ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വാഹനമിടിച്ച് മരിച്ച ലോകത്തെ ഏറ്റവും പ്രായമേറിയ മാരത്താണ്‍ ഓട്ടക്കാരനായ ഫൗജസിംഗ് ജീവിതത്തിന്റെ അവസാന ദിവസങ്ങള്‍ ചെലവഴിക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഈ പ്രായത്തില്‍ ഒരപകട മരണമായിരിക്കും തന്നെ കാത്തിരിക്കുക എന്ന് അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിരുന്നിരിക്കില്ല. 114 വയസായിരുന്നു അദ്ദേഹത്തിന്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഫൗജ സിങ്ങിനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി.. ഫൗജ സിങ്ങിന്റെ ആദ്യ മാരത്തണ്‍ മത്സരം 89-ാം വയസ്സിലായിരുന്നു. 2013-ല്‍ നടന്ന ഹോങ്കോങ് മാരത്തണായിരുന്നു അവസാന മത്സരം. നൂറ് വയസ് കഴിഞ്ഞിട്ടും കായിക ലോകത്ത് ഒരു പക്ഷെ ഏറ്റവുമധികം പുരസ്‌ക്കാരങ്ങള്‍ നേടിയ വ്യക്തിയും ഫൗജ സിംഗ് ആയിരിക്കും.

രണ്ടായിരത്തിനും രണ്ടായിരത്ത് പതിമൂന്നിനും ഇടയില്‍ അദ്ദേഹം ഒമ്പത് മാരത്താണുകളില്‍ പങ്കെടുത്തിരുന്നു. ലണ്ടനിലെ ഇല്‍ഫോര്‍ഡിലുള്ള സിഖ്സ് ഇന്‍ ദി സിറ്റി എന്നന ചാരിറ്റി സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഫൗജസിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അസാധാരണമായ ദൃഢനിശ്ചയമുള്ള കായികതാരം എന്നാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജലന്ധറിനടുത്തുള്ള ജന്മഗ്രാമമായ ബിയാസ് പിന്റില്‍ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച അദ്ദേഹത്തെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തിയത്. ഈ പ്രായത്തിലും അദ്ദേഹം നിരവധി കിലോമീറ്ററുകളാണ് നടക്കുമായിരുന്നത്. കാലുകള്‍ ശക്തമാക്കാനാണ് ഇപ്പോഴും സ്വന്തം ഗ്രാമത്തില്‍ പോകുന്നതെന്നാണ് ഫൗജസിംഗ് പറയുമായിരുന്നത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ദീപശിഖ ഏന്തിയത് അദ്ദേഹമായിരുന്നു. 2011 ല്‍ ടൊറന്റോയില്‍ നടന്ന ടൊറന്റോയില്‍ ഫുള്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയതും ഫൗജസിംഗിന്റെ ജീവിതത്തിലെ സുവര്‍ണ അധ്യായമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ എന്ന അദ്ദേഹത്തിന്റെ അവകാശവാദം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ചില്ല. കാരണം അദ്ദേഹത്തിന് 1911 ലെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. എന്നാല്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ജനനത്തീയതി 1911 ഏപ്രില്‍ 1 ആണെന്ന് കാണിച്ചിരുന്നുവെന്നും, നൂറാം ജന്മദിനത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിയുടെ ഒരു കത്ത് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ബിബിസി അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഫൗജസിംഗ് ജനിച്ച സമയത്ത് ഇന്ത്യയില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പതിവ് ഇല്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുട്ടിക്കാലത്ത് അഞ്ച് വയസ് വരെ ശരിയായി നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 1990 കളുടെ തുടക്കത്തിലാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. അതിനിടയില്‍ ഇന്ത്യയില്‍ ഒരിക്കല്‍ മടങ്ങിയെത്തിയപ്പോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഒരു മകന്‍ അപകടത്തില്‍ മരിച്ചത്. മകനെ സംസ്‌ക്കരിച്ച സ്ഥലത്തിന് സമീപം ഫൗജാസിംഗ് മണിക്കൂറുകളോളം ഇരിക്കുമായിരുന്നു എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. തലപ്പാവ് വെച്ച ടോര്‍ണാഡോ ചുഴലിക്കാറ്റ് എന്നാണ് അദ്ദേഹത്തെ കായികലോകത്ത് വിളിച്ചിരുന്നത്. ലോകപ്രശസ്തമായ അഡ്ഡിഡാസ് കമ്പനി അവരുടെ പരസ്യ ക്യാമ്പയിനില്‍ ബോക്സിംഗ് ഇതിഹാസം മുഹമ്മദലിക്കൊപ്പം ഫൗജാ സിംഗും പങ്കെടുത്തിരുന്നു.

ദുഖം മറക്കാന്‍ നടന്നുതുടങ്ങിയ ഒരു മനുഷ്യന്‍ ലോകത്തെ അമ്പരപ്പിച്ച മാരത്തണ്‍ ഓട്ടക്കാരനായ കഥയാണ് ഫൗജ സിങിന്റേത്. ഭാര്യയും മകനും മരിച്ച സങ്കടത്തില്‍ 89-ാം വയസ്സില്‍ ഓടിത്തുടങ്ങി. ഒടുവില്‍ ലോകത്തെ പ്രായംകൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ എന്ന വിശേഷണം കിട്ടി. തിങ്കളാഴ്ച 114-ാം വയസ്സില്‍ ജലന്തറിലെ ബിയാസ് പിന്ദ് ഗ്രാമത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനമിടിച്ച് മരിക്കുമ്പോഴേക്കും ഫൗജ മാരത്തണ്‍ ഇതിഹാസമായി മാറിയിരുന്നു. ഖുശ്വന്ത് സിങ് എഴുതിയ 'തലപ്പാവ് അണിഞ്ഞ ചുഴലിക്കാറ്റ്' എന്ന ജീവചരിത്രം വിഖ്യാതമാണ്.

1911 ല്‍ പഞ്ചാബിലെ ജലന്തറിലാണ് ജനനം. അഞ്ചുവയസ്സുവരെ നടക്കാന്‍ പ്രയാസമായിരുന്നു. ബാല്യത്തില്‍ പല ചികിത്സകളും വേണ്ടിവന്നു. കര്‍ഷകനായിരുന്ന ഫൗജ ചെറുപ്പകാലത്തൊന്നും സ്പോര്‍ട്സില്‍ ശ്രദ്ധിച്ചിരുന്നില്ല. ഭാര്യ ഗിയാന്‍ കൗര്‍ മരിച്ചതോടെ 1992ല്‍ ഇംഗ്ലണ്ടിലേക്ക് പോയി. രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ മകനായ കുല്‍ദീപും മരിച്ചു. വിടാതെ പിന്തുടരുന്ന ദുഃഖം മറക്കാന്‍ പാര്‍ക്കിലൂടെയും തെരുവുകളിലൂടെയും നടക്കാന്‍ തുടങ്ങി. പതിയെ ഓട്ടത്തിലേക്ക് ചുവടുമാറ്റി.

ഏകാന്തതയും സങ്കടവും മാറാനുള്ള മരുന്നായിരുന്നു ഫൗജയ്ക്ക് മാരത്തണ്‍. ഹര്‍മാന്ദര്‍ സിങ്ങെന്ന പരിശീലകനുകീഴില്‍ പരിശീലനം ആരംഭിച്ചതോടെയാണ് മാരത്തണ്‍ കാര്യമാക്കിയത്. 2001ല്‍ ലണ്ടന്‍ മാരത്തണിലായിരുന്നു അരങ്ങേറ്റം. 42.2 കിലോമീറ്റര്‍ ആറ് മണിക്കൂറും 54 മിനിറ്റുംകൊണ്ട് അവസാനിപ്പിച്ചു. നൂറാം വയസ്സില്‍ ടോറന്റോ വാട്ടര്‍ഫ്രണ്ട് മാരത്തണില്‍ പങ്കെടുത്ത് മത്സരം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ പ്രായമേറിയ അത്ലീറ്റായി.

2012ല്‍ ലണ്ടനിലായിരുന്നു അവസാന മാരത്തണ്‍. 11 വര്‍ഷത്തിനുള്ളില്‍ ഒമ്പത് മാരത്തണില്‍ പൂര്‍ണമായും പങ്കാളിയായി. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ദീപശിഖയേന്തിയ ഫൗജയ്ക്ക് ബ്രിട്ടീഷ് എംമ്പയര്‍ മെഡലും ലഭിച്ചിട്ടുണ്ട്.