ബാഗ്ദാദ്: ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു.11 പേരെ കാണാതായി. കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആറ് നില കെട്ടിടത്തിലായിരുന്നു തീപിടിത്തം. എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തം ആരംഭിച്ചതെന്ന് അതിജീവിച്ച ഒരാള്‍ പറഞ്ഞു.

തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിട ഉടമയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണറെ ഉദ്ധരിച്ച് ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

60 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരു മൃതദേഹം പൂര്‍ണമായി കത്തികരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധമുട്ടാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. തിരക്കേറിയ സമയത്താണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായസമയം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 200-ഓളം പേരുണ്ടായിരുന്നെന്നാണ് ഔദ്യോഗീക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

വാസിത് ഗവര്‍ണറേറ്റിലെ മാളിലുണ്ടായ തീപിടുത്തത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും കെട്ടിടത്തിനുള്ളില്‍നിന്ന് 45 പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തിരിച്ചറിഞ്ഞ 60 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്- രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഒരാഴ്ച്ച മുമ്പ് മാത്രമാണ് മാള്‍ തുറന്നത്. മാളില്‍ റെസ്റ്റോറന്റും സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ അത്താഴം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സമയത്താണ് തീപിടിത്തം. അഗ്‌നിശമന സേനാംഗങ്ങള്‍ ഒട്ടേറെ പേരെ രക്ഷപ്പെടുത്തി.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആരംഭിച്ച തീപിടുത്തം അതിവേഗം വ്യാപിക്കുകയായിരുന്നു. മുഴുവന്‍ ബ്ലോക്കും കത്തിനശിച്ചതായി റിപ്പോര്‍ട്ടുണ്ട്, തീയും പുകയും ബ്ലോക്ക് വിഴുങ്ങുന്നത് കാണിക്കുന്ന ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭയാനകമായ ദൃശ്യങ്ങളില്‍ കെട്ടിടത്തിന് മുകളില്‍ തീ പടരുമ്പോള്‍ മേല്‍ക്കൂരയില്‍ ആളുകള്‍ നില്‍ക്കുന്നതായി കാണിക്കുന്നു. അവരെ രക്ഷപ്പെടുത്തിയോ എന്ന് വ്യക്തമല്ല.

അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടത്തില്‍ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 4 മണി വരെ ആംബുലന്‍സുകള്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അറിയിച്ചു. മരിച്ചവരില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് പറയപ്പെടുന്നു.

'ദാരുണമായ തീപിടുത്തത്തില്‍ 61 നിരപരാധികളുടെ ജീവന്‍ അപഹരിച്ചു, അവരില്‍ ഭൂരിഭാഗവും കുളിമുറിയില്‍ ശ്വാസംമുട്ടി മരിച്ചു, അവരില്‍ 14 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.' രാവിലെ ഇറാഖിന്റെ ആഭ്യന്തര മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു

സുരക്ഷാ നിയന്ത്രണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന രാജ്യത്ത് ഇത് ഏറ്റവും പുതിയ ദുരന്തമാണ്. ബാഗ്ദാദില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ (100 മൈല്‍) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് അപകടം ഉണ്ടായത്. മാള്‍ അഞ്ച് ദിവസം മുമ്പ് മാത്രമേ തുറന്നിരുന്നുള്ളൂവെന്നും പ്രവിശ്യയിലെ ഫോറന്‍സിക് വകുപ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടതായും എഎഫ്പി ലേഖകന്‍ പറഞ്ഞു.