യാത്രക്കാര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുവാന്‍ തന്നെയാണ്. ഭൂമിയുടെ വൈവിധ്യം ആവോളം ആസ്വദിക്കുവാന്‍ വിപുലമായ യാത്രകളില്‍ ഏര്‍പ്പെടുമ്പോഴും, പണം ബുദ്ധിപൂര്‍വ്വം ചെലവഴിക്കാന്‍ ഇവര്‍ താത്പര്യം കാണിക്കുന്നു. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യുമ്പോഴും, സുരക്ഷ, വൃത്തി, മറ്റിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി, സമയ കൃത്യത എന്നിവയും യാത്രക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. യാത്രക്കാരുടെ പരിഗണനകളും, മുന്‍ഗണനകളും വിശദമായി പഠിച്ചും, അവരുടെ യാത്രാനുഭവങ്ങള്‍ വിലയിരുത്തിയും സ്‌കൈട്രാക്സ്, 2025 ലെ ഏറ്റവും മികച്ച ലോ- കോസ്റ്റ് വിമാനക്കമ്പനികളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് എയര്‍ഏഷ്യ (എ. കെ.) ആണ്. കംബോഡിയ, ഇന്‍ഡോനേഷ്യ, ഫിലിപൈന്‍സ്, തായ്ലാന്‍ഡ് തുടങ്ങിയ സബ്‌സിഡിയറികളോടു കൂടി എയര്‍ ഏഷ്യ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോ കോസ്റ്റ് വിമാനക്കമ്പനികളില്‍ ഒന്നാണ്. ഈ വര്‍ഷം ഇതുവരെ 70 മില്യന്‍ യാത്രക്കാരാണ് ഇവരുടെ സേവനം ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകല്‍ നല്‍കുന്നു എന്നതിനു പുറമെ, ലോകത്തില്‍ ഏറ്റവു അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ചില രാജ്യങ്ങളിലേക്ക് ഇവര്‍ സര്‍വ്വീസ് നടത്തുന്നുമുണ്ട്. മികച്ച കണക്റ്റിവിറ്റിയാണ് ഇവര്‍ക്കുള്ളത്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ട് (ടി ആര്‍) പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കൊപ്പം, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുഖമുദ്രയായ മികച്ച യാത്രാനുഭവവും ഇവര്‍ നല്‍കുന്നു. ഭൂമിയില്‍ നിന്നും 35,000 അടി മുകളിലും സ്വന്തം വീട്ടിലെന്നതുപോലുള്ള ഒരു അനുഭവമാണ് ഇവര്‍ നല്‍കുന്നത്. സിംഗപ്പൂരില്‍ നിന്നും ഏഷ്യയിലെ എല്ലാ നഗരങ്ങളിലേക്കും, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും ഇവര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മികച്ച നിലവാരമുള്ള ഭക്ഷണമാണ് ഇതില്‍ നല്‍കുന്നത്.
ലോകത്തിലെ തന്നെ അതിവേഗം വളരുന്ന വിമാനക്കമ്പനികളില്‍ ഒന്നായ, ഇന്ത്യയുടെ സ്വന്തം ഇന്‍ഡിഗോ എയര്‍ലൈന്‍സ് (6ഇ) ആണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഓരോ ദിവസവും 2000 ല്‍ ഏറെ സര്‍വ്വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാത്ത യാത്രാ അനുഭവമാണ് നല്‍കുന്നത്. അതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങളിലേക്കും സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. അടുത്തിടെ ഇവര്‍ യൂറോപ്പിലേക്കും സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
എക്കോണമി ക്ലാസ്സിലെ മികച്ച സീറ്റുകള്‍, ഏറെ സൗകര്യപ്രദമായ ബിസിനസ്സ് ക്ലാസ് എന്നിവയൊക്കെ ഇന്‍ഡിഗോയെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ഇന്ത്യയില്‍ വിപുലമായ നെറ്റ്വര്‍ക്കാണ് ഇന്‍ഡിഗോയ്ക്കുള്ളത്. സമയ കൃത്യതയുടെ കാര്യത്തില്‍ മികച്ച നിലയിലുള്ള കമ്പനി, ഭേദപ്പെട്ട വിലയ്ക്ക് നിലവാരമുള്ള ഭക്ഷണവും നല്‍കുന്നുണ്ട്. ഇപ്പോള്‍, ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിച്ചതോടെ അടുത്ത വര്‍ഷം ഇന്‍ഡിഗോ സ്‌കൂട്ടിനെ മറികടന്നേക്കും എന്നാണ് ഈ രംഗത്തുള്ള വിദഗ്ധര്‍ കരുതുന്നത്.
ലുഫ്താന്‍സ ഗ്രൂപ്പിന്റെ യൂറോവിംഗ്‌സ് (ഇ ഡബ്ല്യു) യൂറോപ്പിലെ 150 ല്‍ അധികം ഇടങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റി നല്‍കി നാലാം സ്ഥാനത്ത് എത്തിയപ്പോള്‍, ബാഴ്സിലോണീയ ആസ്ഥാനമായുള്ള വ്യൂലിംഗ് എയര്‍ലൈന്‍സ് (വി വൈ) അഞ്ചാം സ്ഥാനത്തെത്തി. ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഐബെരിയ എന്നിവയ്ക്കൊപ്പം ഇവരും ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പില്‍ അംഗമാണ്. സ്പെയിനില്‍ നിന്നുള്ള വൊളോടീയാണ് ലിസ്റ്റില്‍ ആറാം സ്ഥാനത്ത്. മികച്ച ലോ - കോസ്റ്റ് എയര്‍ലൈനുകളുടെ ആദ്യ പത്തില്‍ ഇടം പിടിച്ച രണ്ടാമത്തെ സ്പാനിഷ് കമ്പനിയാണിത്.
എയര്‍ ഫ്രാന്‍സ് - കെ എല്‍ എം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രാന്‍സേവിയ ഫ്രാന്‍സ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് എത്തിയപ്പോള്‍, മറ്റൊരു സ്പാനിഷ് കമ്പനിയായ ഐബീരിയയുടെ ഉടമസ്ഥതയിലുള്ള ഐബെരിയ എക്സ്പ്രസ്സ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഗള്‍ഫ് മേഖലയില്‍ നിന്നും ഈ പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു വിമാനക്കമ്പനിയായ ഫ്‌ലൈനാസ് ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ്. ലിസ്റ്റില്‍ ഇടം പിടിച്ച ഏക ബ്രിട്ടീഷ് വിമാനക്കമ്പനി ഈസി ജെറ്റ് ആണ്. പത്താം സ്ഥാനത്താണ് ഇതുള്ളത്.