കൊല്ലം: തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍. ചെരുപ്പെടുക്കാനായി മുകളില്‍ കയറി ചെന്നപ്പോള്‍ കാല്‍ തെന്നിപ്പോയതോടെയാണ് ഷോക്കേറ്റതെന്ന് ദൃക്‌സാക്ഷിയായ നാട്ടുകാരന്‍ പറഞ്ഞു. ഉടനെ ലൈനില്‍ രണ്ട് കൈ കൊണ്ട് പിടിച്ചപ്പോള്‍ കാല് മടങ്ങി മുകളില്‍ പോയി. ഇവനെന്തോ വേല കാണിക്കുകയാണെന്നാണ് താഴെ നിന്ന സഹപാഠികള്‍ വിചാരിച്ചത്. കൈ വൈദ്യുതി ലൈനില്‍ തട്ടി പോവുകയായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. പത്ത് മിനുറ്റോളം അങ്ങനെ കിടന്നു. പിന്നീട് അധ്യാപകരാണ് ബെഞ്ച് വെച്ച് തട്ടിയിട്ടത്. അന്നേരം തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. അപ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മിഥുന്‍ പഠനത്തിനെത്തിയിട്ട് ഒരു മാസം മാത്രമെ ആയിട്ടുള്ളു. പടിഞ്ഞാറേ കല്ലട വലിയപടം വിളന്തറ ക്ഷേത്രത്തിന് അടുത്താണ് മിഥുന്റെ വീട്. പട്ടുകടവ് സ്‌കൂളില്‍നിന്ന് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ഈ അധ്യയന വര്‍ഷമാണ് മാറിയത്. ഹൈസ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. സ്‌കൂളില്‍ കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് കയറുമ്പോള്‍ കാല്‍ തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.

സാധാരണ സ്‌കൂള്‍ ബസിലാണ് മിഥുന്‍ സ്‌കൂളിലേക്ക് പോകുന്നത്. എന്നാല്‍ ഇന്ന് പിതാവ് മനുവാണ് മിഥുനെ സ്‌കൂട്ടറില്‍ സ്‌കൂളില്‍ എത്തിച്ചത്. അമ്മ സുജ കുവൈറ്റില്‍ ഹോം നഴ്‌സായി ജോലിക്ക് പോയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. സുജ രാവിലെ ഫോണില്‍ വിളിച്ച് മനുവിനോടും മിഥുനോടും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സ്‌കൂളിലേക്ക് പോയത്. അപകടം നടന്നയുടനെ പഞ്ചായത്ത് അംഗം ശിവരാജന് വിവരം ലഭിച്ചു. മനുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴേക്കും മിഥുന്‍ മരിച്ചു. കുവൈറ്റില്‍ സുജ ജോലി ചെയ്യുന്ന കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. സുജയെയും ഒപ്പം കൂട്ടി.

കൂലിപ്പണിക്കാരനായ മനോജിന് രണ്ട് മക്കളാണുള്ളത്. ഇളയ മകന്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. നാല് മാസമായിട്ടേയുള്ള ഇവരുടെ അമ്മ വിദേശത്തേക്ക് പോയിട്ട്. അമ്മയോട് ഇതുവരെ വിവരം പറഞ്ഞിട്ടില്ലെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. വീട്ടുജോലിക്കായിട്ടാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. രാവിലെ മനോജ് മകനെയും കൂട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ടെന്ന് നാട്ടുകാരില്‍ പലരും പറയുന്നു. പിന്നീട് അറിഞ്ഞത് ദുരന്തവാര്‍ത്തയാണ്. നല്ലൊരു കിടപ്പാടം പോലും ഇവര്‍ക്കില്ല. വീടിന്റെ ദാരിദ്രാവസ്ഥയെ തുടര്‍ന്നാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. പുതിയ വീട് നിര്‍മിക്കാന്‍ ലൈഫ് പദ്ധതിയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല.

മകനെ രാവിലെ സ്‌കൂളില്‍ കൊണ്ടുവിട്ടിട്ട് പോന്നതാണെന്നും പിന്നെ തനിക്കൊന്നും അറിയില്ലെന്നും നെഞ്ച്‌പൊട്ടി പറയുകയാണ് മിഥുന്റെ അച്ഛന്‍ മനോജ്. 'വൈകിട്ട് ചെരുപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് പോയതാണ്. അവനെ വിട്ട് തിരികെ വീട്ടിലേക്ക് എത്തി കുറച്ച് കഴിഞ്ഞാണ് ആള്‍ക്കാര് എന്നെ വിളിക്കുന്നത്. പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് ചെല്ലാന്‍ പറഞ്ഞു. എനിക്കത്രയേ അറിയത്തുള്ളൂ. അതില്‍ക്കൂടുതലൊന്നും അറിയില്ല. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു.' പൊട്ടിക്കരഞ്ഞുകൊണ്ട് മനോജിന്റെ വാക്കുകളിങ്ങനെ. മകനെ നഷ്ടപ്പെട്ട വേദനയില്‍ പൊട്ടിക്കരഞ്ഞ മനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വലഞ്ഞു.

അതേ സമയം മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌കൂള്‍ കെട്ടിടത്തിലെ ജനാല വഴി മിഥുന്‍ സൈക്കിള്‍ ഷെഡിനു മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. തെന്നിവീഴാന്‍ ഒരുങ്ങിയ സമയത്ത് വൈദ്യുത കമ്പിയില്‍ പിടിച്ചതിനു പിന്നാലെയാണ് മിഥുന് ഷോക്കേല്‍ക്കുന്നത്. തുടര്‍ന്ന് വൈദ്യുത ലൈനുകള്‍ക്ക് മുകളിലേക്ക് വീണു. വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് ഇരുമ്പ് ഷീറ്റുകളിട്ട സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചിരുന്നു.

ഈ ഷെഡിന്റെ മുകളിലേക്ക് വീണ ചെരുപ്പ് എടുക്കാനായി കയറിയതായിരുന്നു മിഥുന്‍. കാല്‍ തെന്നിപ്പോയപ്പോള്‍ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.